മോളിവുഡ് സിനിമാ വ്യവസായത്തിന്റെ ഉയര്‍ച്ചയ്ക്ക് കരുത്ത് പകര്‍ന്ന സംവിധായകനായിരുന്നു ഐവി ശശി. ‘അ’ എന്ന അക്ഷരത്തിന്റെ ആരംഭം കൊണ്ട് ഹിറ്റുകളുടെ പെരുമഴ പെയ്യിച്ച പ്രതിഭാശാലി. ടി ദാമോദരന്റെ തിരക്കഥകളാണ് ഐ,വി ശശി ഏറെയും സിനിമകളാക്കിയത്. മമ്മൂട്ടിയേയും, മോഹന്‍ലാലിനെയും പോലെയുള്ള നടന്മാരെ മണ്ണിലെ നക്ഷത്രങ്ങളാക്കി ഉയര്‍ത്തി നിര്‍ത്തിയതില്‍ ഐവി ശശി എന്ന ഹിറ്റ് മേക്കറുടെ പങ്ക് ചെറുതല്ല. പ്രമേയത്തിലെ പുതുമ ആയിരുന്നില്ല ഐ,വി ശശി എന്ന സംവിധായകനെ സൂപ്പറാക്കിയത്. ഒരേ ശൈലിയിലുള്ള തിരക്കഥകള്‍ പലയാവര്‍ത്തി ബിഗ്സ്ക്രീനില്‍ ആവര്‍ത്തിച്ചെങ്കിലും മലയാള സിനിമ വലിയ ക്യാന്‍വാസില്‍ അവതരിപ്പിക്കാമെന്നു അനായാസം തെളിയിച്ച സംവിധായകനാണ് അദ്ദേഹം. ഒറ്റ ഫ്രെയിമില്‍ നൂറോളം ആര്‍ട്ടിസ്റ്റുകളെ പോലും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഐ,വി ശശിയുടെ ഷോട്ടുകള്‍ ഒരിക്കലും വിസ്മരിക്കപ്പെടില്ല.
ആക്ഷന്‍ സിനിമകളും, കുടുംബ ചിത്രങ്ങളും, കണ്ണീര് പടങ്ങളും, എന്തിനു നര്‍മ സിനിമകള്‍ പോലും ഐവി ശശിയ്ക്ക് വഴങ്ങുമായിരുന്നു.നവധാര സിനിമകള്‍ക്ക് തുടക്കം കുറിച്ച ടി ദാമോദരന്‍- ഐ.വി ശശി ടീം നല്കിയ സംഭവാനകള്‍ എണ്ണിയെടുക്കാനാകില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
സാമൂഹിക പ്രതിബന്ധതയുള്ള നിരവധി സിനിമകള്‍ ടി ദാമോദരന്‍- ഐവി ശശി കൂട്ടുകെട്ട് സമ്മാനിച്ചു.
ടി.ദാമോദരന്റെ ചടുലമായ സംഭാഷണങ്ങള്‍ക്കും കരുത്തുറ്റ തിരക്കഥയ്ക്കും ഐ.വി ശശി എന്ന ഫിലിം മേക്കര്‍ നല്കിയ വേഗത അഭിനന്ദനാര്‍ഹമായിരുന്നു. മെല്ലപ്പോക്ക് സിനിമകളെയും, നാടകീയതയില്‍ വെന്ത പഴയകാല ചിത്രങ്ങളെയുമൊക്കെ നുള്ളി കളഞ്ഞു മലയാള സിനിമയ്ക്ക് പുത്തന്‍ വാസന നല്കിയ സൂത്രധാരനാണ് മലയാളത്തിന്റെ സ്വന്തം ഐ.വി ശശി.
ഗ്ലാമറസ് വേഷങ്ങളോടെ നായിക മുഖങ്ങളെ ക്യാമറയ്ക്ക് മുന്നിലെത്തിക്കുമ്പോഴും വികാരം ഉണര്‍ത്തുന്ന വെറുമൊരു മേനി പ്രദര്‍ശനം മാത്രമായി ഒതുങ്ങിയില്ല ഐ.വി ശശിയുടെ കുട്ടിയുടുപ്പു നായികമാര്‍. 1978-ല്‍ സീമയെ നായികയാക്കി അവളുടെ രാവുകള്‍ എന്ന ചിത്രം വെള്ളിത്തിരയില്‍ അവതരിപ്പിക്കുമ്പോള്‍ എങ്ങു നിന്നൊക്കെയോ വിവാദങ്ങള്‍ കൂട് പൊട്ടിയിരുന്നു. ‘എ’ സര്‍ട്ടിഫിക്കറ്റോടെ മുദ്രകുത്തപ്പെട്ടു അശ്ലീലചുവ മാത്രം അനുഭവിപ്പിച്ച സിനിമയായി മാത്രം അറിയപ്പെടാന്‍ വിധിക്കപ്പെടുമായിരുന്ന അവളുടെ രാവുകള്‍ മലയാള സിനിമയിലെ ക്ലാസിക് പദവിയുടെ പട്ടികയിലേക്ക് നടന്നു കയറിയതിനു പിന്നില്‍ ഐവി ശശി എന്ന ഹിറ്റ് മേക്കറുടെ ചങ്കൂറ്റമുണ്ട്.
ഒരു വേശ്യയുടെ ജീവിതകഥ പറയാന്‍ പലരും മടിച്ചപ്പോള്‍ തലയെടുപ്പോടെ ആ ദൗത്യം ഐവി ശശി എന്ന ഫിലിം മേക്കര്‍ ഏറ്റെടുത്തു. ഒരു മുഖ്യാധാര സംവിധായകന്റെ കൈകളിലേക്ക് അവളുടെ രാവുകളുടെ പ്രമേയം എത്തിയപ്പോള്‍ പലരും നെറ്റിചുളിച്ചു. എന്നാല്‍ ആരും ചെയ്യാത്തത് ചെയ്യണം എന്ന വാശിയില്‍ ഐവി ശശി അവളുടെ രാവുകള്‍ തെല്ലും ഭയമില്ലാതെ സ്ക്രീനില്‍ എത്തിച്ചു. അവളുടെ രാവുകള്‍ പ്രേക്ഷകന് അതിശയ രാവുകളായി മാറിയത് വേഗത്തിലായിരുന്നു.
രാജി എന്ന വേശ്യ പെണ്ണിനോട് രതിയല്ല പ്രേക്ഷകന് അനുഭവപ്പെട്ടത് , വൈകാരികമായ പൊള്ളലാണ്. ഐവി ശശി ഹൃദയം കൊണ്ട് അവതരിപ്പിച്ച അവളുടെ രാവുകള്‍ ഇന്നും മലയാളിക്ക് പരിചിതവും, പുതുമയുള്ളതും പുതിയതുമാണ്.
ഉയരങ്ങളിലും, ഈറ്റയും, കരിമ്പനയും, തൃഷ്ണയുമൊക്കെ അശ്ലീല കണ്ണോടെ നോക്കുന്നവര്‍ക്ക് പോലും നൈമിഷികമായ വികാരാനുഭവം മാത്രമാകും ചിത്രം സമ്മാനിക്കുക. കഥ അതിന്റെ അവതരണ പ്രതലത്തിലേക്ക് കടക്കുമ്പോള്‍ പ്രേക്ഷകന് വെറും പ്രേക്ഷകനായി തളയ്ക്കപ്പെടും. നായിക നടിമാരുടെ മേനിയഴകില്‍ ആകൃഷ്ടരാകാതെ ഹൃദയം കൊണ്ടെഴുതിയ ഐവി ശശി ചിത്രങ്ങള്‍ക്ക് അവര്‍ കയ്യടിച്ചിരുന്നു. കെട്ടുറപ്പുള്ള ആഖ്യാനങ്ങളിലേക്ക് ക്യാമറ തിരിച്ച ഐവി ശശി വിപണന സാധ്യതകളെയും തന്റെ ചിത്രങ്ങളിലേക്ക് വിളക്കി ചേര്‍ത്തിരുന്നു.വിനോദത്തിനു വേണ്ടി വിനോദ സിനിമയെടുത്ത് പ്രേക്ഷകരെ വിഡ്ഢിയാക്കാത്ത ഐ,വി ശശി തുടങ്ങിവച്ചിടത്ത് നിന്നാണ് പലരും മലയാള സിനിമയുടെ പുതു ശൈലിയിലേക്ക് ഓടിയും നടന്നും കയറിയത്. അദ്ദേഹം എന്നും ബോക്സോഫീസിന്റെ പൊന്നോമനയായ ഫിലിം മേക്കര്‍ ആയിരുന്നു.
Post Your Comments