വളരെ കുറച്ച് കാലം കൊണ്ട് തന്നെ മലയാള സിനിമ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് സ്രിന്ദ. നായികാ വേഷം തന്നെ വേണമെന്നില്ല. ഏത് ചെറിയ വേഷമാണെങ്കിലും അത് ശ്രദ്ധിക്കുന്ന കഥാപാത്രമാക്കി മാറ്റുവാന്‍ സ്രിന്ദയ്ക്ക് കഴിയും. 1983 എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ ഭാര്യയായും കുഞ്ഞി രാമായണത്തില്‍ വിനീതിനൊപ്പവും തിളങ്ങിയ നടി സിനിമാ മേഖലയില്‍ നിന്നും ഉണ്ടായ ചില ദുരനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.
സിനിമയില്‍ നിന്ന് നല്ലതും മോശവുമായ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു മാസികക്ക് നല്കുന്ന അഭിമുഖത്തില്‍ സ്രിന്ദ തുറന്ന് പറയുന്നു. പുറത്ത് നില്ക്കുന്നവര് സിനിമ വലിയ പ്രശ്നമുള്ള ഏരിയയാണെന്ന് പറയും, എന്നാല്‍ വലിയ പ്രശ്നങ്ങള്‍ തനിക്ക് ഉണ്ടായിട്ടില്ല. പിന്നെ എല്ലാവര്‍ക്കുമുണ്ടാകുന്ന ചില ചെറിയ പ്രശ്നങ്ങള്‍ തനിക്കും ഉണ്ടായിട്ടുണ്ടെന്നും സ്രിന്ദ പറയുന്നു. ”ജോലി ചെയ്തിട്ട് പൈസ ചോദിക്കുമ്പോഴുള്ള ചിലരുടെ ഒരു ആറ്റിറ്റിയൂഡ് ഉണ്ട്. ഞാന്‍ അവരുടെ അടുത്ത് നിന്ന് കടം ചോദിക്കുന്ന പോലെയാ. അവരെ വിളിക്കണം. ഹലോ ആ പൈസ ഒന്നു തരുമോ…എന്നും ചോദിച്ച്. ചിലപ്പോ ഒരു സ്ത്രീ ആയതുകൊണ്ടാവാം, അവള്‍ക്കെന്തെങ്കിലും കൊടുത്താ മതി എന്നൊരു മട്ടാണ്. സിനിമയിലെ കുറച്ച് പേരുടെ മനോഭാവം ഇങ്ങനെ”യാണെന്ന് സ്രിന്ദ പറയുന്നു.
കുഞ്ഞും വലുതുമായ വേഷങ്ങളില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടും സിനിമയിലെ ഒരു സംഘടനയിലും താന്‍ അംഗമല്ല. ‘ഞാനൊരു സംഘടനയിലും ഇല്ലാത്ത ആളാണ്. അമ്മയിലും ഡബ്ല്യുസിസിയിലും ഒന്നും. അതുകൊണ്ട് അതിനുള്ളിലെ കാര്യങ്ങള്‍ അറിയില്ല.ഫെയ്സ്ബുക്കില്‍ കണ്ടാണ് ഞാന്‍ ഡബ്യുസിസിയെ കുറിച്ച് അറിയുന്നത്. അത് ഒരു നല്ല ഇനിഷ്യേറ്റീവാണ്.” സ്ത്രീയായാലും പുരുഷനായാലും പരസ്പര ബഹുമാനം ഉണ്ടെങ്കില്‍ കുറെ പ്രശ്നങ്ങള്‍ മാറുമെന്നും സ്രിന്ദ കൂട്ടിച്ചേര്‍ക്കുന്നു.
Post Your Comments