
കോളിവുഡില്‍ നടന്‍ വിജയ്ക്ക് വീണ്ടും തിരിച്ചടി. ‘തെരി’ സംവിധായകന്‍ ആറ്റ്‌ലി വിജയ്‌യുമായി ഒന്നിക്കുന്ന പുതിയ ചിത്രം മെര്‍സല്‍ വീണ്ടും വിവാദത്തില്‍. ചിത്രം ദീപാവലിയ്ക്ക് പ്രദര്‍ശനത്തിനെത്തുമെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചിത്രം ദീപാവലിക്ക് തീയേറ്ററുകളില്‍ എത്തുമോ എന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ചിത്രത്തില്‍ പക്ഷിമൃഗാദികളെ ഉപയോഗിച്ചത് തങ്ങളുടെ അനുമതിയോടെയല്ലെന്ന മൃഗസംരക്ഷണ ബോര്‍ഡിന്റെ നിലപാടാണ് ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
പക്ഷിമൃഗാദികളെ ചിത്രീകരണത്തിന് ഉപയോഗിച്ചിരുന്നു. എന്നാല്‍ അതിനു അനുമതി മൃഗസംരക്ഷണ ബോര്‍ഡില്‍ നിന്നും ലഭിച്ചിരുന്നില്ല. കൂടാതെ പല വിവരങ്ങളും മറച്ചുവച്ചും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കിയുമാണ് അനുമതിക്കായി ബോര്‍ഡിനെ സമീപിച്ചത്. ചെന്നൈ ബിന്നി മില്‍സില്‍ വലിയ ക്യാന്‍വാസില്‍ പക്ഷിമൃഗാദികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ചിത്രീകരണം അവര്‍ നടത്തിയിരുന്നു. ബോര്‍ഡില്‍ നിന്നും അനുമതി നേടാത്ത ചിത്രീകരണമായിരുന്നു അത്. വിവരമറിഞ്ഞ് ഞങ്ങളുടെ പ്രതിനിധികള്‍ അവിടെ എത്തിയപ്പോഴേക്കും അവര്‍ മൃഗങ്ങളെ നീക്കിയിരുന്നു. പക്ഷേ അത്തരത്തിലൊരു ചിത്രീകരണം അവിടെ നടന്നിരുന്നുവെന്ന് ഞങ്ങള്‍ മനസിലാക്കി. മൃഗങ്ങളെ കൊണ്ടുവന്നവര്‍ ബോര്‍ഡ് പ്രതിനിധികള്‍ എത്തുന്നതറിഞ്ഞ് കടന്നുകളഞ്ഞെന്നാണ് അണിയറക്കാര്‍ പറഞ്ഞത്. അത് വിശ്വസനീയമായിരുന്നില്ല. പിന്നീട് അതിനോടകം ചിത്രീകരിച്ച ദൃശ്യങ്ങളില്‍ മൃഗങ്ങളെ ഉപയോഗിക്കാനുള്ള അനുമതിയ്ക്കായി അവര്‍ ബോര്‍ഡിനെ സമീപിച്ചു. അത് തുടക്കത്തില്‍ ഞങ്ങള്‍ നിഷേധിച്ചു. ചിത്രീകരിച്ച ഫുട്ടേജുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. ഹാജരാക്കിയ ഫുട്ടേജുകളില്‍ ബോര്‍ഡിനെ നിര്‍ദേശം അനുസരിച്ചല്ല ചിത്രീകരണം നടത്തിയിരിക്കുന്നതെന്ന് ബോധ്യപ്പെട്ടു. ചിലതൊക്കെ കംപ്യൂട്ടര്‍ ഗ്രാഫിക്‌സ് ആണെന്ന് തെറ്റിദ്ധരിപ്പിക്കാനും ശ്രമമുണ്ടായി. അവസാനം മൃഗങ്ങളെ ഉപയോഗിച്ച് നടത്തിയ ചിത്രീകരണത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും ഒരു സിഡിയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അത് ഇനിയും അണിയറക്കാര്‍ നല്‍കിയിട്ടില്ലയെന്നും ബോര്‍ഡില്‍ നിന്നും അറിയിച്ചു.
ചിത്രത്തിന്റെ സെന്‍സറിംഗ് നടപടികള്‍ പുരോഗമിക്കുന്നതേയുള്ളൂ. എന്നിട്ടും ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായുള്ള നിര്‍മ്മാതാക്കളുടെ അവകാശവാദം എന്തിനെന്ന് മനസിലാവുന്നില്ലെന്ന് സിബിഎഫ്‌സി റീജിയണല്‍ ഓഫീസര്‍ എം.എം.മതിയളഗന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. റിലീസ് പ്രതിസന്ധിയിലായതിനെക്കുറിച്ച് നിര്‍മ്മാതാക്കളുടെയോ മറ്റ് അണിയറക്കാരുടെയോ ഭാഗത്തുനിന്ന് പ്രതികരമൊന്നും ഉണ്ടായിട്ടില്ല.
Post Your Comments