രണ്ടു സൂപ്പര്‍ സ്റ്റാറുകള്‍ ഒരേ കഥാപാത്രവുമായി എത്തുന്നുവെന്ന വാര്‍ത്ത വന്നതുമുതല്‍ ആരാധകര്‍ ഏറെ ആവേശരായിരുന്നു. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും യുവ സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജും കര്‍ണനായി വേഷമിടുന്നു. മഹാഭാരതത്തിലെ കര്‍ണ്ണനായി ആര് തിളങ്ങുമെന്നതായിരുന്നു ആരാധകരുടെ ആവേശത്തിന് കാരണം.
എന്ന് നിന്റെ മൊയ്തീന് നേടിയ വന്‍ വിജയത്തിനു ശേഷം അതിന്റെ തിളക്കത്തില്‍ നില്‍ക്കവേയാണ് സംവിധായകന് ആര് എസ് വിമല്‍ പൃഥ്വിരാജിനെ നായകനാക്കി കര്ണന് എന്ന വന്‍ സിനിമ പ്രഖ്യാപിച്ചത്. ഗള്‍ഫില്‍ വെച്ച് വലിയ രീതിയില്‍ ഒഫീഷ്യല്‍ അനൗണ്‍സ്മെന്റൊക്കെ നടത്തിയെങ്കിലും സിനിമ ഒന്നര വര്‍ഷത്തോളമായി തുടങ്ങിനായിട്ടില്ല. തിരക്കഥ പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്റെ ഭാഗമായി ചില ഗ്രാഫിക് വര്‍ക്കുകള്‍ നടന്നതും ഒരു മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയതുമാണ് ഇതുവരെ നടന്നത്.
ആദ്യ ഘട്ടത്തില്‍ 30 കോടി വരെ ചെലവ് പ്രതീക്ഷിച്ച ചിത്രം പിന്നീട് 300 കോടിയിലാണ് ഒരുക്കുന്നതെന്ന് സംവിധായകന് ഇടയ്ക്ക് പ്രഖ്യാപിച്ചു. എന്നാല്‍ ആദ്യമെത്തിയ നിര്‍മാതാവ് വന്‍ ചെലവിടലിന് തയാറാകാത്തതിനെ തുടര്‍ന്ന് പിന്മാറിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. പിന്നീട് പലപ്പോഴായി ചിത്രീകരണം തുടങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും അതൊന്നും നടപ്പായില്ല. ഏറ്റവും ഒടുവിലായി ഓഗസ്റ്റില്‍ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് പറഞ്ഞിരുന്ന വിമല്‍ ഇപ്പോള്‍ കര്‍ണനെ കുറിച്ച് മിണ്ടുന്നതേയില്ല. പൃഥ്വിരാജാകട്ടെ ഏറെക്കാലമായി കര്‍ണനെ കുറിച്ച് പറയാറില്ല. മാത്രമല്ല ആടുജീവിതത്തിലും സംവിധാനം ചെയ്യുന്ന ലൂസിഫറിലുമെല്ലാമുള്ള പ്രതീക്ഷയെ കുറിച്ചും അതിനായി നീക്കിവെക്കുന്ന സമയത്തെ കുറിച്ചും താരം വ്യക്തമാക്കിയിട്ടുമുണ്ട്.
ആര് എസ് വിമല്‍ കര്ണന് എന്ന സിനിമയെ കുറിച്ച് പറഞ്ഞതിനു പിന്നാലെയാണ് തന്റെ ദീര്‍ഘകാല സ്വപ്നമാണ് കര്‍ണന്റെ കഥയെ ആസ്പദമാക്കിയുള്ള സിനിമയെന്നും തിരക്കഥ പൂര്‍ത്തിയാകാറായെന്നും മമ്മൂട്ടി നായകനായി എത്തുമെന്നും പി എ ശ്രീകുമാര്‍ അറിയിച്ചത്. നടനും സംവിധായകനുമായ മധുപാലിനെയാണ് സംവിധായകനായി നിശ്ചയിച്ചത്. എന്നാല്‍ തുടക്കം മുതല്‍ തന്നെ ഈ പ്രൊജക്റ്റ് സംബന്ധിച്ച് അവ്യക്തതകള്‍ നിലനിന്നിരുന്നു. കര്ണന് സംഭവിക്കട്ടെ എന്നു മാത്രമാണ് മെഗാസ്റ്റാര്‍ ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടുള്ളത്.
നിര്‍മാണ ചെലവിന്റെ പ്രശ്നവും 300 കോടി ബജറ്റില്‍ പ്രിഥ്വിരാജിന്റെ കര്ണന് പ്രഖ്യാപിച്ചതും ഈ ചിത്രത്തിന്റെ മുന്നോട്ടുപോക്കിന് തടസമായി എന്നാണ് റിപ്പോര്‍ട്ട്. 80 കോടി മുതല്‍ മുടക്കില്‍ ചിത്രം ഒരുക്കുമെന്ന് അതിനിടെ റിപ്പോര്‍ട്ടുകള്‍ വന്നു. ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും എന്നാല്‍ എന്ന് ഇത് സംഭവിക്കുമെന്ന് പറയാനാകില്ലെന്നുമാണ് മധുപാല്‍ പറയുന്നത്.
Post Your Comments