മലയാള സിനിമയില്‍ ഒട്ടേറെ സൂപ്പര്‍ഹിറ്റുകള്‍ക്ക് രൂപം നല്‍കി തനതായ ഒരു ശൈലി സിനിമാ ലോകത്തിന് നല്‍കിയ അനുഗ്രഹീത സംവിധായകന്‍ ഐവി ശശി വിടവാങ്ങി. എത്രതവണ കണ്ടാലും മതിവരാത്ത ഒട്ടേറെ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ സംവിധാന മികവില്‍ പുറത്തിറങ്ങി. തൃഷ്ണയിലൂടെ മമ്മൂട്ടി എന്ന നായകനെ പരിചയപ്പെടുത്തിയതും ചെറിയ വേഷങ്ങളിലൂടെ സിനിമാലോകത്ത് എത്തിയ മോഹന്‍ലാലിന് ഉയരങ്ങളിലൂടെ നായകസ്ഥാനം സമ്മാനിച്ചതും ഈ സംവിധായകനാണ്. കൂടാതെ കൊച്ചു കൊച്ചു വേഷങ്ങളില്‍ ഒതുങ്ങി നിന്ന സോമനെയും ജയനെയും കെ.പി. ഉമ്മറെയും രതീഷിനെയും താരങ്ങളാക്കിയതും ശ്രീദേവിയെയും സീമയെയും മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകന്‍ കൂടിയാണ് ഐ വി ശശി. സംവിധായാകന് പ്രണാമം അര്‍പ്പിച്ചിരിക്കുകയാണ് പ്രിയ സുഹൃത്തുക്കള്‍.
”ഇൗ പ്രിയപ്പെട്ടവന്റെ വിയോഗം എന്നെ തളർത്തുന്നു”. മമ്മൂട്ടി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. തൃഷ്ണയിലൂടെ മമ്മൂട്ടി എന്ന നായകനെ സമ്മാനിച്ച സംവിധായകനാണ് ഐവി ശശി. മമ്മൂട്ടിക്കൊപ്പം ഏറ്റവും അധികം ചിത്രങ്ങള്‍ ചെയ്ത ഐവി ശശിക്ക് മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്തത് മമ്മൂട്ടി നായകനായി എത്തിയ മൃഗയ ആണ്. ലോഹിതദാസാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. മോഹന്‍ലാല്‍, മമ്മൂട്ടി, സീമ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ മള്‍ട്ടി സ്റ്റാര്‍ ചിത്രം ആള്‍ക്കൂട്ടത്തില്‍ തനിയെ 1984ലെ രണ്ടാമത്തെ മികച്ച ചിത്രമായിരുന്നു. നാല് സംസ്ഥാന പുരസ്‌കാരങ്ങളാണ് കരിയറില്‍ ഐവി ശശിയെ തേടി എത്തിയത്.
”പച്ച മനുഷ്യരുടെ ജീവിതം കൊണ്ട് വെള്ളിത്തിരയിൽ ഉത്സവം നടത്തിയ മഹാനായ ചലച്ചിത്രകാരൻ. ഞാനടക്കമുള്ള നടൻമാരെയും , കാഴ്ചക്കാരെയും സിനിമാ വിദ്യാർത്ഥികളാക്കിയ മലയാള സിനിമയുടെ മാസ്റ്റർക്ക്, എന്റെ പ്രിയപ്പെട്ട സാറിന് പ്രണാമം.” മോഹന്‍ലാല്‍.
വിസ്മയിപ്പിക്കുന്ന കലാസൃഷ്ടികള്‍ സമ്മാനിച്ച അനുഗ്രഹീതകലകാരന് നടന്‍ ഇന്ദ്രജിത്തും ആദരാഞ്ജലി അര്‍പ്പിച്ചു.
”ഇത്രയേറെ വലിയ കാൻവാസിലുള്ള സിനിമകളുണ്ടാക്കുകയും, അതിൽ ഏകദേശം 80- 90 ശതമാനത്തോളം സിനിമകൾ നൂറു ദിവസത്തോളം ഓടുന്ന വലിയ വലിയ ഹിറ്റുകളാക്കി മാറ്റാൻ കഴിഞ്ഞിട്ടുള്ള ലോകത്തിൽ തന്നെയൊരു സംവിധായകനുണ്ടെങ്കിൽ അത് I.V. ശശി മാത്രമായിരിക്കും” ജയറാം പറഞ്ഞു.
Post Your Comments