അരുണ്‍ കുമാര്‍ അരവിന്ദിന്റെ കാറ്റ് എന്ന ചിത്രം മെര്‍സല്‍ ഇറങ്ങുന്നതിനും ഒരാഴ്ച മുന്‍പാണ് തിയേറ്ററില്‍ എത്തിയത്. ഒരുപാട് പ്രദര്‍ശനശാലകള്‍ കിട്ടാതിരുന്ന ചിത്രത്തിന് മെര്‍സലിന്റെ വരവ് കനത്ത തിരിച്ചടിയാണ് നല്‍കിയത്. ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറയുന്ന വിജയ് കഥകള്‍ മടുക്കാത്ത പ്രേക്ഷകന് ‘കാറ്റ്’ എന്ന നല്ല ചിത്രത്തെ അവഗണിച്ചാണ് മെര്‍സലിനായി പൊരിവെയിലത്ത് ക്യൂ നില്‍ക്കുന്നത്. കാറ്റിന്റെ പ്രമേയം എല്ലാവര്ക്കും ദഹിക്കുന്നതല്ലെങ്കിലും സാമ്പത്തികമായ ഒരു ശരാശരി വിജയം ചിത്രം അര്‍ഹിച്ചിരുന്നു.
കേരളത്തിലെ മിക്ക കേന്ദ്രങ്ങളില്‍ നിന്നും കാറ്റ് വളരെ വേഗം പറന്നകന്നത് സങ്കടകരമാണ്. മെര്‍സലിന്റെ കേരളത്തിലെ ആദ്യദിന കളക്ഷന്റെ കണക്ക് പുറത്തു വരുമ്പോഴേക്കും അരുണ്‍ കുമാര്‍ അരവിന്ദ് ഒരുക്കിയ കാറ്റ് കൊടുംങ്കാറ്റ് ആകാതെ തിയേറ്റര്‍ വിട്ടിരുന്നു. സിനിമയെ വിനോദപരമായി കാണുന്ന പ്രേക്ഷകനെ നമുക്ക് വെറുതെ വിടാം. അവര്‍ മെര്‍സലും വില്ലനുമൊക്കെ കാണാന്‍ ക്യൂ നിന്നോട്ടെ. എന്നാല്‍ സിനിമയെ ഗൗരവമായി കാണുന്ന എത്ര പേര് കാറ്റ് എന്ന സിനിമ കണ്ടിട്ടുണ്ടാകും, അവരൊക്കെ തന്നെയാണ് ഈ വിജയ് ഷോയ്ക്ക് തള്ളികയറുന്നതും, മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പടെ എത്ര പേര് കാറ്റിനു ടിക്കറ്റ് എടുത്തിട്ടുണ്ടാകും? അവരില്‍ ചിലരൊക്കെ ഇപ്പോള്‍ മെര്‍സലിനായി ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തി അത് കാണാനുള്ള തയ്യാറെടുപ്പിലാകും എന്നതാണ് മറ്റൊരു സത്യം. കാറ്റ് കാണണം എന്ന് വാദിക്കുന്നവരെ പോലും വിശ്വസിക്കാനാകാത്ത കാലത്തിലാണ് മലയാള സിനിമ എത്തി നില്‍ക്കുന്നത്.
‘ആകാശ മിഠായി’ ആണ് കഴിഞ്ഞ ദിവസം റിലീസിന് എത്തിയ മലയാള ചിത്രം. എം പത്മകുമാറും സമുദ്രക്കനിയും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ നാണിപ്പിക്കുന്നതാണ്. ഭേദപ്പെട്ട ചിത്രമെന്ന അഭിപ്രായം നേടിയിട്ടും ചിത്രത്തിന് കാര്യമായ സ്വീകാര്യത ലഭിക്കുന്നില്ല. മെര്‍സല്‍ ആഘോഷത്തിനിടെ മുങ്ങി പോകുന്ന ആകാശ മിഠായിയെ മലയാളികള്‍ തന്നെ വരും നാളില്‍ വാഴ്ത്തിപ്പാടും. നല്ലൊരു കുടുംബം ചിത്രം കാണാതിരുന്നതിന്റെ പശ്ചാത്താപം അവര്‍ ഫേസ്ബുക്കിലെ സിനിമാ ഗ്രൂപ്പുകളില്‍ എഴുതി തീര്‍ക്കും. ടോറന്റും, ഡിവിഡിയും ഇറങ്ങുമ്പോള്‍ തിയേറ്ററില്‍ കാണാതിരുന്നതിന്റെ നഷ്ടം പങ്കുവയ്ക്കുകയും ചെയ്യും.
Post Your Comments