മോഹന്‍ലാലും മമ്മൂട്ടിയും മലയാള സിനിമയിലേക്കുള്ള പടവുകള്‍ കയറി വരുന്ന സമയത്തായിരുന്നു അയാള്‍ മലയാള സിനിമയുടെ യുവനിരയിലെ ശ്രദ്ധേയ സാന്നിധ്യമായി മുന്നേറി തുടങ്ങിയത്. പ്രതിഭാധനന്മാരായ ഒട്ടേറെ ഫിലിം മേക്കേഴ്സിനൊപ്പവും, രചയിതാക്കള്‍ക്കൊപ്പവും വര്‍ക്ക് ചെയ്ത അദ്ദേഹത്തിന്റെ മിക്ക സിനിമകളും പ്രദര്‍ശന ശാലകളില്‍ നിറഞ്ഞോടിയവയാണ്. എന്നിട്ടും അയാളെ ആരും സൂപ്പര്‍ താരമെന്ന് വിളിച്ചില്ല, പറഞ്ഞു വരുന്നത് മാറ്റാരെക്കുറിച്ചുമല്ല നടന്‍ വിനീതിനെ കുറിച്ചാണ്.
1985-ല്‍ ‘ഇടനിലങ്ങള്‍’ എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തിയ വിനീതിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 1986ല്‍ പുറത്തിറങ്ങിയ നഖക്ഷതങ്ങള്‍ ആണ് വിനീതിനെ മോളിവുഡിന്റെ താരമാക്കി മാറ്റിയത്. ആ വര്‍ഷം തന്നെ പുറത്തിറങ്ങിയ പത്മരാജന്‍ ചിത്രം ‘നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍’ എന്ന സിനിമയിലും വിനീത് മോഹന്‍ലാലിനൊപ്പം ശ്രദ്ധേയമായ വേഷം ചെയ്തു. ഹരിഹരന്‍ സംവിധാനം ചെയ്ത ‘സര്‍ഗ’ത്തില്‍ അഭിനയിച്ചതോടെ വിനീത് പക്വതയുള്ള നായക റോളിലേക്ക് വഴിമാറി. സര്‍ഗം ശ്രദ്ധിക്കപ്പെട്ടതോടെ പിന്നീടു നിരവധി സിനിമകളില്‍ വിനീത് നായകനായി വേഷമിട്ടു. ക്ലാസിക് ചിത്രങ്ങളില്‍ നിന്ന് കൊമേഴ്സിയല്‍ സിനിമയിലെ ഹീറോയായും വിനീത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.
1993-ല്‍ സിദ്ധിഖ് ലാല്‍ സംവിധാനം ചെയ്ത ‘കാബൂളിവാല’യിലെ ‘മുന്ന’ എന്ന കഥാപാത്രം യൂത്തന്‍മാര്‍ക്കിടയില്‍ തരംഗമായി മാറി. അതേ വര്‍ഷം പ്രഭുദേവയുടെ ‘ജെന്റില്‍ മാന്‍’ എന്ന തമിഴ് ചിത്രത്തിലും വിനീത് നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് കോളിവുഡിലും വിനീത് തേരോട്ടം തുടങ്ങി.1992 പുറത്തിറങ്ങിയ ‘ആവാരംബൂ’ ആയിരുന്നു വിനീതിന്റെ ആദ്യ തമിഴ് ചിത്രം.
എംടി-ഹരിഹരന്‍ ടീമിന്റെ ‘പരിണയ’മാണ് വിനീതിന്റെ ഏറ്റവും മികച്ച ക്ലാസ് ചിത്രം. ‘കമലദളം’ പോലെയുള്ള ചിത്രങ്ങളില്‍ തന്‍റെ നൃത്തവൈഭവവും വിനീത് കഥാപാത്രത്തോട് സംയോജിപ്പിച്ചു. ഹൈവേ, തക്ഷശില തുടങ്ങിയ ആക്ഷന്‍ ചിത്രങ്ങളിലും വിനീത് നായകനൊപ്പം നിന്ന് മത്സരിച്ചു അഭിനയിച്ചു. ‘കാതല്‍ ദേശം’ എന്ന തമിഴ് ചിത്രത്തിലെ കാര്‍ത്തിക് ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ വിനീത് തെന്നിന്ത്യന്‍ സിനിമകളിലെ തിരക്കേറിയ സൂപ്പര്‍ നായകനായി മാറി.1987-മുതല്‍ 99 വരെയും വിനീത് മലയാള സിനിമയിലെ മുന്‍നിര നായകന്‍മാരില്‍ ഒരാളായിരുന്നു വിനീത്.
നഖക്ഷതങ്ങള്‍,സര്‍ഗം,പരിണയം,അങ്ങനെ മലയാളത്തിലെ ഏറ്റവും മികച്ച ക്ലാസിക് ചിത്രങ്ങളിലെ സൂപ്പര്‍ നായകനെ അന്ന് ആരും സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിച്ചിരുന്നില്ല, സിദ്ധിഖ്-ലാലിന്റെ ‘കാബൂളിവാല’, പ്രിയദര്‍ശന്‍റെ ‘ഒരു മുത്തശ്ശിക്കഥ ‘, രാജസേനന്‍ സംവിധാനം ചെയ്ത ‘ഡാര്‍ലിംഗ് ഡാര്‍ലിംഗ്’ തുടങ്ങിയ വാണിജ്യ പ്രാധാന്യമുള്ള സിനിമകളില്‍ നായകനായി അഭിനയിച്ചിട്ടും മലയാള സിനിമാ പ്രേക്ഷകര്‍ വിനീതിനെ വേണ്ടത്ര രീതിയില്‍ അംഗീകരിച്ചിട്ടില്ല.
മലയാളത്തിലെ ഏറ്റവും മികച്ച പ്രണയ നായകനെന്ന സങ്കല്‍പ്പം കുഞ്ചാക്കോ ബോബനെപ്പോലെയുള്ള നടന്മാര്‍ക്ക് പതിച്ചു നല്‍കുമ്പോള്‍ അതിനു മുന്‍പേ ഇത് വഴി സഞ്ചരിച്ച നിഷ്കളങ്കനായ പ്രണയ നായകനായിരുന്നു മലയാളത്തിന്റെ സ്വന്തം വിനീത്. ‘സംഗീതമേ അമര സല്ലാപമേ’ എന്ന ക്ലാസിക് ഗാനത്തിനൊപ്പം മനോഹരമായ രീതിയില്‍ ചുണ്ടനക്കാനും, ‘പുത്തന്‍ പുതുക്കാലം’ എന്ന ഫാസ്റ്റ് സോംഗിനൊപ്പം ചടുലമായ നൃത്തചുവടുകള്‍ വയ്ക്കാനും കഴിഞ്ഞിരുന്ന മലയാള സിനിമയിലെ മികച്ച കലാകാരനായിരുന്നു വിനീത്.
Post Your Comments