താരങ്ങളുടെ ജീവിതം ആരാധകര്‍ക്ക് എന്നും കൌതകമാണ്. അതുകൊണ്ട് തന്നെ അവരുടെ ആത്മകഥകള്‍ക്ക് ആസ്വാദകര്‍ ഏറെയാണ്. ജീവിതത്തിലെ ചില സംഭവങ്ങള്‍ വെളിപ്പെടുത്തുന്നതിനോപ്പം അല്പം മസാലയും ചേര്‍ത്ത് ആവിഷ്കരിക്കുന്ന ആ ഓര്‍മ്മകളുടെ പേരില്‍ പുലിവാലുപിടിച്ചിരിക്കുകയാണ് ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ധിഖി.
വിവാദമായതോടെ പുസ്തകം പിന്‍വലിച്ച് മാപ്പ് പറഞ്ഞിരിക്കുകയാണ് താരം. പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആന്‍ ഓര്‍ഡിനറി ലൈഫ്: എ മെമ്മോയര്‍ എന്ന ആത്മകഥ വിവാദത്തിലായി. തന്റെ പഴയ കാമുകിമാരായ സുനില്‍ രാജ്വാര്‍, മിസ് ലവ്ലിയിലെ സഹതാരം നിഹാരിക സിങ് എന്നിവരുമായുള്ള ബന്ധത്തെക്കുറിച്ചുള്ള സിദ്ധിഖിയുടെ തുറന്നുപറച്ചിലാണ് ആത്മകഥയ്ക്ക് വിനയായത്.
സിദ്ധിഖിയുടെ വെളിപ്പെടുത്തലുകള്‍ക്കെതിരെ ഇരുവരും ശക്തമായി രംഗത്തുവന്നിരുന്നു. സിദ്ധിഖി പറഞ്ഞതത്രയും കളവാണെന്നും ഇത് പുസ്തകം വില്‍ക്കാനുള്ള വില കുറഞ്ഞ തന്ത്രം മാത്രമാണെന്നും അവര്‍ പറഞ്ഞു. ഇത് മറ്റ് ചിലര്‍ കൂടി ഏറ്റുപിടിക്കുകയും ദേശീയ വനിതാ കമ്മീഷന്‍ സിദ്ധിഖിക്കെതിരെ കേസെടുക്കുകയും ചെയ്തു. നടി നിഹാരിക സിങ്ങിനുവേണ്ടി ഡല്‍ഹിയിലെ അഭിഭാഷകനായ ഗൗതം ഗുലാത്തിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന്‍ കേസെടുത്തത്.
ഇതിനുശേഷമാണ് സിദ്ധിഖി ട്വിറ്ററിലൂടെ പരസ്യമായി ക്ഷമാപണം നടത്തുകയും പുസ്തകം പിന്‍വലിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തത്.
ആന്‍ ഓര്‍ഡിനറി ലൈഫ് എന്ന എന്റെ ആത്മകഥയെ ചുറ്റിപ്പറ്റിയുണ്ടായ ബഹളത്തില്‍ വികാരങ്ങള്‍ വൃണപ്പെട്ട എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. ഞാന്‍ അതില്‍ ഖേദിക്കുന്നു. എന്റെ പുസ്തകം പിന്‍വലിക്കുന്നു-നവാസുദ്ദീന്‍ സിദ്ധിഖി ട്വീറ്റ് ചെയ്തു.
Post Your Comments