ബോളിവുഡിലെ തീപാറുന്ന ചര്‍ച്ചാ വിഷയമായി ഹൃത്വിക് റോഷന്- കങ്കണ റണാവത്ത് യുദ്ധം തുടങ്ങിയിട്ട് ഏറെക്കാലമായി. ആരോപണങ്ങളും വിവാദ വെളിപ്പെടുത്തലുമായി കങ്കണ രംഗത്ത് എത്തിയതോടെ ആരോപണങ്ങള്‍ക്ക് ഹൃത്വികിന് പരസ്യമായി മറുപടി നല്‍കേണ്ടി വന്നു. ഇതോടെ വിവാദങ്ങള്‍ മറ്റൊരു തലത്തില്‍ എത്തിയിരിക്കുകയാണ്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ച ഹൃത്വികിന്റെ പുതിയ അഭിമുഖമാണ്. പൊതുവെ ശാന്തതയോടെ ചോദ്യങ്ങളെ നേരിടുന്ന ഹൃത്വിക് റിപ്പബ്ലിക് ടിവിക്ക് നല്കിയ അഭിമുഖത്തില്‍ അര്‍ണബ് ഗോസാമിയുടെ ചില ചോദ്യങ്ങള്‍ക്ക് മുന്പില് താരം അസ്വസ്ഥനായിരുന്നു. കങ്കണ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ഇത്ര താമസിച്ചത് എന്താണെന്നായിരുന്നു അര്‍ണബ് ഉയര്‍ത്തിയ ഒരു ചോദ്യം.
ആവശ്യത്തിലേറെ ആയെന്നും. ഇതില്‍ എന്തെങ്കിലും ചെയ്യണമെന്നും തോന്നിയത് കൊണ്ടാണ് ഇപ്പോള്‍ താന്‍ രംഗത്ത് വന്നതെന്നും ഹൃത്വിക് പറഞ്ഞു. ‘ഒരു നടനായി ജീവിക്കാന്‍ ഞാന്‍ ചിലത് നടിച്ചു. പക്ഷെ ഇതെന്ന പ്രതികൂലമായി ബാധിച്ച് തുടങ്ങിയിരിക്കുന്നു. നടിക്കുന്നത് വീരത്വമല്ല, നമ്മുടെ ശക്തിയുമല്ല. എനിക്ക് എന്തെങ്കിലും ചെയ്യേണ്ടതായി വന്നു. ഇപ്പോള്‍ സമയമായി’- ഹൃത്വിക് പറഞ്ഞു.
ഹൃത്വികുമായി പ്രണയത്തിലായിരുന്നുവെന്നും താന്‍ അയച്ച ഇമെയില്‍ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് പുറത്തുവിട്ടുവെന്നും ചൂണ്ടിക്കാണിച്ച് മുംബൈ പോലീസില്‍ നടി കങ്കണ പരാതി നല്‍കിയതുമുതലാണ് വിവാദങ്ങള്‍ ആരംഭിച്ചത്. കങ്കണയുടെ പരാതി അന്വേഷിച്ച മുംബൈ പോലീസിന്റെ ഫോറന്‍സിക് വിഭാഗത്തിന് വേണ്ടത്ര തെളിവുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കേസ് അവസാനിപ്പിച്ചു. അതിനു ശേഷം പൊതു പരിപാടികളിലും അഭിമുഖങ്ങളിലും ഹൃത്വിക്കിനെതിരെ കങ്കണ തുടര്‍ച്ചയായി സംസാരിക്കാറുണ്ട്.
താനും കങ്കണയുമായി യാതൊരു ബന്ധമില്ലെന്നും തങ്ങളുടെ പേരില്‍ പ്രചരിക്കുന്ന ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്നും ഹൃത്വിക് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കിയിരുന്നു. ‘നാല് വര്‍ഷമായി ഞാന്‍ ഈ കേസില്‍ മാനസികമായി പീഡിപ്പിക്കപ്പെടുകയാണ്. സമൂഹത്തിന് സ്ത്രീകളോടുള്ള പക്ഷംചേരലുകള്‍ എന്നെ നിസ്സഹായനാക്കി. ഈ സംഭവത്തില്‍ സ്വയം പ്രതിരോധം തീര്‍ക്കേണ്ട അവസ്ഥയിലാണ് ഞാന്‍. ഞാനൊരിക്കലും ദേഷ്യത്തിലല്ല സംസാരിക്കുന്നത്. ജീവിതത്തില്‍ ഇന്നുവരെ ആരോടും വഴക്കുണ്ടാക്കാത്ത ആളാണ്. അത് സ്ത്രീകളോടായാലും ശരി പുരുഷനോടായാലും ശരി. എന്റെ വിവാഹമോചനത്തില്‍പ്പോലും വഴക്ക് ഉണ്ടായിട്ടില്ല. സാഹചാര്യങ്ങളില്‍ സമാധാനം ഉണ്ടാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്’- ഹൃത്വിക് അഭിമുഖത്തില്‍ പറയുന്നു
Post Your Comments