മലയാളികള്‍ക്ക് പ്രണയാദ്രമായ ഒരു പിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച അതുല്യ കലാകാരനാണ് പത്മരാജന്‍. ആടെഹത്തിന്റെ മകനും കഥാകാരനുമായ അനന്ത പത്മനാഭന്‍ അരുണ്‍ കുമാര്‍ അരവിന്ദ് ഒരുക്കുന്ന ചിത്രത്തിലൂടെ സിനിമാ മേഖലയില്‍ സജീവമാകാന്‍ ഒരുങ്ങുന്നു. ആസിഫ് അലി നായകനായി എത്തുന്ന കാറ്റില്‍ പത്മരാജന്റെ കഥാപാത്രങ്ങളെ പുന സൃഷ്ടിക്കുകയാണ് അനന്തപത്മനാഭന്‍. മകന്ര്റെ സിനിമാ വഴികളില്‍ പ്രചോദനമായി അമ്മ രാധാലക്ഷ്മി എഴുതിയ കത്താണ് ഇപ്പോള്‍ ചര്‍ച്ച.
രാധാലക്ഷ്മിയുടെ കത്തിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ട മകനേ,
നീ തിരക്കഥയെഴുതിയ സിനിമ വരുന്നു എന്നറിഞ്ഞു. കാത്തിരിക്കുന്നു. അച്ഛന്റെ കഥയാണെന്ന് പറഞ്ഞിരുന്നെങ്കിലും അത് ഏത് കഥ എന്നത് സസ്പെന്‍സാണ് എന്നതുകൊണ്ട് ഞാന്‍ ചോദിക്കുന്നില്ല. വരുമ്ബോള്‍ അറിയാമല്ലോ. കുറച്ചു നാളായി ഞാന്‍ ചില കാര്യങ്ങള്‍ നിന്നോട് പറയാന്‍ ഒരുങ്ങുകയാണ്. നിനക്ക് തിരക്കൊഴിഞ്ഞു കിട്ടാത്തതുകൊണ്ടാണ് ഈ കത്ത്.
പല സദസ്സുകളിലും എന്നോട് പലരും ചോദിക്കുന്നു. നീ ഒന്നും എഴുതുന്നില്ലല്ലോ എന്ന്. പതിനഞ്ച് വര്‍ഷം മുന്‍പ് നീ കല്ലുറാഞ്ചിക്കിളി എന്ന വേട്ടപ്പക്ഷിയെ കൊണ്ട് കുളക്കോഴിയെ പിടിക്കാന്‍ പോകുന്ന കുറേ പരുക്കന്മാരുടെ കഥ പറഞ്ഞത് ഓര്‍ക്കുന്നു. നിന്റെ ബാല്യകാലം മുതലുള്ള സുഹൃത്ത് മുരളിയുമായി അത് ചര്‍ച്ച ചെയ്തിരുന്നതും എനിക്കറിയാം. പത്ത് വര്‍ഷം മുന്‍പ് നിന്നോടൊപ്പം വീട്ടില്‍ വന്ന സുഹൃത്ത് അരുണ്‍ കുമാര്‍ അരവിന്ദിനുവേണ്ടിയാണ് തിരക്കഥ എന്നറിഞ്ഞു. പ്രിയദര്‍ശന്റെ എഡിറ്റര്‍ എന്നാണ് അന്നു നീ പരിചയപ്പെടുത്തിയത്. പിന്നീട് അരുണ്‍ ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് പോലെയുള്ള നല്ല സിനിമകള്‍ സംവിധാനം ചെയ്തു. അന്ന് നിങ്ങളൊരുമിച്ച് പൊള്ളാച്ചിക്കടുത്തുള്ള ഊരുവിലക്കും ജാതിപ്പോരും നിലനില്‍ക്കുന്ന ചില ഗ്രാമങ്ങളിലേയ്ക്ക് ഒരു യാത്ര പോയത് മറ്റൊരു സിനിമാ ആശയവുമായിട്ടായിരുന്നു എന്നും എന്നാല്‍ ആ ശ്രമവും ഒന്നും സംഭവിക്കാതെ അവസാനിച്ചു എന്നും എനിക്ക് ഓര്‍മയുണ്ട്. പുതിയ സിനിമയില്‍ ആ പ്രമേയവും കൂട്ടിച്ചേര്‍ത്തു എന്ന് നീ പറഞ്ഞപ്പോള്‍ എങ്ങനെയാണത് എന്നറിയാന്‍ ഒരാകാംക്ഷ
കുറേക്കാലമായി നീ എഴുത്തില്‍ നിന്നു വിട്ടുനിന്നതാണ് അമ്മയെ ഏറ്റവും വിഷമിപ്പിച്ചത്. നീ എഴുത്തിക്കാണുന്നതാണ് മറ്റെന്തിനേക്കാളും എനിക്ക് ആഹ്ലാദം എന്നറിയാമല്ലോ. ജീവിതം പല രീതിയില്‍ നിന്റെ മനസ്സിനെ കശക്കിയതാണ് അതിന്റെ കാരണം എന്നറിയാം. കാന്‍സര്‍ സെന്ററിലെ കുഞ്ഞുമോന്റെ… നീ അച്ഛന്‍ന്റെ പേരിട്ടു വിളിച്ച പൊന്നോമനയുടെ ചികിത്സയും വേര്‍പാടും നിന്നെ വല്ലാതെ പിറകോട്ട് ഓടിച്ചത് ഞാന്‍ കണ്ടതാണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി നീ തിരുവനന്തപുരത്തെ ഫിലിം ഫെസ്റ്റിവലുകളില്‍ നിന്ന് മനസ്സൊരു ഫെസ്റ്റീവ് മൂഡിലേക്ക് വരുന്നില്ല എന്നു പറഞ്ഞ് മാറിനില്‍ക്കുന്നതും വേദനയോടെ ഞാന്‍ നോക്കിനിന്നിട്ടുണ്ട്.
നീ വല്ലാതെ നിന്നിലേയ്ക്ക് ചുരുങ്ങിപ്പോയി. കുടുംബത്തിലേയ്ക്കും കുഞ്ഞുങ്ങളിലേയ്ക്കും ഒതുങ്ങിപ്പോവുകയും എഴുത്തില്‍ നിന്ന് പൂര്‍ണമായും അകന്നുവോ എന്ന് ശങ്കിക്കുകയും ചെയ്തു തുടങ്ങിയപ്പോഴാണ് മുരളിയും അരുണും നിന്നെ നിര്‍ബന്ധപൂര്‍വം എഴുത്തിലേയ്ക്ക് മടക്കിക്കൊണ്ടുവന്നത്. നന്നായി. സിനിമയുടെ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ മുതല്‍ നിന്നില്‍ പ്രതിഫലിച്ച സന്തോഷവും ആത്മവിശ്വാസവും അമ്മയെ എത്ര ആഹ്ലാദിപ്പിക്കുന്നു എന്നു നിനക്കറിയില്ല. നമ്മളില്‍ നിന്ന് വേര്‍പിരിയുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് അച്ഛന്‍ നിന്നോട് ഒരിക്കലും സിനിമാ സംവിധാനം ജീവിതോപാധിയാക്കരുത് എന്നു പറഞ്ഞത് നീ അക്ഷരംപ്രതി അനുസരിക്കുകയാണെന്ന് എനിക്കറിയാം. എന്നാല്‍ അച്ഛന്‍ ഏറെ അഭിമാനിച്ചിരുന്ന നിന്റെ എഴുത്തില്‍ നിന്നുകൂടി നീ മാറിനില്‍ക്കുന്നത് വലിയ വിഷമമാണ്.
പണ്ട് നിന്റെ അച്ഛനും ഗോപിയാശാനും ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്ന നാളുകളിലേയ്ക്ക് മനസ്സ് പായുന്നു. ആശാന്റെ മകന്‍ മുരളിയും നീയും ആ പഴയ കൂട്ടുകെട്ടിന്റെ അതേ ഒരുമയോടെ ഒന്നിക്കുന്നത് കാണുമ്ബോള്‍ മനസ് നിറയുന്നു. അവര്‍ സൃഷ്ടിച്ചതുപോലെ പ്രേക്ഷകന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നൊരു സിനിമയാകും നിങ്ങളുടേതും എന്ന് അമ്മ കരുതുന്നു. ഇപ്പോള്‍ സുഖമുള്ളൊരു കാറ്റ് മനസ്സിലേയ്ക്ക് പ്രവഹിക്കുന്നതിന് നീ വീണ്ടും എഴുതിത്ത്തുടങ്ങുന്നു എന്നതു മാത്രമല്ല കാരണം. വേര്‍പിരിഞ്ഞ് കാല്‍നൂറ്റാണ്ടിനുശേഷവും അച്ഛന്റെ പേര് ഒരു സിനിമയുടെ ടൈറ്റിലുകള്‍ക്കൊപ്പം തെളിയുന്നത് കാണാനാകുന്നു എന്ന ധന്യത. നിന്റെ അച്ഛന്‍ ഇപ്പോഴും ജീവനോടെ നിലകൊള്ളുന്നതുപോലെ, നിനക്ക് കാവല്‍ നില്‍ക്കുന്നത് പോലെ. എന്റെ പ്രാര്‍ത്ഥന എന്നും നിനക്കൊപ്പമുണ്ട്. ചിറ്റൂരമ്മ അനുഗ്രഹിക്കട്ടെ.
Post Your Comments