ഈ ക്രിസ്മസിന് തീയറ്ററുകളിൽ എത്തുന്ന പൃഥ്വിരാജ് ചിത്രമായ വിമാനം ഒരു മാധ്യമ പ്രവർത്തകന്റെ സ്വപ്നങ്ങളുടെ ആകത്തുകയാണ്. പല ജീവിതങ്ങളും ചിത്രങ്ങളായി പ്രേക്ഷകരുടെ മുന്നിലേക്കെത്താറുണ്ട്. എന്നാൽ വിമാനമെന്ന ചിത്രത്തിന് പ്രത്യേകതകൾ രണ്ടാണ്.സജിയെന്ന ബധിരനും മൂകനുമായ മൂവാറ്റുപുഴക്കാരന്റെ വിമാനമെന്ന സ്വപ്നം സത്യമാകുന്ന യഥാർത്ഥ സംഭവമാണ് ചിത്രത്തിനുള്ളിലെ കഥയെങ്കിൽ ഒരു സംവിധായകനാകുക എന്ന സ്വപ്നം യാഥാർഥ്യമാക്കുന്ന ഒരു മാധ്യപ്രവർത്തകന്റെ കഥയാണ് ചിത്രത്തിന് പുറത്തുള്ളത്.പറഞ്ഞു വരുന്നത് വിമാനം എന്ന ചിത്രത്തിന്റെ സംവിധായകൻ പ്രദീപ് എം നായർ എന്ന ചെറുപ്പക്കാരനെ കുറിച്ചാണ്.
11 വർഷത്തെ മാധ്യമപ്രവർത്തന അനുഭവങ്ങൾ മാറ്റിവെച്ച് പ്രദീപ് സംവിധായക വേഷം അണിഞ്ഞത് ഇച്ഛാ ശക്തി ഒന്നുകൊണ്ട് മാത്രമാണ്.പഠിക്കുന്ന കാലത്ത് ഹ്രസ്വ ചിത്രങ്ങൾ നിർമിച്ചതും സംവിധായകൻ ജയരാജിനൊപ്പം ചില ചിത്രങ്ങളിൽ സഹായിയായി പ്രവർത്തിച്ചതും മാത്രം പോരാ ഒരു സംവിധായകന്റെ വേഷമണിയാൻ എന്ന് തിരിച്ചറിഞ്ഞതുകൊണ്ടു തന്നെ ഏറെ നാളത്തെ ഗവേഷണവും പഠനവും പ്രദീപ് നടത്തിയിരുന്നു.അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് പ്രദീപ് എന്ന ഈ നവാഗത സംവിധായകൻ വിമാനമെന്ന തന്റെ ചിത്രത്തെ നോക്കികാണുന്നത്. സിനിമകണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സിൽ കഥയും കഥാപാത്രങ്ങളും തങ്ങി നിൽക്കണമെന്ന ഉദ്ദേശത്തോടെ തന്നെ വ്യത്യസ്തമായ മേക് ഓവറോടെയാവും പ്രദീപ് തന്റെ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കുക എന്നാണ് സൂചന.
Post Your Comments