ആദ്യം നിശ്ചയിച്ച നടനില്‍ നിന്ന് മാറി ഒരു കഥാപാത്രത്തെ മറ്റൊരാള്‍ക്ക് കൊടുക്കുന്നത് മലയാളത്തില്‍ എന്നല്ല എല്ലാ ഭാഷയിലും ഉണ്ട്. അങ്ങനെ പകരമെത്തുന്ന താരങ്ങള്‍ ആ വേഷം അവിസ്മരണീയമാക്കിയ ചരിത്രങ്ങൾ പല പ്രാവശ്യം ഉണ്ടായിട്ടുണ്ട്. മമ്മൂട്ടിക്ക് വേണ്ടി എഴുതിയ കഥാപാത്രങ്ങളെ സുരേഷ് ഗോപി അവതരിപ്പിച്ച് സൂപ്പര്‍ ഹിറ്റാക്കിയ ചരിത്രവും ഉണ്ട്. അതില്‍ പ്രധാനപ്പെട്ട ചിത്രങ്ങളാണ് ഏലവ്യനും കമ്മീഷണറും. എന്നാല്‍ സുരേഷ് ഗോപിയ്ക്കായി എഴുതിയ ഒരു കഥാപാത്രത്തെ മമ്മൂട്ടി വെളിത്തിരയില്‍ അനശ്വരമാക്കിയിട്ടുണ്ട്. അതാണ് നന്ദഗോപാല്‍ മാരാര്‍.
ഷാജി കൈലാസിന്റെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു നരസിംഹം. മോഹന്‍ലാല്‍ പൂവള്ളി ഇന്ദുചൂഡനായി അവതരിച്ച ചിത്രത്തില്‍ നന്ദഗോപാല്‍ മാരാര്‍ എന്ന സുപ്രീം കോര്‍ട്ട് വക്കീൽ വേഷത്തില്‍ എത്തിയത് മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു. ചിത്രത്തിലെ വക്കീലായി സുരേഷ് ഗോപിയായിരുന്നു ഷാജി കൈലാസിന്റെ മനസില്‍ ഉണ്ടായിരുന്നത്. പക്ഷേ ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മമ്മൂട്ടി വേണമെന്നായിരുന്നു തിരക്കഥ ഒരുക്കിയ രഞ്ജിത്തിന്റേയും നായകന് മോഹന്‍ലാലിന്റേയും താല്പര്യം. ജീവിതത്തിലും മമ്മൂട്ടി വക്കീലായിരുന്നു എന്നതായിരുന്നു രഞ്ജിത്തിന് പ്രചോദനമായത്.
പൂവള്ളി ഇന്ദു ചൂഡന്റെ അച്ഛന് വേണ്ടി കോടതിയില്‍ കത്തിക്കയറിയ നരിയെ പ്രേക്ഷകര്‍ വരവേറ്റു. ഒരു അതിഥി വേഷം എന്ന നിലയില്‍ നിന്നും വളരെ ഉയര്‍ത്തി ഒരു മാസ് പരിവേഷമാണ് ആ കഥാപാത്രത്തിനുള്ളത്. 2000ല്‍ റിലീസായ നരസിംഹം ഇന്‍ഡസ്ട്രി ഹിറ്റായിരുന്നു. ആദ്യമായി 20 കോടി മലയാളസിനിമ ബോക്സ് ഓഫീസില്‍ കളക്ഷന്‍ നേടുന്നത് നരസിംഹത്തിലൂടെയായിരുന്നു.
Post Your Comments