തമിഴ് സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് സിനിമാ മേഖലയില്‍ നാല്‍പത് വര്‍ഷം പിന്നിടുകയാണ്. ഒരു സാധാരണ ബസ് കണ്ടക്ടറായിരുന്ന ശിവാജി റാവുവില്‍ നിന്നും നാല്പത് വര്‍ഷം കൊണ്ട് താന്‍ സ്റ്റൈല്‍മന്നന്‍ രാജനിയായി മാറിക്കഴിഞ്ഞു. ഇന്ത്യന്‍ സിനിമയിലെ അഭിനയ പ്രതിഭയായി മാറിയ തനിക്ക് ഇതുവരെ പൂര്‍ത്തീകരിക്കാത്ത ഒരു സ്വപ്നം കൂടിയുണ്ടെന്ന് താരം പറയുന്നു.
ദുബായില്‍ തന്റെ പുതിയ ചിത്രമായ 2.0യുടെ ഓഡിയോ ലോഞ്ചിനിടെ രജനി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമാ മേഖലയില്‍ നാല്‍പത് വര്‍ഷം പിന്നിടുമ്പോള്‍ എന്താണ് പറയാനുള്ളതെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത് . “ഈ നാല്‍പത് വര്‍ഷം എങ്ങനെ പിന്നിട്ടുവെന്ന് എനിക്ക് ഓര്‍മയില്ല. ഇപ്പോഴും വെറും 4,5 വര്‍ഷമേ ആയിട്ടുള്ളു എന്നേ എനിക്ക് തോന്നുന്നുള്ളൂ. ദൈവത്തിന്റെ കൃപയും നിങ്ങളുടെ പിന്തുണയുമില്ലായിരുന്നില്ലെങ്കില്‍ എനിക്കിവിടം വരെ എത്താന്‍ സാധിക്കില്ലായിരുന്നു. പ്രശസ്തിയും പണവും വളരെ കുറച്ച് സന്തോഷം മാത്രമേ നല്‍കൂ എന്ന് ഈ നാല്‍പത് വര്‍ഷങ്ങള്‍ എന്നെ പഠിപ്പിച്ചു. രജനികാന്ത് ആയിരിക്കാന്‍ ബുദ്ധിമുട്ടാണോ എന്ന് ആളുകള്‍ എന്നോട് ചോദിക്കുമ്പോള്‍ എനിക്കൊന്നേ അവരോട് പറയാനുണ്ടായിരുന്നുള്ളു. എന്റെ ഈശ്വരവിശ്വാസവും ദൈവകാരുണ്യവും കൊണ്ടാണ് എനിക്കത് ചെയ്യാന്‍ സാധിച്ചത്. എനിക്കൊരു സ്വപ്നമുണ്ട് ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ലാത്ത സ്വപ്നം. നോക്കാം അത് എന്തായി തീരുമെന്ന്.” – രജനികാന്ത് പറഞ്ഞു.
ജയലളിതയുടെ മരണത്തോടെ കലുഷിതമായ തമിഴ് രാഷ്ട്രീയത്തിലേയ്ക്ക് രജനി കടന്നുവരുന്നുവെന്നു വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ സ്വപ്നം എന്തെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും രാഷ്ട്രീയ പ്രവേശനമാണോ അദ്ദേഹം സൂചിപ്പിച്ചത് എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും തമിഴ് ജനതയും.
Post Your Comments