പ്രവീണ്‍ പി നായര്‍
മലയാള സിനിമയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ള മാതൃത്വങ്ങള്‍ എല്ലാം മനോഹരമാണ്. അമ്മ-മകന്‍ സ്നേഹബന്ധത്തിന്‍റെ തീവ്രത നമുക്കുള്ളിലേക്ക് നന്നായി കോറിയിട്ടിട്ടുള്ളത് മോഹന്‍ലാല്‍- കവിയൂര്‍ പൊന്നമ്മ കോമ്പിനേഷനാണ്. സിനിമയില്‍ പലപ്പോഴും അതിവൈകാരികതയോടെ ചിത്രീകരിക്കാറുള്ള ഇത്തരം രംഗങ്ങള്‍ വലിയ രീതിയില്‍ പ്രേക്ഷക പ്രീതി നേടാറുണ്ട്. അമ്മ മകനെ വാത്സല്യത്തോടെ ചുംബിക്കുന്നത്, സ്നേഹത്തോടെ വിളിക്കുന്നത്, തെറ്റുകളില്‍ നിന്നു പിന്തിരിപ്പിക്കുന്നത്, പ്രതിസന്ധി ഘട്ടങ്ങളില്‍ പിന്തുണ നല്‍കുന്നത് അങ്ങനെ എത്രയോ സന്ദര്‍ഭങ്ങളില്‍ അമ്മ കഥാപാത്രങ്ങള്‍ മകനോളം ഉയര്‍ന്നു നില്‍ക്കുന്നു.
സേതുമാധവനെ താന്തോന്നിയെന്ന് സമൂഹം വിധിക്കുമ്പോഴും അവനു താങ്ങായി നിന്നു തലയില്‍ തലോടിയത് അമ്മ മാത്രമാണ്. ലോഹിതദാസ് മലയാള സിനിമയ്ക്ക് നല്‍കിയ പുണ്യങ്ങളില്‍ ഒന്നായ കിരീടത്തിലെ രംഗമാണ് മുകളില്‍ പറഞ്ഞത്. അതേ ആവിഷ്കാരങ്ങള്‍ നമ്മള്‍ നിരവധി സിനിമകളില്‍ കണ്ടു കഴിഞ്ഞതാണ്. അമ്മ കഥാപാത്രങ്ങള്‍ക്ക് മലയാള സിനിമ നല്‍കുന്ന അഭിനയ സാധ്യത വളരെ വലുതാണ്, അച്ഛന്‍ കഥാപാത്രങ്ങള്‍ക്കും മുകളില്‍ പ്രാധാന്യം നല്‍കിയാണ് പലപ്പോഴും ചില സംവിധായകര്‍ അമ്മ കഥാപാത്രങ്ങളെ സ്ക്രീനില്‍ എത്തിക്കുന്നത്.
അമ്മ- മകന്‍ ബന്ധമെന്നത്, സ്നേഹത്തിനപ്പുറം അകല്‍ച്ചയോടെയും മലയാള സിനിമയില്‍ എഴുതി ചേര്‍ത്തിട്ടിട്ടുണ്ട്. കിരീടത്തിലെ അമ്മ കഥാപാത്രത്തിന് സേതുമാധവന്‍ സ്വപ്നമായിരുന്നെങ്കില്‍ കന്മദത്തിലെ അമ്മയ്ക്ക് വിശ്വനാഥന്‍ വെറുക്കപ്പെട്ടവനായിരുന്നു. തന്റെ രണ്ടാം ഭര്‍ത്താവ് ശരീരം തളര്‍ന്നു കിടപ്പിലായതിനു കാരണക്കാരന്‍ ആദ്യ ബന്ധത്തിലെ മകനാണ്, അതിനാല്‍ ആ മകനോട് അകലം പാലിക്കുന്ന കെ.പി.എ,സി ലളിതയുടെ കന്മദത്തിലെ അമ്മ കഥാപാത്രം ഹൃദയസ്പര്‍ശിയായിരുന്നു. അമ്മയോടുള്ള അമിത സ്നേഹം കാരണം ചെയ്തു പോയ തെറ്റിനെ ന്യായീകരിക്കുന്ന വിശ്വനാഥന്‍ അമ്മയുടെ സമീപനത്തിനായി യാചിക്കുന്നതും മനസ്സ് വിങ്ങുന്ന രംഗങ്ങളില്‍ ഒന്നായിരുന്നു. എന്നില്‍ നിന്നു എങ്ങോട്ട് എങ്കിലും പോയ്മറയണം എന്ന കടുത്ത ശിക്ഷയാണ് ആ അമ്മ മകന് വിധിച്ചത്. അമ്മയുടെ കാല്‍തൊട്ട് വന്ദിച്ച് പടിയിറങ്ങുന്ന വിശ്വനാഥന്റെ മുഖം ഇന്നും പ്രേക്ഷകന്റെയുള്ളിലെ തേങ്ങലാണ്. അമ്മ മകന്‍ സ്നേഹത്തിന്റെ ക്ലീഷേ ചിത്രീകരണങ്ങളെ പൊളിച്ചെഴുതിയ ‘കന്മദം’ എന്ന സിനിമയിലെ വിശ്വനാഥനെ ആ അമ്മ ഒന്ന് തിരിച്ചു വിളിച്ചിരുന്നെങ്കില്‍ എന്ന് ചിന്തിക്കത്തവര്‍ വിരളമാണ്.
സ്ഫടികത്തിലെ തോമസ് ചാക്കോയെ താലോലിക്കാനും, പൊന്നമ്മ എന്ന അമ്മ കഥാപാത്രത്തിന് കഴിഞ്ഞില്ല. ഗൗരവക്കാരനായ ആട് തോമയുടെ പിതാവ് ചാക്കോ മാഷ് ആണ് അതിനുകാരണക്കാരന്‍. സ്വന്തം ഭര്‍ത്താവിന്‍റെ ശ്വാസനകള്‍ ലഘിച്ച് മകനെ സ്നേഹിക്കാന്‍ പൊന്നമ്മയ്ക്ക് ഭയമായിരുന്നു. മകന് പകരം മുറ്റത്ത് പതിനെട്ടാംപട്ട തെങ്ങ് വെച്ച പിതാവിന്റെ ചെയ്തികളോട് പൊന്നമ്മ പല സന്ദര്‍ഭങ്ങളിലും മുഖം തിരിക്കുന്നുണ്ട്. എന്നാല്‍ ഒരു സന്ദര്‍ഭത്തിലും മോഹന്‍ലാല്‍ കഥാപാത്രത്തോട് പൊന്നമ്മ സ്നേഹത്തോടെ പെരുമാറുന്നില്ല. ഒന്നാംതരം തെരുവ് ഗുണ്ടയായ മകനോട് കാട്ടുന്ന നിഷേധ ഭാവങ്ങള്‍ കെ.പി.എസി. ലളിത എന്ന നടിയില്‍ ഭദ്രമായിരുന്നു. ആട് തോമ സ്നേഹത്തോടെ പൊന്നമ്മ എന്ന് വിളിക്കുമ്പോഴും തിരിച്ച് വാത്സല്യം പ്രകടമാക്കാതെ ഗൗരവക്കാരിയുടെ മട്ടിലായിരുന്നു ഈ അമ്മ കഥാപാത്രം. മകളുടെ കല്യാണത്തിനു ചാക്കോ മാഷ് തന്‍റെ മകനായ തോമസ് ചാക്കോയെ ക്ഷണിക്കുന്ന സന്ദര്‍ഭത്തിലാണ് പൊന്നമ്മയുടെ കഥാപാത്രത്തിന്റെ ശക്തി കൂടുതല്‍ പ്രകടമാകുന്നത്.
“നിങ്ങളുടെ മകളുടെ കല്യാണത്തിനു എന്‍റെ മകന്‍ വരില്ല, അവന്‍ തെണ്ടിയല്ല” എന്ന് പറയുന്നിടത്ത് സ്നേഹിക്കാതെ സ്നേഹിക്കുന്ന അമ്മ കഥാപാത്രത്തിനാണ് ഭദ്രന്‍ ജീവന്‍ നല്‍കിയത്.
Post Your Comments