ഒരുകാലത്ത് സിനിമാക്കാരുടെ ദേശമായിരുന്നു മദിരാശി.പലരും സിനിമാ മോഹവുമായി വണ്ടികേറുന്നത് മദിരാശിയിലേക്കായിരിക്കും.എന്നാൽ ഇപ്പോൾ മലയാള ചലച്ചിത്രലോകവും മദിരാശി വിട്ട് കൊച്ചി പിടിച്ചിരിക്കുകയാണ്.അങ്ങനെ കൊച്ചിയിലേക്ക് ചേക്കേറിയ ഒരാളാണ് സംവിധായകൻ പ്രിയദർശൻ.
പ്രിയദർശന്‍റെ സിനിമകൾക്കൊക്കെ വർഷങ്ങൾ പഴക്കമുണ്ടെങ്കിലും ഇന്നും അതിനൊരു പുതുമ തോന്നാറുണ്ട്.അതുപോലെയാണ് അദ്ദേഹത്തിന്‍റെ പുതിയ ഫ്ലാറ്റും. എന്തുകൊണ്ട് എറണാകുളത്ത് വീട് വാങ്ങി എന്ന് സിനിമാക്കാരോട് ചോദിക്കുന്നതിൽ കാര്യമില്ല. കാരണം, മലയാളസിനിമ മദിരാശിയോട് സലാം പറഞ്ഞ് എറണാകുളത്ത് കൂടിയിട്ട് നാളേറെയായി.തിരക്കുള്ള നടീനടന്മാരും ടെക്നീഷ്യൻമാരുമൊക്കെ എറണാകുളത്തൊരു വിലാസം സ്വന്തമാക്കുന്നുണ്ട്. പക്ഷേ, ജോലി മാത്രമല്ല പ്രിയനെക്കൊണ്ട് ഇങ്ങനൊരു തീരുമാനം എടുപ്പിച്ചത്.
“ദാ ഈ കാഴ്ച മനസ്സിൽ കണ്ടാണ് ഞാൻ ഇങ്ങനൊരു സംരംഭത്തിനിറങ്ങിയത്”, ലിവിങ്ങിലെ കൂറ്റന്‍ ഗ്ലാസ് ഭിത്തിയിലേക്ക് ചൂണ്ടി സംവിധായകൻ പറഞ്ഞു. ആ ചില്ലുജനാലയ്ക്കപ്പുറം കൊച്ചിക്കായലാണ്. ഇരുകരകളിലുമായി നഗരം തിരക്കിട്ടു പായുന്നു. കായലും കരയുമെല്ലാം ജീവൻ തുടിച്ചു നിൽക്കുന്നൊരു കിടിലൻ ഫ്രെയിം! ലിവിങ്ങില്‍ മാത്രമല്ല മൂന്ന് കിടപ്പുമുറികളിലും ഈ കാഴ്ച വിരുന്നെത്തും.
ഡിലൈഫ് ഇന്റീരിയേഴ്സ് രൂപകൽപന ചെയ്ത ഫ്ലാറ്റ് എല്ലാ ചേരുവകളുമിണങ്ങിയൊരു ഗ്ലാമറസ് പടം തന്നെയാണ്.
പ്രിയദർശൻ തന്നെ രൂപകൽപ്പന ചെയ്ത ഈ ഫ്ലാറ്റ് സമുച്ചയത്തിന് ‘ ദ് മൂവീ ഹൗസസ്’ എന്നാണ് പേര് നൽകിയത്.ചെന്നൈയിലെ വീടിന് ലൂമിയർ ഹൗസ് എന്നായിരുന്നു പേര്.അതിനെ കുറിച്ച് ചോദിച്ചവർക്ക് പ്രിയൻ നൽകിയ മറുപടി ഇതായിരുന്നു ലൂമിയർ സഹോദരങ്ങൾ സിനിമ കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ പ്രിയദർശൻ എന്ന സംവിധായകനും ഈ വീടും ഉണ്ടാകുമായിരുന്നില്ല എന്നാണ്.
Post Your Comments