തമിഴില്‍ സൂപ്പര്‍താരമായി വിലസുന്ന കമലഹാസന്റെ ആദ്യകാല ചിത്രങ്ങള്‍ മലയാളമായിരുന്നു. നിരവധി മലയാള ചിത്രങ്ങളില്‍ കമല്‍ നായകനായി. അന്തരിച്ച സംവിധായകൻ IV ശശി ഒരുക്കിയ ഈറ്റ എന്ന ചിത്രത്തിലെ നായകന്‍ കമല്‍ ആയിരുന്നു. ഷീലയും സീമയും നായികമാരായി എത്തിയ ഈ ചിത്രത്തില്‍ മധുവും സോമനും മുഖ്യ കഥാപാത്രങ്ങളിൽ അഭിനയിച്ചു. സോമൻ വില്ലനായിട്ടാണ് അഭിനയിച്ചത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഇടയില്‍ നടന്ന രസകരമായ ഒരു സംഭവമാണ് പറയുന്നത്.
ചിത്രത്തില്‍ വില്ലന്‍ നായകനെ കുത്തുന്ന രംഗമുണ്ട്. അതിന്റെ ചിത്രീകരണത്തിനിടയില്‍ നടന്ന സംഭവമാണ് പറയുന്നത്. ആ രംഗം ചിത്രീകരിക്കാന്‍ തീരുമാനിച്ചതറിഞ്ഞ് പെർഫെക്ഷന് പേര് കേട്ട കമൽ അന്ന് വൈകിട്ട് തന്നെ ലൊക്കേഷന് അടുത്തുള്ള ഒരു ഇറച്ചി കടയിൽ നിന്നും ഒരാടിന്റെ കുടൽമാല വാങ്ങി സൂക്ഷിച്ചു. പിറ്റേന്ന് ചിത്രീകരണ സമയത്തു കമൽ ആ കുടൽമാല തന്റെ വയറിന്റെ ഭാഗത്തു് ആരുമറിയാതെ കെട്ടി ഒളിപ്പിച്ചു. IV ശശി ആക്ഷൻ പറഞ്ഞതും വില്ലൻ സോമൻ കമലിന്റെ വയറിനു ആഞ്ഞു കുത്തി. കത്തി വലിച്ചൂരിയതും ഒളിപ്പിച്ചിരുന്ന കുടൽമാല പുറത്തു ചാടി, അതിന്റെ ഒപ്പം കമലിന്റെ പ്രാണവേദനയോടെയുള്ള അഭിനയവും.
ഞെട്ടിത്തരിച്ചു യൂണിറ്റ് അംഗങ്ങൾക്കൊപ്പം സോമൻ അലറിക്കരഞ്ഞു, ”കമലേ..തെറ്റ് പറ്റിയടാ…”. എന്ത് ചെയ്യണമെന്ന് അറിയാതെ സംവിധായകന്‍ ഉൾപ്പടെ പകച്ചു നിന്നപ്പോൾ ചിരിച്ചു കൊണ്ട് കമൽ ആ കുടൽമാല എടുത്തു ഉയർത്തി സോമനെ കാണിച്ചു. അമ്പരന്ന നിന്ന സോമൻ കമലിനെ കെട്ടിപിടിച്ചു പൊട്ടിച്ചിരിച്ചു, എന്നിട്ടു തന്റെ സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞു, ”എടാ കമലേ .. നിനക്ക് ഞാൻ വച്ചിട്ടുണ്ട്..”! 1978 -ൽ റിലീസ് ആയ ഈറ്റ സൂപ്പർ ഹിറ്റ് ആയപ്പോൾ കമലഹാസന് മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡും ലഭിച്ചു. മികച്ച സംവിധായകനുള്ള ഫിലിം ഫെയർ അവാർഡ് ആ വർഷം ഈറ്റയിലൂടെ ഐ.വി.ശശിയും നേടിയെടുത്തു!
Post Your Comments