മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ ഇന്ദുലേഖ. ഈ നോവലിന്റെ ദൃശ്യാവിഷ്കാരത്തില്‍ മാധവനായി തിളങ്ങിയ നടന്‍ രാജ് മോഹന്റെ ജീവിതം ഇപ്പോള്‍ ദുരിതത്തില്‍. വാര്‍ദ്ധക്യ ജീവിതത്തില്‍ ആശ്രയവും സാമ്പത്തികവുമില്ലാതെ ഒറ്റപ്പെട്ടു കഴിയുകയാണ് ഈ ആദ്യകാല സിനിമാ താരം.
കലാനിലയം കൃഷ്ണൻ നായർ 1967ൽ ഒരുക്കിയ ചിത്രമാണ് ഇന്ദുലേഖ. ആദ്യം സിനിമയിലെ നായകനുവേണ്ടി പത്രത്തിലൊക്കെ പരസ്യം ചെയ്തെങ്കിലും ഒടുവിൽ തന്റെ മകളുടെ ഭർത്താവായ രാജ്മോഹനെ നായകനാക്കുകയായിരുന്നു. കലാനിലയം തിയറ്റേഴ്സാണു സിനിമ നിർമിച്ചത്. രാജ്മോഹൻ വേറെയും ചില സിനിമകളിലും അക്കാലത്ത് അഭിനയിച്ചു.
പിന്നീട് കൃഷ്ണൻ നായരുമായി ചേര്‍ന്ന് ട്രപ്പീസ് രാമു എന്ന സിനിമ നിർമിക്കാൻ രണ്ടുലക്ഷം രൂപ മുടക്കി. നിര്‍മ്മാണം പൂര്‍ത്തിയാകാതെ പാതിവഴിയില്‍ ആ ചിത്രം ഉപേക്ഷിക്കപ്പെട്ടു. അതോടുകൂടി ഉണ്ടായ അഭിപ്രായ വ്യത്യാസത്തില്‍ കൃഷ്ണന്‍ നായരുമായും ആ കുടുംബവുമായും വിവാഹബന്ധവും പിരിഞ്ഞു. സിനിമയില്‍ നിന്നും അതോടുകൂടി അകന്നു.
എംഎയും വക്കീൽ ബിരുദവും കയ്യിലുള്ളതു കൊണ്ടു അക്കാലത്ത് ട്യൂഷനെടുത്തു ജീവിച്ചു. എന്നാല്‍ ഇപ്പോള്‍ എണ്‍പത്തി രണ്ടു കാരനായ ഇദ്ദേഹം ചാക്കയിൽ ആസ്ബസ്റ്റോസ് ഷീറ്റും സാരികളും കൊണ്ടു മറച്ച ഷെഡിലാണു താമസം. സമ്പാദ്യമൊന്നുമില്ലാതെ ആരുടെയെങ്കിലും സഹായത്തോടെ കഴിയുന്നു.
സർക്കാരിന്റെ വാർധക്യ പെൻഷന് അപേക്ഷിക്കാൻ ഒരു തിരിച്ചറിയൽ രേഖപോലും ഇദ്ദേഹത്തിനില്ല. കഴിഞ്ഞുകൂടാൻ മാസം 1500 രൂപ ഒരൊറ്റ ആഗ്രഹം മാത്രമാണ് ഈ പഴയകാല നടന് ഇപ്പോഴുള്ളത്. സിനിമയിലെ പഴയ ശിഷ്യരില്‍ ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷ മാത്രം.
Post Your Comments