മലയാളത്തിനു മികച്ച പട്ടാള സിനിമകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാല്‍- മേജര്‍ രവി ടീം. കീര്‍ത്തിചക്ര മുതല്‍ ഉള്ള ചിത്രങ്ങളുടെ വിജയം അതിനു തെളിവാണ്. എന്നാല്‍ മോഹന്‍ലാല്‍ മേജര്‍ രവിയെ പരിചയപ്പെടുന്ന സന്ദര്‍ഭത്തില്‍ തന്നെ അപമാനിച്ചുവെന്ന തോന്നല്‍ ആയിരുന്നു മേജര്‍ക്ക് ഉണ്ടായിരുന്നത്. അവരുടെ ആദ്യ കൂടിക്കാഴ്ചയില്‍ ഉണ്ടായ സംഭവം ഇങ്ങനെ …
മേജർ രവിയും മോഹൻലാലും സുഹൃത്തുക്കളാകുന്നതിനു മുമ്പ് നടന്നതാണ് സംഭവം. മേജർ രവി ചെന്നൈ എയർ പോർട്ടിൽ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്യുന്ന കാലം. എയർ പോർട്ട് ഡ്യൂട്ടി ആർമി ചട്ടക്കൂടിൽ ഉള്ള ജോലി അല്ലാത്തതിനാൽ താടി വളർത്തുന്നതിനോ മുടി വളർത്തുന്നതിനോ ഒന്നും നിയന്ത്രണമില്ലായിരുന്നു. നീട്ടിവളർത്തിയ താടിയും വലിയ മെഷീൻ ഗണ്ണുമായി നിൽക്കുന്ന മേജറിന്റെ അടുത്തേക്ക് ഒരാൾ വന്നു ചോദിച്ചു താങ്കൾ മേജർ രവിയല്ലേ? രാജീവ് ഗാന്ധി വധക്കേസിൽ പ്രതികളെ പിടിക്കാനുള്ള ഓപ്പറേഷൻ നയിച്ച ആൾ. അതെ ഞാനാണ് എനിക്ക് താങ്കളെ മനസിലായില്ല, മേജർ മറുപടി പറഞ്ഞു.
ഞാൻ സുരേഷ് ബാലാജി, ലാലിന്റെ ഭാര്യാ സഹോദരനാണ്. രാജീവ് ഗാന്ധി വാർത്തകൾ പത്രത്തിൽ വന്ന നാൾ മുതൽ താങ്കളെ ഒന്ന് പരിചയപ്പെടണമെന്ന് മോഹൻലാൽ പറയാറുണ്ട്. കാലാപാനിയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ലാൽ ഇവിടെയുണ്ട്, ജോലി കഴിഞ്ഞ് ഹോട്ടലിൽ വന്ന് അദ്ദേഹത്തെ ഒന്ന് കാണാമോ സുരേഷ് ബാലാജി ചോദിച്ചു.
അന്ന് വൈകിട്ട് മേജർ രവി ഹോട്ടലിൽ ലാലിനെ കാണാനെത്തി. മോഹൻലാൽ മേജറിനെ അകത്തേക്ക് ക്ഷണിച്ചു. എന്നാൽ ആ സമയം ലാൽ കുറച്ച് വിദേശികളുമായി സംസാരിച്ച്കൊണ്ടിരിക്കുകയായിരുന്നു മേജറിനെ ഒന്ന് ശ്രദ്ധിക്കുന്നു പോലുമില്ല. മോഹൻലാലിന്റെ ശ്രദ്ധയാകർഷിക്കാൻ പഠിച്ച പണി പതിനെട്ടും മേജർ പയറ്റി. ഒരു രക്ഷയുമില്ല, വിദേശികൾ മേജറിനെ നോക്കി എന്തൊക്കെയോ പറയുന്നുമുണ്ട്. അവസാനം മേജർ രവി അടുത്ത് ചെന്ന് മോഹൻലാലിന് ഷേക് ഹാൻഡ് കൊടുത്ത് കൊണ്ട് പറഞ്ഞു ഐ ആം രവീന്ദ്രൻ.
എന്നിട്ട് കൂടുതലൊന്നും സംസാരിക്കാതെ അപമാന ഭാരത്താൽ തല താഴ്ത്തി മേജർ അവിടെനിന്നും ഇറങ്ങി നേരേ സുരേഷ് ബാലാജിയെ പോയിക്കണ്ടു. വിളിച്ചു വരുത്തി അപമാനിക്കുന്നോ എന്ന് ചോദിച്ചു. മേജറിന്റെ വരവിൽ പന്തികേടു തോന്നിയ സുരേഷ് ബാലാജി ലാലിന് ഫോൺ ചെയ്ത് മേജർ അവിടെ വന്നോ എന്ന് ചോദിച്ചു. ലാൽ വന്നില്ല എന്ന് മറുപടിയും നൽകി. വന്നിരുന്നു ആൾ ഇപ്പോൾ എന്റെ മുറിയിൽ ഉണ്ട് എന്ന് സുരേഷ് പറഞ്ഞു. മോഹൻലാൽ വേഗം തന്നെ ഫോൺ കട്ട് ചെയ്ത് സുരേഷിന്റെ മുറിയിലേക്ക് വന്നു.
മേജർ രവിയുടെ തോളിൽ കയ്യിട്ട് ചേർത്ത് പിടിച്ചു. എന്നാൽ മേജർ വലിയ താൽപ്പര്യം കാണിക്കാതെ ലാലിന്റെ കൈ തട്ടിമാറ്റാൻ നോക്കി. ലാൽ വീണ്ടും ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു തന്നെ കണ്ടാൽ ഒരു പട്ടാളക്കരനാണെന്ന് ഒന്ന് തോന്നണ്ടേ? മേജർ തന്റെ ഐഡന്റിറ്റി കാർഡ് എടുത്ത് ലാലിനെ കാണിച്ചിട്ട് ഇതിലും വലിയൊരു തെളിവ് വേണോ എന്ന് ചോദിച്ചു. കാർഡിലെ ആർമി യൂണിഫോമിലുള്ള ഫോട്ടോ നോക്കിയിട്ട് ചിരിച്ച് കൊണ്ട് ലാൽ പറഞ്ഞു, ഈ ഫോട്ടോയിൽ കാണുന്ന ആളും താടിയും മുടിയും നീട്ടി വളർത്തി ജീൻസും ടീ ഷർട്ടും ഇട്ടു നിൽക്കുന്ന ഈ ആളിനെയും എങ്ങനെ മനസ്സിലാക്കാനാ. താൻ ഷേക് ഹാൻഡ് തന്ന സമയത്ത് രവീന്ദ്രൻ എന്ന് മാത്രം പറയാതെ റാങ്ക് കൂടി പറയാമായിരുന്നില്ലേ? മേജർ ചിരിച്ചു. സുരേഷ് ബാലാജിയും ആ ചിരിയിൽ പങ്ക് ചേർന്നു. ഒരു വലിയ സൗഹൃദം ആ ചിരിയിൽ നിന്നും തുടങ്ങുകയായിരുന്നു.
Post Your Comments