GeneralNEWS

ചിന്താ ജെറോമിന്‍റെ ‘ജിമിക്കി കമ്മല്‍’ പ്രസംഗം; മുരളി ഗോപിയ്ക്ക് വീണ്ടും പറയാനുള്ളത്!

സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോമിന്റെ പ്രസംഗം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ജിമിക്കി കമ്മല്‍ പാട്ടിനെ വിമര്‍ശിച്ച ചിന്താ ജെറോമിന്റെ ചിന്തകളെ രീതിയെ ആളുകള്‍ കണക്കറ്റു പരിഹസിച്ചു. ഇതുമായി ബന്ധപ്പെട്ട് നടന്‍ മുരളി ഗോപി ഫേസ്ബുക്കില്‍ ഒരു പോസ്റ്റ്‌ പങ്കുവെച്ചിരുന്നു.
ജിമിക്കി കമ്മല്‍ എന്ന ഗാനത്തെ ആവശ്യമില്ലാതെ ട്രോളിയ ചിന്തയെ സോഷ്യല്‍ മീഡിയയും കാര്യമായി ട്രോളിയതോടെയാണ്‌ പ്രസംഗം കൂടുതല്‍ വൈറലായി മാറിയത്, ജിമിക്കി കമ്മലിനെ പരിഹസിച്ച ചിന്തയെ മുരളി ഗോപി നേരിട്ടത് ഇങ്ങനെ എഴുതികൊണ്ടായിരുന്നു.
“ദേവരാജൻ മാസ്റ്ററും ഓ എൻ വീ സാറും ഒന്നും ജീവിച്ചിരിപ്പില്ലാത്തത് നന്നായി. ഉണ്ടായിരുന്നെങ്കിൽ “പൊന്നരിവാൾ എങ്ങിനെ അമ്പിളി ആവും?”, “അങ്ങനെ ആയാൽ തന്നെ, ആ അമ്പിളിയിൽ എങ്ങിനെ കണ്ണ് ഏറിയും?”, “കണ്ണ് എറിയാനുള്ളതാണോ? കല്ല് അല്ലെ എറിയാനുള്ളത്?” എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വന്നേനെ.”
ഇങ്ങനെ ഒരു പോസ്റ്റ്‌ ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ച് വ്യക്തമാക്കി മുരളി ഗോപി വീണ്ടും രംഗത്തെത്തി.
മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌
കഴിഞ്ഞ ദിവസം ഒരു fb പോസ്റ്റിട്ടു. സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോമിന്റെ ഒരു പ്രസംഗത്തിൽ അവർ നടത്തിയ ചില പരാമർശങ്ങൾ യഥാർഥ ഇടതു പക്ഷത്തിന്റെ രീതിയുമായി ഒത്തുപോകുന്നവയല്ല എന്ന് ചൂണ്ടിക്കാണിക്കുക മാത്രമായിരുന്നു ഉദ്ദേശ്യം. ആ പോസ്റ്റിന്റെ കൂട്ടുചേർന്ന് വന്ന ആയിരം ഷെയറുകളും അഭിപ്രായങ്ങളും ആ കുട്ടിയുടെ നേരെ ചീറിയടുക്കുന്ന കൌണ്ടർ വിഡിയോകളും കാണാൻ ഇടയായി. ഉദ്ദേശ്യം അതായിരുന്നില്ല താനും. അതിനാൽ, ഇതെഴുത്തുന്നു.പാട്ടും കവിതയും കലയും യുക്തിയുടെ അളവുകോൽ കൊണ്ട് അളക്കുക എന്നത് ഒരുകാലത്തും ഇടതുപക്ഷത്തിന്റെ (കുറഞ്ഞ പക്ഷം, ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ എങ്കിലും) കടമയായിരുന്നില്ല. തീവ്ര വലതുപക്ഷ കക്ഷികൾ അങ്ങനെ ചെയ്യുമ്പോൾ അതിനെ ചെറുക്കുക എന്നതായിരുന്നു ഇടതുപക്ഷത്തിന്റെ മൗലിക നിലപാട്. ഇടത് പക്ഷത്തെ ഇടതുപക്ഷമാക്കിയതും ആക്കുന്നതും ആ നിലപാടാണ്. തീവ്രമായ കവിതകൾ ഉറക്കെ ചൊല്ലി, പച്ചമനുഷ്യർ പാടുന്ന വിഭക്തികളില്ലാത്ത ഗാനങ്ങൾ നെഞ്ചിലേറ്റി, പാവങ്ങൾക്കൊപ്പം താളമിട്ടു വളർന്നു വന്ന ഒരു പ്രസ്ഥാനമാണ് അത്. കലയെ തളയ്ക്കാൻ ശ്രമിക്കാതെ, കലയിലൂടെ തന്നെ തർക്കിച്ചു വളർന്ന രീതി. മനുഷ്യഭാവനയെ പൂർണമായി അംഗീകരിച്ചാൽ മാത്രമേ അവന്റെ കരങ്ങൾ ഉയരുകയും മുഷ്ടി ചുരുളുകയും ഉള്ളൂ… എന്ന തിരിച്ചറിവിന്റെ പാത. ആ കുട്ടി ഒരു ഇടതുപക്ഷ യാത്രക്കാരിയാണ്. പ്രസക്തമായ ഒരു തസ്തികയും ആളുന്നു. പാരമ്പരാഗതവാദത്തിൽ നിന്നും, യാഥാസ്ഥിതികവാദത്തിൽ നിന്നും മാറി സഞ്ചരിക്കേണ്ട ആവശ്യകത ചൂണ്ടികാണിച്ചു. അത്ര മാത്രം. തെറ്റുകൾ തിരുത്തി മുന്നേറേണ്ടത് മറ്റേതു പ്രസ്ഥാനത്തേക്കാളും ആവശ്യം ഇടതുപക്ഷത്തിനാണ്. അങ്ങിനെ മുന്നേറുന്ന ഒരു ഇടതുപക്ഷം ഈ നാടിന്റെ ആവശ്യവും ആണ്. എക്കാലത്തേക്കാളും ഇപ്പോഴാണ് ആ ആവശ്യത്തിന് പ്രസക്തിയും. ഓർമ്മിപ്പിച്ചു എന്നേയുള്ളൂ. ഒരു സഖാവ് പറഞ്ഞതായി കരുതില്ല എന്നറിയാം. സഹോദരനായി കരുതിയാൽ മതി.

shortlink

Related Articles

Post Your Comments


Back to top button