ബ്രാഹ്മണനാകാൻ കൊതിക്കുന്ന സുരേഷ്‌ ഗോപിയെക്കുറിച്ച് വി.കെ.ശ്രീരാമൻ പറയുന്നു

യോഗക്ഷേമ സഭ സംസ്ഥാന വാര്‍ഷിക സമ്മളനത്തിൽ നടൻ സുരേഷ് ഗോപി അടുത്ത ജന്മത്തിലെങ്കിലും തനിക്ക്  ബ്രാഹ്മണനായി ജനിക്കണമെന്നൊരു പരാമർശം നടത്തിയിരുന്നു.ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച ആ പ്രസംഗത്തെ മുൻനിർത്തി സുരേഷ് ഗോപിയോടോപ്പമുള്ള തന്‍റെ അനുഭവം  സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയാണ് എഴുത്തുകാരനും നടനുമായ വി.കെ.ശ്രീരാമൻ. കഥാ രൂപത്തിലായിരുന്നു അദ്ദേഹത്തിന്‍റെ അനുഭവക്കുറിപ്പ്.

പണ്ട് പറവക്കും വെളിപാടിന്‍റെ പുസ്തകത്തിനും മുമ്പ്, പുന്നത്തൂര്‍ കോട്ടയില്‍ ‘ഒരു വടക്കന്‍ വീരഗാഥ’യുടെ ഷൂട്ടിങ്ങ് നടക്കുന്ന കാലത്ത്, ഞാനും സുരേഷ് ഗോപിയും മഞ്ചേരി ടോണിയും കൂടെ ഗുരുവായൂരില്‍ നിന്ന് ഒരു പഴയ അമ്പാസിഡര്‍ കാറില്‍ തൃത്താലപ്പുഴയുടെ മണല്‍പ്പരപ്പില്‍ ഒരുക്കിയ സെറ്റിലേക്ക് പോവുകയായിരുന്നു. മേക്കപ്പിലാണ്, വര്‍ണ്ണാഭമായ വേഷവിധാനങ്ങളോടെ. നെഞ്ചത്ത് തിളങ്ങിക്കിടക്കുന്ന ആഭരണങ്ങള്‍. കൈത്തണ്ടയില്‍, അരയില്‍ എല്ലാം രത്‌നം പതിച്ച പണ്ടങ്ങള്‍. മാനത്തു നിന്നു വിരുന്നു വന്നവരാണെന്നേ ആര്‍ക്കും തോന്നു. അല്ലെങ്കില്‍ ബാലെ നര്‍ത്തകരാണെന്ന്.

തൃത്താല എത്തിയപ്പോള്‍ നട്ടുച്ച. ഏതോ അങ്കപ്പുറപ്പാടിന്‍റെ ചിത്രീകരണമാണ് നടക്കുന്നത്. ‘നിങ്ങള്‍ക്കിന്ന് വര്‍ക്കില്ല, നാളെ രാവിലെയാണ് പ്‌ളാന്‍ ചെയ്തിരിക്കുന്നത് ‘ പി എം വന്നു പറഞ്ഞു. ഞങ്ങള്‍ തിരിച്ചു കാറില്‍ കയറി. മടക്കത്തില്‍ കൂറ്റനാട് കഴിഞ്ഞ് ചാലിശ്ശേരിയില്‍ എത്തിയപ്പോള്‍ എനിക്കു കടുത്ത ദാഹം. ഓല മേഞ്ഞ പര്‍ണ്ണകുടീരം പോലുള്ള ഒരു കള്ളുഷാപ്പു കണ്ടപ്പോള്‍ ദാഹം ഇരട്ടിച്ചു. കാറവിടെ നില്ക്കുന്നു. നല്ല കരിമ്പനക്കള്ള് കിട്ടുന്ന സ്ഥലമാണെന്ന് എനിക്കു നേരത്തെ അറിയാം. ടോണിയേയും സുരേഷ് ഗോപിയേയും ഞാന്‍ നിര്‍ബ്ബന്ധിച്ച് കാറില്‍ നിന്നിറക്കി. ഷാപ്പില്‍ ആരുമില്ല. ഷാപ്പിലെ മുക്കിക്കൊടുപ്പുകാരന്‍ ഒരു ബഞ്ചില്‍ മലര്‍ന്നു കിടന്നുറങ്ങുന്നു. കറുത്ത നെറ്റിയില്‍ നെടുനീളെ ചന്ദനക്കുറി. കഴുത്തില്‍ ചുറ്റിപ്പിണഞ്ഞ രുദ്രാക്ഷമാല. നെഞ്ചിന്‍ കൂട് ഉയര്‍ന്നും താഴ്ന്നും ഗാഡ നിദ്ര.

എന്‍റെ പിന്നില്‍ സുരേഷ് ഗോപി വന്നു നിന്നു. ഞാന്‍ പറഞ്ഞു:

‘ഇയാളെ വിളിച്ചുണര്‍ത്തേണ്ട. പാവം ഉറങ്ങട്ടെ. നമുക്ക് കരിമ്പന മുക്കിക്കുടിക്കാം’.

ഞാന്‍ പ്ടാവിന്നടുത്തേക്കു നടന്നു.

‘ഹല്ലോ, ഹല്ലോ, ഹേയ് ‘

സുരേഷ് ഗോപി തലയല്പ്പം കുനിച്ച് രുദ്രാക്ഷനെ വിളിച്ചു.

അയാള്‍ ഞെട്ടിത്തെറിച്ച് കണ്ണു തുറന്നു.

‘ന്റ്റമ്മേയ്….’

കണ്‍മുന്നില്‍ കാണുന്നത് സ്വപ്നമോ സത്യമോ? ആരാണിത്, യക്ഷനോ കിന്നരനോ? ബ്രഹ്മരക്ഷസ്സോ ദേവനോ?

അയാളുടെ കണ്ണുകള്‍ പുറത്തേക്കു തള്ളി വന്നു.

ഞാന്‍ പ്ടാവില്‍ നിന്നു മുക്കിയ കരിമ്പനയില്‍ കൈമുക്കി, അന്ധാളിപ്പിന്‍റെ മുഖത്ത് കുടഞ്ഞു.

രുദ്രാക്ഷന്‍ നോര്‍മ്മലായി.

പക്ഷെ, അന്ധാളിച്ച ആ മുഖം, ആ കണ്ണുകള്‍, ഇന്നു സുരേഷ് ഗോപിയെ നോക്കുന്ന മലയാളികളായ, ബ്രാഹ്മണരല്ലാത്ത, എല്ലാ മനുഷ്യരുടെയും ചരിത്രത്തില്‍ നിന്ന് ഉറക്കം ഞെട്ടി, പിടഞ്ഞുണര്‍ന്നു പുറത്തേക്കു തള്ളി വരുന്നതായി എനിക്കു തോന്നുന്നു.

വി കെ ശ്രീരാമന്‍.

Share
Leave a Comment