കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപിന് പിന്തുണയുമായി ആദ്യം മുതല്‍ രംഗത്ത് ഉണ്ടായിരുന്ന വ്യക്തിയാണ് പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജ്ജ്. ദിലീപ് വിഷയത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് പി.സി ജോര്‍ജ്. മഞ്ജു വാര്യരുടെ മനസ് വളരെ കഠിനമാണെന്നും ദിലീപിനെ അവര്‍ മന:പൂര്‍വം കുടുക്കി വൈരാഗ്യം തീര്‍ക്കുകയാണെന്നും പി.സി ജോര്‍ജ് ആരോപിച്ചു. കൂടാതെ അമിതമായ ഭ്രാന്തുള്ള രാഷ്ട്രീയക്കാരന്റെ മകനും ഈ കച്ചവടത്തില്‍ പങ്കുണ്ടെന്നും ജോര്‍ജ്ജ് പറഞ്ഞു. ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തിലാണ് പി.സി ജോര്‍ജ് മഞ്ജുവിനും പോലീസ് സംഘത്തിനും നേരെ ആഞ്ഞടിച്ചത്.
അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ.. ”ദിലീപ് നിരപരാധിയാണെന്ന് ബോധ്യമായി അദ്ദേഹത്തെ ജനങ്ങളുടെ മുന്നില്‍ ഇറക്കിവിടണമെന്ന് വാശിയുണ്ടായിരുന്നു. ബഹുമാനപ്പെട്ട ഹൈക്കോടതി ജാമ്യം മാറ്റി മാറ്റി വച്ചിരുന്നു. ഒരു ദിവസം കൂടി മാറ്റിവച്ചിരുന്നെങ്കില്‍ ഞാന്‍ സുപ്രീം കോടതിയില്‍ പോകുമായിരുന്നു. ആരോടും പറയാത്ത കാര്യമാണ് ഇവിടെ പറയുന്നത്. ഞാന്‍ സുപ്രീം കോടതിയിലെ വക്കീലിനെ വീട്ടില്‍ വരുത്തി സംസാരിച്ച് എല്ലാം ക്രമീകരിച്ചിരുന്നു. ദിലീപിനോട് പോലും ഞാന്‍ ഇക്കാര്യം പറഞ്ഞിട്ടില്ല. ദൈവത്തെ സാക്ഷിനിറുത്തി എന്റെ രണ്ടു മക്കളെ വച്ച് സത്യം ചെയ്യുന്നു ദിലീപുമായി എനിക്ക് ഒരു ബന്ധവുമില്ല.
85 ദിവസത്തിനുശേഷമാണ് ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയത്. അതില്‍ എനിക്ക് സങ്കടമുണ്ട്. ഇറങ്ങിയ അന്നു മുതല്‍ ദിലീപ് എന്നെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. ഞാന്‍ സംസാരിച്ചില്ല. എന്റെ മകന് വന്നിട്ട് പറഞ്ഞു നിര്‍ബന്ധമായും ദിലീപ് പപ്പായെ കാണണമെന്നും സംസാരിക്കണമെന്നും പറയുന്നു. ഞാന്‍ പറഞ്ഞു എനിക്ക് കാണുകയും വേണ്ട മിണ്ടുകയും വേണ്ട. ജാമ്യം കിട്ടണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. അത് കിട്ടി.
ജാമ്യം ലഭിച്ച അന്നു രാത്രി രണ്ടുമണിയായപ്പോള്‍ നാദിര്‍ഷ ഫോണില്‍ വിളിച്ചു. എനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ള ഒരാളാണ് നാദിര്‍ഷ. കാരണം ജോസഫും ഞാനും പാര്‍ട്ടിയില്‍ ഉള്ള സമയത്ത് നാദിര്‍ഷ ജോസഫിന്റെ സുഹൃത്തായിരുന്നു. ജോസഫും കലാകാരനായിരുന്നല്ലോ. നാദിര്‍ഷ നല്ലൊരു കലാകാരനാണ്. ദിലീപിന് ഉറങ്ങാന്‍ സാധിക്കുന്നില്ല. സാറിനോട് സംസാരിച്ചിട്ടേ ഉറങ്ങൂ എന്ന് നാദിര്‍ഷ പറഞ്ഞു. എങ്കില്‍ കൊടുത്തോളൂ എന്ന് ഞാന്‍ പറഞ്ഞു, ദിലീപിനോട് സംസാരിച്ചു.
ഭയങ്കര സന്തോഷമുണ്ടെന്ന് ദിലീപ് ദുഃഖത്തോടു കൂടി പറഞ്ഞു. സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു. ഞാന്‍ പറഞ്ഞു സന്തോഷവും വേണ്ട ദുഃഖവും വേണ്ട ഇതെല്ലാം ദൈവഹിതമാണെന്ന് മനസിലാക്കുക. വിധിയെ തടുക്കാന്‍ കഴിയില്ല. നമ്മള് ഒരു പാപവും ചെയ്തിട്ടില്ലെങ്കിലും നമ്മുടെ ജന്മത്തില് ചിലതൊക്കെ എഴുതിവച്ചിട്ടുണ്ട് അതാണ് നടക്കുന്നത്. ഒരു ദുഃഖവും വേണ്ട സന്തോഷത്തോടെ ഇരട്ടി ശക്തിയോടെ കലാരംഗത്തേക്ക് വരിക നിരാശനാകാതിരിക്കുക ഇതാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു. തീര്‍ച്ചയായും കലാരംഗത്ത് 100 ശതമാനവും ശരി ചെയ്ത്പോകും എന്ന് ദിലീപ് പറഞ്ഞു.
രണ്ടു മൂന്ന് കാര്യങ്ങള്‍ ഇതില്‍ സംഭവിച്ചിട്ടുണ്ട്. ദിലീപിന്റെ ആദ്യത്തെ ഭാര്യ മഞ്ജുവാര്യര്‍ നല്ലൊരു നടിയാണ്. എനിക്ക് അവരുടെ അഭിനയം ഇഷ്ടവുമാണ്. പക്ഷേ അവരുടെ മനസ് കഠിനമാണ്. അവര്‍ ചെന്നുപെട്ടിരിക്കുന്നത് അപകടകരമായ ചതിക്കുഴിയിലാണ്. ദിലീപിന്റെയും മഞ്ജുവിന്റെയും ജീവിതം നല്ല രീതിയില്‍ തന്നെയായിരുന്നു. മഞ്ജുവിന്റേയും ദിലീപിന്റേയും മകള്‍ എന്തുകൊണ്ട് ദിലീപിനൊപ്പം നില്ക്കുന്നു? എന്തുകൊണ്ട് ആ കുട്ടി മഞ്ജുവിന്റെ ഒപ്പം പോകുന്നില്ല? മഞ്ജു പ്രസവിച്ച മകള്‍ അതും ഒരു പെണ്‍കുട്ടി.
ഇപ്പോള്‍ മഞ്ജു വൈരാഗ്യം തീര്‍ക്കുകയാണ്. എക്സിബിസ്റ്റേഴ്സ് അസോസിയേഷന് തെരഞ്ഞെടുപ്പിന്റെ തലേദിവസമാണ് ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്യുന്നത്. അദ്ദേഹത്തെ ആലുവ പാലസില്‍ വച്ചിരിക്കുകയായിരുന്നു. ആലുവ റൂറല്‍ എസ് പി ഉള്‍പ്പടെയുള്ള ആളുകള്‍ ചോദ്യം ചെയ്ത സംഘത്തില്‍ ഉണ്ടായിരുന്നു. ആ ടീമിലെ ഒരു ഐജിക്ക് അതിനോട് യോജിപ്പില്ലായിരുന്നു. അദ്ദേഹം സെന്‍കുമാറിനെ അറിയിച്ചു. അങ്ങനെയാണ് 13 മണിക്കൂറിനു ശേഷം ദിലീപിനെ വിട്ടയച്ചത്.
പിറ്റേന്ന് എക്സിബിറ്റേഴ്സ് അസോസിയേഷന് തെരഞ്ഞെടുപ്പാണ്. അപ്പോഴാണ് ഈ സെന്‍കുമാര്‍ ഇടപെട്ട് അറസ്റ്റ് ഒഴിവാക്കിയത്. ഇപ്പോള്‍ ഇതിനൊക്കെ നേതൃത്വം കൊടുക്കുന്നത് എഡിജിപി സന്ധ്യയാണ്. അവരും മഞ്ജുവുമായിട്ടുള്ള അഭേദ്യമായ അവിഹിതബന്ധവും ഇതില്‍ ഉണ്ടെന്നാണ് മനസിലാക്കുന്നത്. സിനിമയില്‍ അമിതമായ ഭ്രാന്തുള്ള രാഷ്ട്രീയക്കാരന്റെ മകനും ഈ കച്ചവടത്തില്‍ ഉണ്ട്.”
നടിയെ ആക്രമിച്ച കേസില്‍ നടിയുടെ പേര് പരാമര്‍ശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്ന് വനിതാ കമ്മിഷന് ജോര്‍ജിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
Post Your Comments