ജൂനിയര്‍ താരങ്ങളായി കടന്നുവന്നു മലയാള സിനിമയില്‍ ആധിപത്യം ഉറപ്പിച്ച ഒരുപാട് നടീനടന്മാര് നമുക്കുണ്ട്. അതില്‍ ഒരാളാണ് അന്‍വര്‍ റഷീദ് എന്ന് എത്രപേര്‍ക്ക് അറിയാം. രഘുനാഥ് പലേരി രചനയും സംവിധാനവും നിര്‍വ്വഹിച്ച് ദിലീപ്, ഇന്നസെന്റ് എന്നിവര്‍ പ്രധാന വേഷങ്ങളിലഭിനയിച്ച “വിസ്മയം” എന്ന സിനിമയില്‍ ഒരു ഗാന രംഗത്ത് മാത്രം പ്രത്യക്ഷപ്പെട്ട അന്‍വര്‍ റഷീദ് ഇന്ന് മലയാളത്തിലെ മികച്ച സംവിധായകനായും നിര്‍മ്മാതാവായും വിലസുന്നു. വിസ്മയം റിലീസായത് 1998-ലാണ്. ആ സിനിമയില്‍ ജോണ്സണ് സംഗീതസംവിധാനത്തോടൊപ്പം ആലാപനവും ചെയ്ത “മൂക്കില്ലാ നാക്കില്ലാ വായില്ലാ പൂതം” എന്ന ടൈറ്റില്‍ ഗാനരംഗത്തിലാണ് കൂട്ടത്തില്‍ ഒരാളായി അന്‍വര്‍ എത്തിയത്.
ഉപരിപഠനത്തിനായി ചെന്നൈയില്‍ വന്നഅന്വര് ഈ സിനിമയിലൂടെ സംവിധാന സഹായിയായി കടന്നു വന്നു. രഘുനാഥ് പലേരിയെ കൂടാതെ കെ മധു, ജോണി ആന്റണി, താഹ, സുന്ദര്‍ ദാസ്, എ കെ സാജന്, രഞ്ജിത്ത് തുടങ്ങിയവരോടൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച അന്‍വര്‍ 2005-ല്‍ യാദൃശ്ചികമായി ഒരു സിനിമയുടെ സംവിധാന ചുമതല ഏറ്റെടുക്കേണ്ടി വന്നു. ആ വര്‍ഷത്തെ റംസാന് റിലീസായി പ്രഖ്യാപിക്കപ്പെട്ട മമ്മൂട്ടി ചിത്രത്തിന്റെ സംവിധാന ചുമതലയിൽ നിന്ന് രഞ്ജിത്ത് അവസാന നിമിഷം പിന്‍വാങ്ങിയതോടെ ആ സിനിമയുടെ സംവിധാനം ഏറ്റെടുത്തു. ആ ചിത്രത്തിന്റെ വന്‍ വിജയത്തിലൂടെ അന്‍വര്‍ റഷീദ് മലയാള സിനിമയില്‍ തന്റേതായ ഒരു സ്ഥാനം നേടി.
Post Your Comments