CinemaGeneralLatest NewsMollywoodNEWSWOODs

ആ നടിയുടെ വാക്കുകള്‍ ഞാന്‍ വിശ്വസിച്ചു; പക്ഷെ … സത്യന്‍ അന്തിക്കാട് പറയുന്നു

അന്തരിച്ച സംവിധായകന്‍ ഐവി ശശിയുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് കുടുംബ ചിത്രങ്ങളുടെ സംവിധായകന്‍ സത്യന്‍ അന്തിക്കാട്. മോഹന്‍ലാല്‍ – സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ വിരിഞ്ഞ മനോഹര ചിത്രമാണ്‌ ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ്. സീമയും കൊച്ചുമോനും ഐ.വി. ശശിയും ചേര്‍ന്നുള്ള കാസിനോവ എന്ന നിര്‍മ്മാണ കമ്പനിയാണ് ആ ചിത്രം നിര്‍മ്മിച്ചത്. ആ ചിത്രത്തിന്‍റെ ഷൂട്ടിംഗ് കാലത്തെ ചില ഓര്‍മ്മകളാണ് സത്യന്‍ പറയുന്നത്.

” വലിയ ഗൗരവക്കാരനാണ് ഐ.വി. ശശി, എന്നാല്‍ വലിയ തമാശക്കാരനുമാണ്. അദ്ദേഹത്തിനുവേണ്ടി രണ്ട് സിനിമകള്‍ ചെയ്യാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. ലാലും സീമയും കൊച്ചുമോനും ഐ.വി. ശശിയും ചേര്‍ന്നുള്ള കാസിനോവ എന്ന നിര്‍മ്മാണ കമ്പനിക്കുവേണ്ടിയാണ് ഞാന്‍ ‘ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റും’, ‘നാടോടിക്കാറ്റും’ ചെയ്തത്. ഞാന്‍ സ്വതേ ചിത്രം പൂര്‍ത്തിയായ ശേഷം അതിനു പേരിടുന്ന സ്വഭാവക്കാരനാണ്. എന്നാല്‍ കഥയാകുന്നതിനു മുന്‍പ് പേരിട്ട എന്റെ ചിത്രമാണ് ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ്. ശ്രീനിവാസനും ഞാനും ചേര്‍ന്നാണ് അങ്ങനൊരു സിനിമയെക്കുറിച്ച് ആലോചിച്ചത്.

ഒരു കോളനിയുടെ പശ്ചാത്തലത്തില്‍ നമുക്കൊരു സിനിമ ചെയ്യാം എന്നഭിപ്രായം പറഞ്ഞത് ഞാനാണ്. അങ്ങനെയാണ് ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് എന്നു പേരിട്ടത്. കഥയൊക്കെ പിന്നീടാണ് ഉരുത്തിരിഞ്ഞു വന്നത്. നിര്‍മ്മാതാവായ ശശിയേട്ടന്‍ ഗാന്ധി നഗര്‍ എന്നതു മാറ്റി വേറെ ഏതെങ്കിലും പേരിട്ടുകൂടേ എന്നു ചോദിച്ചു. ആ പേരിനോട് ആശയപരമായി അദ്ദേഹത്തിന് യോജിപ്പില്ല എന്നാണ് പറഞ്ഞത്. ഗാന്ധിനഗറിനു പകരം ശാന്തിനഗറെന്നാക്കാമല്ലോ എന്നൊരു നിര്‍ദ്ദേശവും വച്ചു. ഏതായാലും ഷൂട്ടിംഗ് തുടങ്ങി. അപ്പോഴും എനിക്ക് ധൈര്യം തന്നത് സീമ മാത്രമാണ്. സത്യന്‍ പടം തുടങ്ങിക്കോ പേരൊക്കെ അതുമതി, ശശിയേട്ടനോട് ഞാന്‍ പറഞ്ഞു ശരിയാക്കിക്കൊള്ളാം എന്ന് ഉറപ്പും നല്‍കി. ഞാനതു വിശ്വസിച്ചു. അടുത്ത ദിവസം സീമ വന്നു പറഞ്ഞു ‘ഐ.വി. ശശി എന്ന സംവിധായകന്‍ ഈ സിനിമയ്ക്ക് ആ പേരിടാന്‍ സമ്മതിക്കില്ല.’

മോഹന്‍ലാല്‍ ഗൂര്‍ഖയുടെ വേഷമിട്ട് അഭിനയിക്കുന്ന ലൊക്കേഷനില്‍ ഞങ്ങളിതു ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ ശശിയേട്ടന്‍ കാറില്‍ അവിടെ വന്നിറങ്ങി. വരുന്ന വഴിയേ ചോദിച്ചു- പുതിയ പേരെന്തെങ്കിലും കിട്ടിയോ നിങ്ങള്‍ക്ക്-‘ എന്റെ കയ്യില്‍ ആകെക്കൂടി ആ പേരു മാത്രമേയുള്ളൂ എന്നു ഞാന്‍ പറഞ്ഞു. ഇതിനിടയില്‍ മോഹന്‍ലാല്‍ ശശിയേട്ടനെ വിളിച്ച് തോളില്‍ കയ്യിട്ട് ഗേറ്റുവരെ നടന്നുപോകുന്നതാണ് ഞാന്‍ കണ്ടത്. ഒരു സെക്കന്റ് കൊണ്ട് തിരിച്ചുവന്നിട്ട് ഐ.വി. ശശി പറയുന്നു- ‘സത്യന്റെ പടം, സത്യനിഷ്ടമുള്ള പേരിടട്ടേ…’ എന്തു മാജിക്കാണ് മോഹന്‍ലാല്‍ അന്നവിടെ പ്രയോഗിച്ചതെന്ന് ഈ നിമിഷംവരെ എനിക്കറിയില്ല.” -സത്യന്‍ അന്തിക്കാട്.

shortlink

Related Articles

Post Your Comments


Back to top button