നല്ല ചിത്രമായിരുന്നിട്ടും തിയേറ്ററില്‍ ആളില്ലാതെ പോകുന്ന പ്രവണതയ്ക്ക് മാറ്റം വരണമെന്നു നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന കാറ്റ് എന്ന ചിത്രം വേണ്ടത്ര പ്രേക്ഷക സ്വീകാര്യത നേടാത്ത അവസരത്തിലാണ് വിനീത് ഫേസ്ബുക്ക് പോസ്റ്റില്‍ കാറ്റിനെ പിന്തുണച്ച് എത്തിയത്. അടുത്തിടെയായി ഇറങ്ങിയ കുറച്ച് നല്ല ചിത്രങ്ങള്‍ തിയേറ്ററുകളില്‍ ശ്രദ്ധനേടാതിരിക്കുകയും പീന്നീട് ടൊറന്റിലും ഡിവിഡിയായും ഇറങ്ങിയ ശേഷം പ്രശംസിക്കപ്പെടാറുണ്ടെന്നും, ഈ ചിത്രത്തിന് അങ്ങനെയൊരു ഗതി വരരുതെന്നും വിനീത് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
വിനീത് ശ്രീനിവാസന്റെ ഫേസ്ബുക്ക് പോസ്റ്റ്
“കാറ്റിനെക്കുറിച്ച് നല്ല അഭിപ്രായങ്ങളാണ് കേള്‍ക്കുന്നത്. ഈ അടുത്ത കാലത്ത് ലെഫ്റ്റ് റെറ്റ് ലെഫ്റ്റ് എന്നീ ചിത്രങ്ങള്‍ ഒരുക്കിയ അരുണ്‍കുമാര്‍ അരവിന്ദിന്റെ ചിത്രമായതിനാല്‍ ആദ്യദിവസം തന്നെ കാറ്റ് കാണാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ അല്ലാത്തതിനാല്‍ അതിന് കഴിഞ്ഞിരുന്നില്ല. അടുത്തിടെയായി ഇറങ്ങിയ കുറച്ച് നല്ല ചിത്രങ്ങള്‍ തിയേറ്ററുകളില്‍ ശ്രദ്ധനേടാതിരിക്കുകയും പീന്നീട് ടൊറന്റിലും ഡിവിഡിയായും ഇറങ്ങിയ ശേഷം പ്രശംസിക്കപ്പെടാറുണ്ട്.
ഈ ചിത്രത്തിന് അങ്ങനെയൊരു ഗതി വരരുതെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. എല്ലാത്തരത്തിലുള്ള സിനിമകളും ആസ്വദിക്കുന്നവരാണ് നമ്മള് കേരളീയര്‍. ഈ ചിത്രത്തിനായി നിങ്ങള്‍ക്ക് സമയം ചെലവഴിക്കാന്‍ സാധിക്കുമെങ്കില്‍ ഉടന്‍ ചെയ്യുക. ഞാന്‍ ഈ സിനിമയുടെ ഭാഗമല്ല. പക്ഷേ, മലയാള സിനിമയില്‍ ഈ കാലഘട്ടത്തിലെ എന്റെ പ്രിയ അഞ്ച് സംവിധായകരില്‍ ഒരാളാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ ഇത്തരത്തില്‍ പറയുന്നത്”.
Post Your Comments