പ്രവീണ്‍.പി നായര്‍/
മോഹന്‍ലാല്‍-ബി ഉണ്ണികൃഷ്ണന് ടീം ഒന്നിക്കുന്ന നാലാമത് ചിത്രമാണ് ‘വില്ലന്‍’. പ്രമേയപരമായും, ടെക്നോളജിപരമായും പുതിയ തിയറി സീകരിക്കുമെന്ന് പ്രേക്ഷകരെ തുടക്കം മുതലേ ബോധ്യപ്പെടുത്തിയ വില്ലന്‍, പോസ്റ്ററിലും ട്രെയിലറിലുമെല്ലാം അത് വ്യക്തമാക്കിയിരുന്നു.
എല്ലാ പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലുള്ള ആക്ഷന്‍ ചിത്രമായിരിക്കും ഇതെന്നായിരുന്നു ബി. ഉണ്ണികൃഷ്ണന്റെ പ്രഖ്യാപനം. നരച്ച താടിയും, കണ്ണട ലുക്കും മോഹന്‍ലാലിന് കൂടുതല്‍ ഭംഗി നല്‍കിയിടത്ത് പ്രേക്ഷകന്റെ മനസ്സില്‍ എവിടെയോ വില്ലന്‍ റിലീസിന് മുന്‍പേ തളയ്ക്കപ്പെട്ടിരുന്നു. ബി.ഉണ്ണികൃഷ്ണന് അവസാനമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മിസ്റ്റര്‍ ഫ്രോഡ്’ എന്ന ചിത്രത്തെ പൂര്‍ണ്ണമായും മറന്നു കൊണ്ടാണ് വില്ലനെ ഓരോ പ്രേക്ഷകരും ഹൃദയത്തിലേക്ക് പ്രതിഷ്ടിച്ചത്. നല്ലൊരു തിരക്കഥയില്‍ മോഹന്‍ലാല്‍ എന്ന നടനെയോ/ അല്ലങ്കില്‍ താരത്തെയോ കരുതലോടെയും, കയ്യടക്കത്തോടെയും അവതരിപ്പിച്ചാല്‍ ബോക്സോഫീസില്‍ ചരിത്രം പിറക്കുമെന്ന് പലയാവര്‍ത്തി തെളിഞ്ഞു കഴിഞ്ഞ കാര്യമാണ്. മോഹന്‍ലാല്‍ എന്ന താരത്തെ കൂടുതല്‍ മാര്‍ക്കറ്റ് ചെയ്താണ് വില്ലനെ മലയാള സിനിമയുടെ വിപണിയിലെത്തിച്ചത്. തമിഴ് താരം വിശാലിന്റെ സാന്നിദ്ധ്യവും ചിത്രം കാണുള്ള പ്രേക്ഷക താല്പര്യം വര്‍ധിപ്പിച്ചു.
താര കേന്ദ്രീകൃതമായ സിനിമയില്‍ നിന്ന് കഥാ ആഖ്യാനത്തിലേക്ക് ശ്രദ്ധയൂന്നി അവിടെ മോഹന്‍ലാല്‍ എന്ന നടനെ പ്ലേസ് ചെയ്ത രീതിയാണ് ബി.ഉണ്ണികൃഷ്ണന് വില്ലനില്‍ സ്വീകരിച്ചത്. ചിത്രത്തെ വളരെ ലൈറ്റ് ആയി പ്രസന്റ് ചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. മാത്യൂ മാഞ്ഞൂരാന് എന്ന പോലീസ് ഉദ്യോഗസ്ഥനായി മോഹന്‍ലാലിന്റെ അച്ചടക്കത്തോടെയുള്ള വരവാണ് നമുക്ക് മുന്നില്‍ ആദ്യം കാഴ്ചയാകുന്നത്, അതിനു ശേഷം ആവശ്യത്തിനുള്ള ആക്ഷന്‍ ട്രീറ്റ്മെന്റ് ചേര്‍ത്തു മാത്യൂ മാഞ്ഞൂരാനെ വീണ്ടുമൊന്നു ഉഷാറാക്കുന്നുണ്ട് സംവിധായകന്. ചിത്രത്തിന്റെ തുടക്കം മുതല്‍ തന്നെ ക്ലീഷേ സ്വഭാവം സമ്മേളിക്കുന്ന വില്ലന്‍ ഒരവസരത്തിലും പ്രേക്ഷകനോട് ചേര്‍ന്നിരിക്കുന്നില്ല.
ഒട്ടും പ്ലാനിംഗ് ഇല്ലാതെ വളരെ വേഗം എഴുതി തീര്‍ത്ത ഒരു തിരക്കഥയാകാം ബി.ഉണ്ണികൃഷ്ണന് സ്ക്രീനിലേക്ക് പകര്‍ത്താന്‍ ശ്രമിച്ചത്, അതുമല്ലങ്കില്‍ പ്രേക്ഷകനോട് സംവദിക്കാന്‍ കഴിയുന്ന രീതിയിലുള്ള തിരക്കഥയൊരുക്കുന്നതില്‍ അദ്ദേഹത്തിലെ രചയിതാവ് പരാജയപ്പെട്ടതാവാം. ദുരൂഹ സാഹചര്യത്തില്‍ മൂന്ന് പേര് കൊല്ലപ്പെടുന്നതും, തുടര്‍ന്ന് നടക്കുന്ന അന്വേഷണങ്ങളും ഒട്ടും പുതുമയില്ലാതെ അവതരിപ്പിച്ചപ്പോള്‍ വില്ലന്‍ കണ്ടുമടുത്ത എത്രയോ കുറ്റാന്വേഷണ സിനിമകളുടെ പുനവതരണമായി മാറി. വിശാല്‍ ചെയ്ത ശക്തിവേല്‍ എന്ന കഥാപാത്രത്തിന്റെ ആഗമനം പോലും വില്ലനെ വീരനാക്കിയില്ല.
കുടുംബം നഷ്ടപ്പെട്ട വേദനയില്‍ മദ്യപിച്ച് അലസനായി നടക്കുന്ന സസ്പന്‍ഷനിലായ പോലീസ് ഉദ്യോഗസ്ഥനായിരുന്നു മെമ്മറീസിലെ പൃഥ്വി രാജ് എങ്കില്‍ അതേ സ്റ്റൈലിലുള്ള കഥാപാത്രമാണ് എഡിജിപിയായ മാത്യൂ മാഞ്ഞൂരാനും, ഇവിടെ മദ്യപാന സ്വഭാവത്തിന് മാത്രമാണ് മോചനം. നടന്നിരിക്കുന്ന കൊലപാതകത്തിന്റെ ഗൗരവം മനസിലാക്കി വീണ്ടും കേസ് അന്വേഷണത്തിലേക്ക് തിരികെയെത്തുന്ന മാത്യൂ മാഞ്ഞൂരാന് മെമ്മറിസീലെ പ്രിഥ്വിരാജ് കഥാപാത്രത്തെയാണ് പലപ്പോഴും ഓര്‍മ്മിപ്പിച്ചത്.
ഫിലോസഫി പെരുകുന്ന ആദ്യപകുതിയും, പ്രേക്ഷകരെ ആകാംഷയിലേക്ക് തള്ളിവിടാനായി ശ്രമം നടത്തുന്ന ക്ലീഷേ സ്വഭാവങ്ങളും കെട്ടഴിച്ച് വിടുന്നിടത്ത് വില്ലന്റെ ആദ്യപകുതി പ്രേക്ഷക മനസ്സില്‍ വിദ്വേഷം ഉണ്ടാക്കുന്നു. ഒരു ത്രില്ലര്‍ മൂവിക്ക് വേണ്ടുന്ന സ്റ്റൈലിലല്ല മാത്യൂ മാഞ്ഞൂരാന്റെ കഥാപാത്രത്തെ ബി.ഉണ്ണികൃഷ്ണന് സ്ക്രീനിലെത്തിച്ചത്. മോഹന്‍ലാലിലെ താരത്തെയാണോ, അതോ അഭിനേതാവിനെയാണോ പരിഗണിക്കേണ്ടത് എന്ന ആശയകുഴപ്പം അദ്ദേഹത്തില്‍ നിലനിന്നിരുന്നു. കുറച്ചു കൂടി കെട്ടുറപ്പുള്ള കഥയിലേക്ക് ആയിരിക്കാം ചിത്രത്തിന്റെ പോക്ക് എന്ന് തോന്നിപ്പിച്ചു കൊണ്ടാണ് ചിത്രത്തിന്റെ ആദ്യപകുതിക്ക് കര്ട്ടണ് വീഴുന്നത്.
വിശാലിന്റെ ശക്തിവേല്‍ എന്ന കഥാപാത്രത്തിന്റെ ആഗമനം രണ്ടാം പകുതിയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നു തോന്നിപ്പിച്ചെങ്കിലും ഒട്ടും പക്വമായ രചനാശൈലി പുലര്‍ത്തിയല്ല ബി ഉണ്ണികൃഷ്ണന് വിശാലിന്റെ കഥാപാത്രത്തെയും ബിഗ്സ്ക്രീനിലെത്തിച്ചത്. കൊലപാതകങ്ങളില്‍ നടക്കുന്ന വിഭിന്നമായ കാര്യത്തെക്കുറിച്ച് മാത്യൂ മാഞ്ഞൂരാന് വിവരിക്കുമ്പോഴും ഒരു ത്രില്ലര്‍ സിനിമയ്ക്ക് വേണ്ട വേഗമോ, ചടുലതയോ ചിത്രത്തിന് അവകാശപ്പെടാനാകുന്നില്ല. ക്ലാസ് പാറ്റേണിലുള്ള ആക്ഷന്‍ മൂവിയാണ് വില്ലനെന്നു ബി ഉണ്ണികൃഷ്ണന് സ്വയം തിരുത്തിയാല്‍ അമാനുഷികനായി ഗുണ്ടകളെ ഇടിച്ചു പറത്തുന്ന മാത്യൂ മാഞ്ഞൂരാനെ പല അവസരങ്ങളിലും ചിത്രീകരിച്ചത് എന്തിനെന്ന മറുചോദ്യം അദ്ദേഹത്തോട് തിരിച്ചു ചോദിക്കേണ്ടി വരും. നായകന്റെ നിഴലായി നില്ക്കുന്ന ലേഡീ പോലീസ് ഉദ്യോഗസ്ഥയും,സിനിമയുടെ അവസാനം പ്രതിയെ കണ്ടെത്തേണ്ട ആവശ്യമുള്ളതിനാല്‍ നെയില്‍ പോളിഷിന്റെ നിറംവരെ ഓര്‍ത്തിരിക്കുന്ന ഒരു സാക്ഷിയെ നായകന് ലഭ്യമാകുന്നതുമൊക്കെ ക്ലാസ് കലാരീതിയാണോ മിസ്റ്റര്‍ ഉണ്ണികൃഷ്ണന്?. കാലാകാലങ്ങളായി മലയാള സിനിമ അനുകരിച്ചു വരുന്നവ തെറ്റില്ലാതെ ബി ഉണ്ണികൃഷ്ണനും ആവര്‍ത്തിച്ചിട്ടുണ്ട്.
നിയമത്തിനു മുന്നില്‍ നിന്ന് രക്ഷപ്പെടുന്ന ക്രിമിനലുകളെ നിഗ്രഹിക്കാനെത്തുന്ന വിശാലിന്റെ ശക്തിവേലിന്റെ കഥാപാത്രം ഒരവസരത്തിലും പ്രേക്ഷകന്റെ മനസ്സിനെ സ്പര്‍ശിക്കുന്നില്ല. മാത്യൂ മാഞ്ഞൂരാന്റെ വ്യക്തിജീവിതത്തിലെ നഷ്ടപ്പെടല്‍ നമുക്ക് നൊമ്പരമായി അനുഭവപ്പെടാത്തതിനു കാരണം ബി ഉണ്ണികൃഷ്ണന്റെ നിരുത്തരവാദപരമായ എഴുത്ത് ആണ് . മോഹന്‍ലാലിന്റെ കഥാപാത്രവും,വിശാലിന്റെ കഥാപാത്രവും തമ്മില്‍ കണക്റ്റ് ചെയ്തു കൊണ്ടാണ് ബി ഉണ്ണികൃഷ്ണന് വില്ലന്‍ അവസാനിപ്പിക്കുന്നത്.
8 കെ റെസലൂഷനില്‍ ചിത്രീകരിച്ചിട്ടും പൂര്‍ണ്ണമായും അതിന്റെ സാധ്യതകളെ സംവിധായകന് പ്രയോജനപ്പെടുത്തിയിട്ടില്ല. പുത്തന്‍ ടെക്നോളജിയോടെ ഒരു ചിത്രം അവതരിപ്പിക്കുമ്പോള്‍ അതിന്റെ ത്രെഡിന് പ്രാധാന്യം ഏറെയാണ്, ഇവിടെ പറഞ്ഞു പഴകിയ പ്രതികാരകഥയ്ക്ക് മേലാണ് പണമെറിഞ്ഞ പുത്തന്‍ സാങ്കേതികവിദ്യ ബി.ഉണ്ണികൃഷ്ണനും കൂട്ടരും പ്രയോഗിച്ചത്.
മോഹന്‍ലാല്‍ എപ്പോഴും സംവിധായകന്റെ കയ്യിലെ നടനാണ്. ‘ഫ്ലെക്സിബിള്‍ ആക്ടര്‍’ എന്ന് അദ്ദേഹത്തെ വിളിക്കുന്നതും അത് കൊണ്ടാണ്. ‘ഒരു കാര്യം ഇങ്ങനെ പറയണം/അങ്ങനെ പറയണം’ എന്നൊക്കെ സ്വയം നിര്‍ദ്ദേശിക്കാത്ത അപൂര്‍വ്വം നടന്മാരില് ഒരാള്‍. മോഹന്‍ലാലിന്റെ അഭിനയ സിദ്ധി വച്ച് നോക്കുമ്പോള്‍ മാത്യൂ മാഞ്ഞൂരാന് എന്നത് അദ്ദേഹത്തിനു പൂ പറിക്കുന്ന പോലെ ഈസിയായി ചെയ്യാന്‍ കഴിയുന്ന ഒരു കഥാപാത്രമാണ് .സംഘട്ടന രംഗങ്ങളിലെ അദ്ദേഹത്തിന്റെ ശരീര ഭാഷ ഇന്നും വിസ്മയകരമാണ്. മോഹന്‍ലാലിന്റെ വരാനിരിക്കുന്ന സിനിമകള്‍ തന്നെയാണ് അദ്ദേഹത്തിന്റെ അത്ഭുത സിനിമകള്‍ എന്ന് വിശ്വസിക്കേണ്ടി വരും. മോഹന്‍ലാലിലെ നടനെ കൃത്യമായി ഉപയോഗപ്പെടുത്താന്‍ കഴിവുള്ള എത്രയോ നല്ല തിരക്കഥകള്‍ ഇവിടെ പരുവപ്പെടുന്നുണ്ടാകാം,മോഹന്‍ലാലിനെപ്പോലെയുള്ള ഒരു ഗംഭീര ആക്ടര്‍ സൗഹൃദങ്ങളില്‍ നിന്നോ, സ്നേഹ ബന്ധങ്ങളില്‍ നിന്നോ ആകരുത് സിനിമ സ്വീകരിക്കേണ്ടത്.
‘എന്നും എപ്പോഴും’ എന്ന മോഹന്‍ലാല്‍-സത്യന് അന്തിക്കാട് ചിത്രത്തില്‍ മഞ്ജു വാര്യര്‍ മുഖ്യ കഥാപാത്രമായി എത്തിയിരുന്നെങ്കിലും മഞ്ജു മോഹന്‍ലാലിന്റെ നായികയായിരുന്നില്ല. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായി വേഷമിടുന്ന മഞ്ജു വാര്യരുടെ നീലിമയ്ക്ക് ആശുപത്രി കിടക്കിയിലാണ് സംവിധായകന് അഭിനയിക്കാനായി അവസരമൊരുക്കിയിരിക്കുന്നത്. കാര്‍ അപകടത്തില്‍ സാരമായി പരിക്കേല്‍ക്കുന്ന നീലിമ കോമ സ്റ്റേജില്‍ നിന്ന് ബോധവാസ്ഥയിലേക്ക് വരുമ്പോള്‍ അസഹനീയമായ വേദനയാണ് അനുഭവിക്കുന്നത്. കഥാപാത്രത്തിന്റെ ആ സ്വഭാവത്തോട് ചേര്‍ന്ന് നിന്നുകൊണ്ട് മഞ്ജു വാര്യര്‍ തന്റെ വേഷം ശ്രദ്ധയോടെ അവതരിപ്പിച്ചിട്ടുണ്ട്. സിദ്ധിഖ്, രണ്‍ജി പണിക്കര്‍, ചെമ്പന്‍ വിനോദ്, തുടങ്ങിയവരൊക്കെ പതിവ് രീതിയില്‍ ചിത്രത്തില്‍ വന്നു പോകുന്നുണ്ട്. വിശാല്‍ തന്റെ ആദ്യ മലയാള ചിത്രം തെറ്റില്ലാതെ അഭിനയിച്ചിട്ടുണ്ട്. ക്ലൈമാക്സ് രംഗത്തിലെ ഡബ്ബിംഗ് അലോസരമാകുന്നുണ്ടെങ്കിലും കയ്യടക്കമുള്ള അഭിനയം കാഴ്ചവച്ചു കൊണ്ട് അദ്ദേഹം ശക്തിവേലിനെ മോശമാക്കതെ ജീവന് നല്‍കിയിട്ടുണ്ട്. കേസന്വേഷണത്തില്‍ മാത്യൂ മാഞ്ഞൂരാനെ സഹായിക്കാനെത്തിയ ഹര്‍ഷിത ചോപ്രയെ റാസി ഖന്ന പ്രേക്ഷകന്റെ കൂവല്‍ ഏറ്റുവാങ്ങാത്ത വിധം നന്നാക്കിയിട്ടുണ്ട് . തെന്നിന്ത്യന്‍ താരങ്ങളായ ഹാന്‍സികയും, ശ്രീകാന്തും പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ മോശമായിട്ടില്ല. ശ്രീകാന്ത് അവതരിപ്പിച്ച ഫെലിക്സ് എന്ന കഥാപാത്രത്തിന്റെ ഡബ്ബിംഗ് വലിയ പോരായ്മയായി തോന്നി.
ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ മികച്ചു നിന്നു.കാര്‍ അപകട ചിത്രീകരണത്തിലും ഗംഭീര പെര്ഫക്ഷന് പുലര്‍ത്തി. ചിത്രത്തിന്റെ കലാസംവിധാനവും കയ്യടി അര്‍ഹിക്കുന്നുണ്ട്.
ഫോര്‍ മ്യൂസിക്സ് ടീമിന്റെ ഈണങ്ങളില്‍ കാര്യമായി കാതോര്‍ക്കാന്‍ തോന്നിയില്ല. ‘കണ്ടിട്ടും കണ്ടിട്ടും’ എന്ന് തുടങ്ങുന്ന ഗാനം ഗാനഗന്ധര്‍വ്വന്റെ സ്വരത്തോടെ കേട്ടതിനാല്‍ ഭംഗി ഏറെയായിരുന്നു. സിനിമയുടെ സ്വഭാവമുമായി ആ ഗാന ചിത്രീകരണത്തിനു യാതൊരു ബന്ധവും ഇല്ലാത്ത പോലെ അനുഭവപ്പെട്ടു. വളരെ സിമ്പിളായി തന്നെ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം സുശിന്‍ ശ്യാം പ്രേക്ഷകന് അനുഭവമാക്കി. 2.20 മിനിറ്റില്‍ പറഞ്ഞു തീര്‍ത്ത ഷമീര്‍ മുഹമ്മദിന്റെ വൃത്തിയുള്ള ചിത്രസംയോജനത്തിനു കൂടുതല്‍ കയ്യടി. മനോജ് പരമഹംസ, എന്‍.കെ എകാംബരം എന്നിവരുടെ സിനിമോട്ടോഗ്രാഫി വില്ലനോട് നീതികേട് കാട്ടിയില്ല. മലയാള സിനിമയില്‍ ഇന്ന് വരെ കാണാത്ത ഒരു ദൃശ്യപരിചരണം ചിത്രത്തിലുടനീളം കാണാം.
അവസാന വാചകം
വിശേഷിപ്പിക്കാനാവുന്ന യാതൊന്നും വില്ലനില്ല, ഇത്തവണയും ബി ഉണ്ണികൃഷ്ണന് പ്രേക്ഷകര്‍ക്ക് മുന്നില്‍ വാക്ക് തെറ്റിച്ചു.
Post Your Comments