Uncategorized

അത്ഭുതകരമായിരുന്നു ഈ മനുഷ്യന് സിനിമയോടുള്ള പാഷന്‍; മോഹന്‍ലാല്‍

മലയാളത്തില്‍ നൂറ്റിഅന്‍പതിലേറെ സിനിമകള്‍ സംവിധാനം ചെയ്ത ഐ.വി ശശിയുടെ വിയോഗത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് സിനിമാ ലോകം. ജയന്‍,സുകുമാരന്‍, സോമന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ നിരവധി പേരെയാണ് ഐ.വി ശശി മലയാള സിനിമയിലെ താരങ്ങളാക്കി വളര്‍ത്തിയത്. നവധാര സിനിമകള്‍ക്ക് തുടക്കം കുറിച്ച ഐ.വി ശശി- ടി ദാമോദരന്‍ ടീം വെള്ളിത്തിരയില്‍ നിരവധി ഹിറ്റുകള്‍ എഴുതിചേര്‍ത്തു. മോഹന്‍ലാലിന്‍റെ സിനിമാ ജീവിതത്തിന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ച ഐ.വി ശശി തന്നെയാണ് മമ്മൂട്ടിയേയും വലിയ നായക നടനാക്കി മാറ്റിയത്.

ഐ.വി ശശിയുടെ ഓര്‍മ്മകളിലൂടെ മോഹന്‍ലാല്‍

“ശശിയേട്ടന്‍ വിട പഞ്ഞപ്പോള്‍ ഒരുപാട് ഓര്‍മ്മകള്‍ ബാക്കിയാകുന്നു, ഒന്നിച്ച് ജോലി ചെയ്ത ഒരുപാട് സിനിമകള്‍, യാത്രകള്‍. സംസാര നിമിഷങ്ങള്‍, ബാക്കിയായ സ്വപ്‌നങ്ങള്‍….

അഹിംസ എന്ന സിനിമയില്‍ തുടങ്ങുന്നതാണ് ശശിയേട്ടനുമായുള്ള എന്‍റെ ബന്ധം. ഏറ്റവുമൊടുവില്‍ ഞാനഭിനയിച്ച ശ്രദ്ധ വരെ അത് ഏറ്റക്കുറച്ചിലുകളില്ലാതെ നടന്നു. ഒരു അഭിനേതാവ് എന്ന നിലയില്‍ എന്‍റെ കരിയര്‍ ഗ്രാഫില്‍ ഐ,വി ശശിയുടെ സിനിമകള്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. അത്ഭുതകരമായിരുന്നു ഈ മനുഷ്യന് സിനിമയോടുള്ള പാഷന്‍. അത് രോഗകിടക്ക വരെ നീണ്ടു ചെന്നു. അത് അങ്ങനെ ആവാതിരിക്കാന്‍ സാധ്യമല്ല കാരണം, സിനിമയാണ് ഐ.വി ശശി. .സിനിമയില്‍ ആണ്ട് മുങ്ങിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്. ഐ.വി ശശിയും ടി ദാമോദരന്‍ മാഷും ചേര്‍ന്ന് പൊളിച്ചെഴുതിയത് മലയാള സിനിമയുടെ അത് വരെയുള്ള ഫോര്‍മാറ്റ് ആണ്. തെരുവില്‍ നിന്നും വിയര്‍പ്പു മണമുള്ള മനുഷ്യര്‍ സ്ക്രീനിലേക്ക് വന്നു. അവരില്‍പ്പലരെയും ശശിയേട്ടന്‍ കോഴിക്കോട് നഗരത്തിലെ ആള്‍ക്കൂട്ടങ്ങളില്‍ എപ്പോഴൊക്കെയോ കണ്ടുപരിച്ചയിച്ചതാവാം. ജയന്‍ സുകുമാരന്‍, സോമന്‍, മമ്മൂട്ടി തുടങ്ങിയ എത്ര പേരെയാണ് ശശിയേട്ടന്‍ വലിയ നായകന്മാരാക്കിയെടുത്തത്. അതിന്റെ ഇങ്ങേയറ്റത്ത് ഞാനുമുണ്ട്. ഒന്നിച്ച് ജോലി ചെയ്ത ഒരുപാട് സിനിമകളെയോര്‍ത്ത്, നല്ല നിമിഷങ്ങളെ ചേര്‍ത്ത് പിടിച്ചു ശശിയേട്ടന് ഞാന്‍ യാത്രമൊഴി നല്‍കുന്നു. സ്നേഹത്തോടെ, അതിലേറെ ആദരവോടെ”.

കടപ്പാട്; മാതൃഭൂമി

shortlink

Related Articles

Post Your Comments


Back to top button