
മലയാള സിനിമയില്‍ ഇനി ക്രിസ്മസ് ചിത്രങ്ങളുടെ ആഘോഷമാണ്. മോളിവുഡില്‍ നായകനായി അരങ്ങേറുന്ന താരപുത്രന്‍ കാളിദാസ് ജയറാമിനു ഈ ക്രിസ്മസ് മറക്കാന്‍ കഴിയാത്ത ആഘോഷ രാവായിരിക്കും. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ‘പൂമരം’ ക്രിസ്മസ് റിലീസായി എത്തുമ്പോള്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവിന്‍റെ ചിത്രം ആദി അടുത്ത വര്‍ഷമേ പ്രദര്‍ശനത്തിനെത്തുള്ളൂ. ജനുവരിയിലാണ് ആദിയുടെ റിലീസ്.
മമ്മൂട്ടിയുടെയും,സുകുമാരന്‍റെയുമൊക്കെ മക്കള്‍ അത്ഭുതം രചിക്കുന്ന മലയാള സിനിമയിലേക്കാണ് രണ്ടു താരപുത്രന്മാര്‍ കൂടി ചുവടുറപ്പിക്കാനെത്തുന്നത്. മോഹന്‍ലാല്‍ എന്ന നടന്റെ ഫാന്‍സിന്റെ പിന്‍ബലം പ്രണവിനു കരുത്താകുമ്പോള്‍, പ്രമേയത്തിലെ വിശ്വാസ്യത മാത്രമായിരിക്കും കാളിദാസിന്റെ ശക്തി.
നായകന്മാര്‍ എന്ന നിലയില്‍ ഇവര്‍ ഇരുവരും അരങ്ങേറ്റം കുറിക്കുന്ന അവസരത്തില്‍ രണ്ടുപേരും സംസ്ഥാന-ദേശീയ പുരസ്കാരങ്ങള്‍ നേരത്തെ വീട്ടിലെത്തിച്ചവരാണ്. മേജര്‍ രവി സംവിധാനം ചെയ്ത ‘പുനര്‍ജനി’ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം പ്രണവ് സ്വന്തമാക്കിയപ്പോള്‍ ജയറാം പുത്രന്‍ ദേശീയ തലത്തിലാണ് ശ്രദ്ധിക്കപ്പെട്ടത്. സിബി മലയില്‍ സംവിധാനം ചെയ്ത ‘എന്റെ വീട് അപ്പുന്റെം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാല നടനുള്ള സംസ്ഥാന -ദേശീയ പുരസ്കാരം കാളിദാസ് സ്വന്തമാക്കി.
പൃഥ്വിരാജിനും, ദുല്‍ഖര്‍ സല്‍മാനും മുന്‍പേ സംസ്ഥാന ദേശീയ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ ഇരുവരും മുഖ്യധാര സിനിമയിലെ നായകന്‍മാരായി രംഗ പ്രവേശം ചെയ്യുമ്പോള്‍ മോളിവുഡ് സിനിമാ വിപണി കോളിവുഡ് സിനിമാ വ്യവസായ ശൈലിയുടെ വലുപ്പത്തിലേക്ക് നടന്നു കയറാനുള്ള തയ്യാറെടുപ്പിലാണ്.
മലയാള സിനിമയില്‍ അന്‍പതു കോടിയെന്ന നേട്ടം ഒടുവില്‍ ചരിത്രമല്ലാതെയാകും. താരപ്രഭയുള്ള ബിഗ്‌ബജറ്റ് സിനിമകള്‍ വീണ്ടും പെരുകും. ആയിരം പുലിമുരുകന്‍മാര്‍ ഇനിയും മോളിവുഡില്‍ അവതരിക്കും. അപ്പോഴും കലാമൂല്യമുള്ള നല്ല കൊച്ചു ചിത്രങ്ങള്‍ ഇത് വഴി സഞ്ചരിക്കുന്നുണ്ടാവും അവയും ബോക്സോഫീസില്‍ അടയാളപ്പെടുത്തേണ്ടത് നമ്മുടെ കടമയാണ്. താരപുത്രന്‍മാരുടെ വരവിനായി അക്ഷമയോടെ കാത്തിരിക്കുന്ന പ്രേക്ഷകര്‍ പൂമരവും ആദിയുമൊക്കെ ആഘോഷിക്കാന്‍ തയ്യാറായി കഴിഞ്ഞു.
Post Your Comments