GeneralNEWS

തട്ടുകട ആരംഭിച്ച കാരണത്തെക്കുറിച്ച് വെളിപ്പെടുത്തി സീരിയല്‍ നടി കവിത ലക്ഷ്മി

ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയായ നടി കവിത ലക്ഷ്മി തട്ടുകടയില്‍ ദോശ ചുട്ടതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു, ഇത് താന്‍ ആരംഭിച്ച തട്ടു കടയാണെന്നും ജിവിത മാര്‍ഗത്തിനായായാണ് ഇങ്ങനെയൊരു കട തുടങ്ങിയതെന്നും പങ്കുവയ്ക്കുന്ന കവിതാ ലക്ഷ്മി തന്‍റെ ജീവിത ക്ലേശങ്ങളെക്കുറിച്ചും തട്ടുകട ആരംഭിക്കാനുണ്ടായ കാരണത്തെക്കുറിച്ചും മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു.

“അത്യാവശ്യം സന്തോഷമായി ജീവിച്ച് വരികയായിരുന്നു ഞങ്ങൾ. എല്ലാം മാറി മറിഞ്ഞതു പെട്ടെന്നാണ്. എനിക്കു ഭര്‍ത്താവില്ല, ഒരു മോനും മോളുമാണ്‌ ഉള്ളത്. പത്തു വര്‍ഷത്തോളമായി നെയ്യാറ്റിന്‍കരയിലാണ് താമസം. ഒരു സുഹൃത്തിന്റെ മകള്‍ക്ക് യു കെയില്‍ എംഡിക്ക് അഡ്മിഷനു വേണ്ടിയാണ് ഒരു ട്രാവല്‍ ഏജന്‍സിയില്‍ പോയത്. ആ കുട്ടിക്കു പകരം ഹോട്ടല്‍ മാനേജ്മെന്റ്റ് ഡിപ്ലോമ കഴിഞ്ഞ എന്‍റെ മകനുള്ള ഒരു അവസരത്തെക്കുറിച്ചാണ് അവര്‍ അന്നു പറഞ്ഞത്. ആ സ്ഥാപനത്തിന്റെ ഉടമയ്ക്ക് യു കെയില്‍ മൂന്നു ഹോട്ടലുകള്‍ ഉണ്ടെന്നും അവിടെ സ്റ്റഡി ആന്‍ഡ്‌ വര്‍ക്ക് ചെയ്യാം എന്നുമായിരുന്നു ഓഫര്‍. നാലുവര്‍ഷത്തെ കോഴ്സിനു സീറ്റ് ശരിയാക്കിത്തന്നു. അന്നു പറഞ്ഞത് പത്തു പൗണ്ട് മണിക്കൂര്‍ ശമ്പളത്തില്‍ അവനവിടെ ജോലി ചെയ്യാം എന്നായിരുന്നു.

അമ്പതു ലക്ഷം ചിലവു വരുന്ന കോഴ്സിന് ഒരുവര്‍ഷം പന്ത്രണ്ടുലക്ഷം വച്ച് മുപ്പത്തിയാറു ലക്ഷം അടച്ചാല്‍ മതിയെന്നും പറഞ്ഞു. ഒരു മാസം ഏകദേശം ഒരുലക്ഷം രൂപ അന്നൊരു കൂടുതലായി തോന്നിയില്ല, എനിക്കു വര്‍ക്ക് ഉണ്ടായിരുന്നു. ഞങ്ങളുടേത് ആര്‍ഭാട ജീവിതമൊന്നും അല്ലാത്തതിനാല്‍ മിച്ചം പിടിക്കാവുന്നതെയുള്ളൂ. പിന്നെ മോന്‍റെ പാര്‍ട്ട് ടൈം ജോലിയുമുണ്ടല്ലോ. അങ്ങനെ ഒരുപാടു പേരുടെ സഹായം കൊണ്ട് അവനെ യു കെയ്ക്ക് അയച്ചു. പക്ഷെ അവിടെ ചെന്നപ്പോള്‍ എല്ലാം മാറി മറിഞ്ഞു. പറഞ്ഞ ശമ്പളത്തിന്റെ പകുതി പോലും കിട്ടിയില്ല. അവിടെ ഒരുവര്‍ഷം കോഴ്സ് എന്നു പറഞ്ഞാല്‍ മഞ്ഞുവീഴ്ചയുടെ മാസങ്ങള്‍ ഒഴിവാക്കി ആറുമാസമേ ക്ലാസ് ഉള്ളൂ. ഇതൊന്നും ഞങ്ങളോടു വ്യക്തമായി പറഞ്ഞിരുന്നില്ല. അതായത് ആറുമാസം കൊണ്ട് പന്ത്രണ്ടു ലക്ഷം രൂപ. അതോടെ അതോടെ ഞങ്ങള്‍ പെട്ടു എന്നു മനസ്സിലായി.

ഇതു നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഞങ്ങളുടെ കൊക്കില്‍ ഒതുങ്ങില്ല എന്നു മനസ്സിലാക്കി നേരത്തെ പിന്മാറിയേനെ. യൂണിവേഴ്സിറ്റിയില്‍ നിന്ന് മെയിലുകള്‍ വന്നു തുടങ്ങിയപ്പോഴാണ് വിവരങ്ങള്‍ അറിയുന്നത്. കോഴ്സ് മുടങ്ങാതിരിക്കുവാന്‍ ആദ്യവര്‍ഷത്തെ ഫീസ്‌ ഒരു വിധത്തില്‍ അടച്ചു. ആ പരീക്ഷ അവന്‍ പാസാകുകയും ചെയ്തു. ഈ വർഷം ഫീസ്‌ അടയ്ക്കാനുള്ള തീയതി കഴിഞ്ഞു ആകെ വല്ലാത്ത അവസ്ഥയിലാണ്. എന്തെങ്കിലും വരുമാനം എന്ന നിലയിലാണ് തട്ടുകട തുടങ്ങിയത്, പക്ഷെ അതുകൊണ്ട് ഒന്നുമാകുന്നില്ല. മോന്‍റെ യാത്രയുമായി ബന്ധപ്പെട്ട് കുറച്ച് നാള്‍ സീരിയലില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്നു. അവസരങ്ങള്‍ കുറഞ്ഞതോടെ വരുമാനം നിലച്ച പോലെയായി. മോന്‍ അയച്ചു തരുന്നത് കൊണ്ട് കുടുംബം കഴിഞ്ഞു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ്‌ പൂങ്കുന്നം ഒഴികെ സിനിമാ-സീരിയല്‍ മേഖലയില്‍ നിന്ന് ആരും സഹായിച്ചിട്ടില്ല. ആര്‍ട്ടിസ്റ്റുകളുടെ സംഘടനയും ഒരു സഹായവും ചെയ്തില്ല.

മോന്‍റെ പഠനം മുടങ്ങാതിരിക്കാനായിരുന്നു സഹായം വേണ്ടിയിരുന്നത്, അല്ലാതെ നല്ല അവസ്ഥയില്‍ ജീവിയ്ക്കുമ്പോള്‍ ഫ്ലാറ്റിനും കാറിനും സഹായം കിട്ടിയിട്ടു കാര്യമുണ്ടോ? ഒരു ആവശ്യത്തിനു ചോദിച്ചപ്പോള്‍ നോ മാത്രമായിരുന്നു മറുപടി. ദിനേശ് പണിക്കര്‍ വ്യക്തിപരമായി സഹായിച്ചിട്ടുണ്ട് എന്നതിനപ്പുറം ഒരു സംഘടനയും തിരിഞ്ഞു നോക്കിയിട്ടില്ല. എന്തു ജോലിയും ചെയ്യുന്നതില്‍ എനിക്ക് അഭിമാനക്കുറവ്‌ തോന്നിയിട്ടില്ല. തട്ടുകട നടത്താന്‍ മാത്രമല്ല, ഹോട്ടലില്‍ പണിയെടുക്കാനും ഒരു മടിയുമില്ല, ഇന്ന് ഡബ്ബിങ് ഉള്ളതാണ്. രാത്രി തട്ടുകടയിലേക്കു വേണ്ട ചമ്മന്തി അരച്ചു വച്ചിട്ടു വേണം പോകാന്‍.

ആര്‍ത്രൈറ്റിസ് ഉണ്ട്. തളര്‍വാതത്തിന്റെ വക്കില്‍ എത്തിയ സമയത്ത് വനിത അന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹാര്‍ട്ടിന് ചെറിയ പ്രശ്നമുണ്ട്, എനിക്ക് എന്തെങ്കിലും പറ്റിയാല്‍ മോളുടെ കാര്യം എന്താവും എന്നോര്‍ത്ത് എന്നോര്‍ത്ത് ഭയമുണ്ട്. ഒരുപാടു സുഹൃത്തുക്കള്‍ ഒന്നുമില്ല എനിക്ക്. എന്‍റെ ഫെയ്സ്ബുക്ക് മോനാണ് മാനേജ് ചെയ്യുന്നത്. എന്നെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ആ സുഹൃത്തുക്കളില്‍ പലരും സഹായം ചെയ്തു. ജീവിതത്തില്‍ ഒപ്പമുണ്ടാകും എന്നു കരുതിയ പലരും മുഖം തിരിക്കുകയും ചെയ്തു.”

shortlink

Related Articles

Post Your Comments


Back to top button