ഒടിപ്രയോഗം എന്നത് ശത്രുവിനെ നിഗ്രഹിക്കുകയോ നിശ്ശബ്ദനാക്കുകയോ ചെയ്യുവാൻ പണ്ടുകാലങ്ങളില്‍ കൂടുതലായി പ്രചരിച്ചിരുന്ന ഒരു ആഭിചാര ക്രിയയാണ് മന്ത്രസിദ്ധികൊണ്ട് രൂപം മാറാന്‍ ഓടിയന്മാര്‍ക്ക് കഴിയും. അത്തരം ഒരു ഒടിയന്റെ ജീവിതവുമായി മോഹന്‍ലാല്‍ ചിത്രം ഒരുങ്ങുകയാണ്. വലിയ കാൻവാസിൽ ഒരുക്കുന്ന ആചിത്രത്തിൽ ഒടിയനായി ലാലേട്ടൻ!! കഥയും തിരക്കഥയും ഒരുക്കുന്നത് ദേശീയ പുരസ്കാര ജേതാവായ ഹരികൃഷ്ണൻ . സംവിധാനം ശ്രീകുമാർ . പ്രകാശ് രാജ്, മഞ്ജൂ വാര്യർ. നിർമ്മാണം ആന്റണി പെരുമ്പാവൂർ അങ്ങിനെ മികച്ച ഒരു കൂട്ടായ്മ. അത്തരം ഒരു പ്രോജക്ടിന്റെ ഭാഗമാകുവാൻ അവസരം ലഭിച്ചപ്പോൾ വലിയ സന്തോഷം തോന്നിയെന്നു നടി ശ്രീയ രമേഷ്. ഓടിയനില്‍ അഭിനയിക്കുന്നതിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് നടി ശ്രീയ രമേഷ്.
ശ്രിയയുടെ വാക്കുകള്‍ ഇങ്ങനെ; ”കഥകളിൽ ഡ്രാക്കുളയെയും യക്ഷികളേയും ഗന്ധർവ്വന്മാരെയും കുറിച്ച് വായിച്ചിട്ടുണ്ട്. പത്മരാജൻ സാറിന്റെ ഞാൻ ഗന്ധർവ്വൻ എന്ന എനിക്കേറെ പ്രിയപ്പെട്ട സിനിമ ഗന്ധർവ്വനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഇടയാക്കി. ഗന്ധർവ്വൻ സുന്ദരനും സൗമ്യനും കലകളിൽ അപൂർവ്വമായ കഴിവുകൾ ഉള്ള സുന്ദരനായ “ഒരാൾ” ആയി ഒടുവിൽ ഒരു വേദനയായി മനസ്സിൽ കുടിയേറി. കുറച്ച് നാൾ മുമ്പ് ഒരു യാത്രയിൽ പാലപൂത്തമണം അനുഭവിച്ചപ്പോൾ അവിടെ എവിടെയെങ്കിലും ഗന്ധർവ്വൻ ഉണ്ടാകുമോ യക്ഷിയുണ്ടാകുമോ എന്നൊക്കെ ചിന്തിച്ചു. എന്നാൽ ഒടിയനെ കുറിച്ച് അങ്ങിനെ അധികം ഒന്നും കേൾക്കുവാനോ വായിക്കുവാനൊ അവസരം ഉണ്ടായിരുന്നില്ല.
ഞാൻ ആദ്യമായി ഒടിയനെ കുറിച്ച് കേൾക്കുന്നത് വർഷങ്ങൾക്ക് മുമ്പ് ഗൾഫിൽവച്ചാണ്. പാലക്കാട്ടുകാരിയായ ഒരു സ്ത്രീയെ യാദൃശ്ചികമായി പരിചയപ്പെട്ടപ്പോൾ അവരാണ് പാലക്കാടൻ ഗ്രാമങ്ങളെയും അവിടത്തെ പൂതനും തിറയും പോലെ ഉള്ള ആചാരങ്ങളെയും ഒടിയനെ പറ്റിയും പറയുന്നത്. അവരുടെ സംഭാഷണത്തിൽ നിന്നും ഒടിയൻ ഒരു ഭീതിയായി മനസ്സിൽ കയറി.
ഒടിയൻ എന്നിൽ ഒരു ഭീതിയായി ഉള്ളിൽ കിടന്നിരുന്നു. ഷൂട്ടിംഗിനായി മലമ്പുഴയിൽ എത്തിയപ്പോൾ എന്തോ ഒരു ഭീതി എനിക്ക് അനുഭവപ്പെടുവാൻ തുടങ്ങി. പോരാത്തതിനു കാനായി കുഞ്ഞിരാമൻ സാറിന്റെ കരവിരുതിൽ തീർത്ത കൂറ്റൻ യക്ഷിയുടെ സമീപത്ത് എത്തിയപ്പോൾ ശരിക്കും ഞാനാകെ വല്ലാത്ത ഒരു അവസ്ഥ.
പ്രകശ് രാജ് സാറിന്റെ ഒപ്പം അഭിനയിക്കുമ്പോഴും മനസ്സിൽ ഒടിയപ്പേടിയായിരുന്നു. എന്നാൽ പിന്നീട് ഒടിയൻ എന്ന മനുഷ്യന്റെ ജീവിതത്തെയും മാനസികാവസ്ഥയെ പറ്റി കൂടുതൽ അറിഞ്ഞപ്പോൽ അല്പം മാറ്റം വന്നു. എങ്കിലും രാത്രിയിൽ ഇപ്പോഴും ജനാലക്കരികിൽ പോത്തിന്റെയോ മറ്റൊ രൂപത്തിൽ ഒടിയൻ ഉണ്ടാകുമോ എന്ന് ഇടക്ക് മനസ്സിൽ തോന്നാതില്ല. അന്നേരം പുതപ്പെടുത്ത് തലവഴി പുതച്ച് അർജ്ജുന്റെ പത്തു പേരുകൾ ഉരുവിട്ട് ഭഗവാനെയും പ്രാർഥിച്ച് കിടന്നുറങ്ങും.
എന്തായാലും കേട്ടതിൽ നിന്നും വായിച്ചതിൽ നിന്നും വ്യത്യസ്ഥമായി ഞാൻ ഗന്ധർവ്വനു ശേഷം ഒടിയൻ മലയാള സിനിമയിൽ മലയാളികളുടെ മനസ്സിൽ മറ്റൊരു കഥപാത്രമായി, സിനിമയായി മാറും എന്ന് തീർച്ചയാണ്.”
Post Your Comments