ആരംഭിക്കുന്നതിനു മുന്‍പേ വിവാദമായിരിക്കുകയാണ് ഒരു ചാനല്‍ പരിപാടി. സ്ത്രീസൗന്ദര്യത്തില്‍ മലയാളികളോ തമിഴരോ മുന്നിട്ടുനില്‍ക്കുന്നതെന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ഒരു പരിപാടിയാണ് ‘നീയാ നാനാ’. എന്നാല്‍ വിവാദത്തെതുടര്‍ന്നു തമിഴ് ചാനല്‍ സംപ്രേഷണം ചെയ്യാനിരുന്ന പരിപാടി ഉപേക്ഷിച്ചു. വിജയ് ടി.വിയാണ് സംപ്രേഷണം ചെയ്യാനിരുന്ന പരിപാടി അവസാന നിമിഷം വേണ്ടെന്നുവെച്ചത്.
സെറ്റ് സാരി അണിഞ്ഞ മലയാളി സ്ത്രീകളെയും കാഞ്ചീപുരം പട്ടുസാരി അടക്കം പരമ്പരാഗത തമിഴ് വേഷം ധരിച്ച തമിഴ് സ്ത്രീകളെയും സംവാദത്തില്‍ പങ്കെടുപ്പിച്ചിരുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കി പരിപാടി സംപ്രേഷണം ചെയ്യുന്നതായി തുടര്‍ച്ചയായി വന്‍ പരസ്യമാണ് നല്‍കിയിരുന്നത്. സമൂഹമാധ്യമങ്ങളിലടക്കം പരിപാടിയെക്കുറിച്ച് പരസ്യം വന്നതോടെ സ്ത്രീപക്ഷ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിനെതിരെ നിയമപ്രകാരം കേസെടുക്കണമെന്നും സംപ്രേഷണം തടയണമെന്നും ആവശ്യപ്പെട്ട് കാഞ്ചീപുരത്തെ മക്കള്‍ മണ്ട്രം എന്ന സംഘടന പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ചാനല്‍ പരിപാടി ഉപേക്ഷിച്ചത്.
വ്യാപക പരാതികളെ തുടര്‍ന്നാണ് പരിപാടി ഉപേക്ഷിച്ചതെന്ന് സംവിധായകന് അന്തോണി വ്യക്തമാക്കി. മലയാളി സ്ത്രീകളും തമിഴ് സ്ത്രീകളും തങ്ങളുടെ വസ്ത്രധാരണം, ആഭരണം എന്നിവയുടെ ഭംഗിയും നേതൃപാടവവും വിശദീകരിച്ച് സൗഹാര്‍ദാന്തരീക്ഷത്തില്‍ പരസ്പരം വാദപ്രതിവാദങ്ങള്‍ ഉയര്‍ത്തുന്ന പരിപാടി തെറ്റിദ്ധരിപ്പിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
Post Your Comments