CinemaFilm ArticlesGeneralTV Shows

ബിഗ്‌ സ്ക്രീനില്‍ ഇടമില്ല, ഇവര്‍ മിനി സ്ക്രീനിലെ മിന്നും താരങ്ങള്‍!

ബിഗ്‌ സ്ക്രീനില്‍ അവസരം കുറയുന്നതിനാല്‍  പല നടിമാരും ചാനല്‍ പ്രോഗ്രാമുകളില്‍ അവതാരകരായി ചാര്‍ജ് എടുക്കുകയാണ്. നടി മീരനന്ദന്‍, ദൃശ്യത്തിലൂടെ ശ്രദ്ധേയായ അന്‍സിബ ഹസന്‍ ഇവരൊക്കെ ഇപ്പോള്‍ മിനി സ്ക്രീനിലെ അവതണ രംഗത്ത് സജീവമാണ്. പാര്‍വതി, രമ്യാനമ്പീശന്‍ തുടങ്ങിയ നടിമാര്‍ അവതാരക റോളില്‍ നിന്നാണ് സിനിമയിലെത്തിയതെങ്കില്‍ ബിഗ്‌ സ്ക്രീനില്‍ നിന്ന് അവതരണ രംഗത്തേക്ക് എത്തുന്ന ഇവര്‍ ടിവി സ്ക്രീനുകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറുകയാണ്‌.

നടിമാര്‍ മാത്രമല്ല മിഥുന്‍ രമേശ്‌ എന്ന നടനും രമേശ്‌ പിഷാരടിയുമൊക്കെ ഉള്‍പ്പടെയുള്ള ആണ്‍ മുഖങ്ങളും ചാനല്‍ ഫ്ലോറിലെ ആവേശമാണ്. സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതെ പോകുമ്പോഴും മിനിസ്ക്രീനിലെ മിന്നും താരമായി മാറാന്‍ ഇവര്‍ക്ക് ഓരോരുത്തര്‍ക്കും കഴിയുന്നുണ്ട്. ഫ്ലവേഴ്സ് ടിവിയിലെ ‘കോമഡി ഉത്സവം’ എന്ന പ്രോഗ്രാമിന്റെ പ്രധാന അവതാരകനാണ് മിഥുന്‍ രമേശ്‌. കഴിവുള്ള അനേകം കലാകാരന്‍മാര്‍ക്ക് അവസരം ഒരുക്കുന്ന കോമഡി ഉത്സവം മിഥുന്‍റെ അവതരണ മിടുക്കിനാല്‍ ശ്രദ്ധേയമാണ്, ടിനി ടോം ഉള്‍പ്പടെയുള്ള വിധികര്‍ത്താക്കള്‍ക്കെതിരെ മനോഹരമായ കൗണ്ടര്‍ അടിച്ചു പിടിച്ചു നില്‍ക്കുന്ന മിഥുന്‍ വളരെ സിമ്പിള്‍ ആയിട്ടാണ് ആ പ്രോഗ്രാമിന്‍റെ അവതരണ ഭംഗി നിലനിര്‍ത്തുന്നത്. ഒട്ടേറെ കഴ്ചകാരുള്ള ഫ്ലവേഴ്സ് ടിവിയിലെ കോമഡി ഉത്സവം ജനപ്രിയ പ്രോഗ്രാമുകളില്‍ ഒന്നാമതാണ്.നടന്മാരുടെയും, രാഷ്ട്രീയക്കാരുടെയും ശബ്ദ അനുകരണത്തിലൂടെ ഏറെ പെര്‍ഫക്ഷന്‍ പുലര്‍ത്തുന്ന നിരവധി കലാകാരന്‍മാരാല്‍ സമ്പന്നമാണ് കോമഡി ഉത്സവം,അവരെ പ്രോത്സാഹിപ്പിക്കാനും, പ്രചോനം നല്‍കാനും മുന്‍നിരയില്‍ തന്നെയുണ്ട്‌ സിനിമാ താരമായ മിഥുന്‍ രമേശ്‌ എന്ന അവതാരകന്‍.

മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തെ ആസ്പദമാക്കി അമൃത ടിവി ഒരുക്കുന്ന ലാല്‍ ഷോയിലെ അവതാരക, നടി മീരനന്ദനാണ്. ലാല്‍ജോസിന്റെ ‘മുല്ല’ എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ മീരനന്ദന്‍ പിന്നീടു ശക്തമായ നായിക കഥാപാത്രങ്ങളെ ഒന്നും വെള്ളിത്തിരയില്‍ അവതരിപ്പിച്ചിട്ടില്ല . പുതിയ മുഖം, മല്ലു സിംഗ്, സീനിയേഴ്സ്, എന്നിവയാണ് മീരയുടെ മറ്റു ശ്രദ്ധേയ ചിത്രങ്ങള്‍. തെന്നിന്ത്യന്‍ സിനിമകളിലേക്ക് ശ്രദ്ധ പതിപ്പിച്ച മീരയ്ക്ക് അവിടെയും വലിയ ഒരു തരംഗം ഉണ്ടാക്കാന്‍ സാധിച്ചില്ല.

‘ഇന്നത്തെ ചിന്താവിഷയം’ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ വെള്ളിത്തിയില്‍ എത്തിയ നടി അന്‍സിബയും ടിവി ഷോകളിലെ പ്രധാന അവതാരക വദനമാണ്‌. ഫ്ലവേഴ്സ് ടിവിയിലെ കോമഡി സൂപ്പര്‍ നൈറ്റിലാണ് അന്‍സിബ അവതാരകയുടെ വേഷമണിയുന്നത്. ദൃശ്യം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ അഭിനയിച്ച ശേഷം കൂടുതലും കോളിവുഡ് സിനിമകളാണ് അന്‍സിബയെ തേടിയെത്തിയത്‌. ആന്‍ങ്കറിംഗ് രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന അന്‍സിബ കോമഡി സൂപ്പര്‍ നൈറ്റിലൂടെയാണ് അവതരണ രംഗത്ത് സജീവമായത്.

ടിനി ടോം, ജഗദീഷ്, രമേശ്‌ പിഷാരടി, തുടങ്ങിയവരും ടിവി ഷോകളിലെ മിന്നും താരങ്ങളാണ്. ‘കപ്പല്‍ മുതലാളി’ എന്ന ചിത്രത്തിലൂടെ നായകനായി എത്തിയ രമേശ്‌ പിഷാരടി ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ് എന്ന പ്രോഗ്രാമിന്റെ പ്രധാന അവതാരകനാണ്. ധര്‍മജനെ പോലെ ബിഗ്‌ സ്ക്രീനില്‍ ശോഭിക്കാന്‍ പിഷാരടിക്ക് കഴിഞ്ഞില്ല, എന്നാല്‍ താന്‍ സംവിധാന രംഗത്തേക്ക് ചുവടുവയ്ക്കുന്നു എന്ന ഞെട്ടിക്കുന്ന പ്രഖ്യാപനവുമായാണ് രമേശ്‌ പിഷാരടി എത്തിയത്. ‘പഞ്ചവര്‍ണ്ണ തത്ത’ എന്ന പേരില്‍ ഒരു സിനിമ ചെയ്യാന്‍ തയ്യാറെടുക്കുന്ന പിഷാരടി വ്യത്യസ്ത പരസ്യ രീതിയിലൂടെയാണ് ഈ വിവരം പ്രേക്ഷകരെ അറിയിച്ചത്. ജയറാം, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് ചിത്രത്തിലെ നായകന്‍മാര്‍. മിനി സ്ക്രീന്‍ രംഗത്തെ സൂപ്പര്‍ താരമായ രമേശ്‌ പിഷാരടി മലയാളത്തിലെ ഹിറ്റ് മേക്കര്‍ ആകാനുള്ള ഒരുക്കത്തിലാണ്.

സിനിമയില്‍ അവസരം കുറഞ്ഞ ടിനി ടോം കോമഡി ഉത്സവത്തിന്റെ വിധി കര്‍ത്താവാകുമ്പോള്‍ ചാനലിലെ എക്സ്പീരിയന്‍സ് ആയിട്ടുള്ള മുതിര്‍ന്ന വിധി കര്‍ത്താവാണ് ജഗദീഷ്. ഏഷ്യാനെറ്റിലെ വോഡാഫോണ്‍ കോമഡി സ്റ്റാര്‍ഴ്സിലെ വിധി കര്‍ത്താവിന്റെ ചെയറില്‍ വര്‍ഷങ്ങളായി ഇരിക്കുന്ന ജഗദീഷ് ട്രോളര്‍മാരുടെ സ്ഥിരം ഇരയാണ്.പ്രോഗ്രാമിന്റെ ആരംഭത്തിന് മുന്നോടിയായി രംഗപ്രവേശം ചെയ്യുന്ന ജഗദീഷ് കബാലിയായും, ബാഹുബലിയായുമൊക്കെ എത്തുമ്പോള്‍ ട്രോളര്‍മാര്‍ക്ക് ട്രോള്‍ ഉണ്ടാകാതെ തരമില്ല എന്നതാണ് മറ്റൊരു സത്യം.

shortlink

Related Articles

Post Your Comments


Back to top button