മലയാള ചലച്ചിത്ര ലോകത്ത് ഒരുകാലത്തെ സൂപ്പർ ഹിറ്റ് നായികയായിരുന്ന ഊര്‍വശി ഇപ്പോഴും തമിഴിലും മലയാളത്തിലും സജീവമാണ്.തമിഴിൽ ജ്യോതികയ്‌ക്കൊപ്പം അഭിനയിച്ച മകളിൽ മട്ടും എന്ന ചിത്രത്തിന്‍റെ വിശേഷങ്ങൾ പങ്കു വയ്ക്കുന്നതിനോടൊപ്പം അഭിനയ ജീവിതത്തിന്‍റെ ആദ്യ ഘട്ടങ്ങളിൽ തനിക്കൊപ്പമുണ്ടായിരുന്ന ചില താരങ്ങളെ ഊര്‍വശി ഓർത്തെടുത്തു.
ബഹദൂര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ജഗതി ശ്രീകുമാര്‍ എന്നിവരെക്കുറിച്ചാണ് ഊര്‍വശി സംസാരിച്ചത്.അതിൽത്തന്നെ തനിക്കേറ്റവും അടുപ്പം അമ്പിളിയങ്കിളിനോടാണെന്നും ഒന്നും രണ്ടും സിനിമകള്‍ ഒരേ സമയത്ത് അഭിനയിക്കുമ്പോള്‍ ആ സിനിമകളില്‍ അമ്പിളിയങ്കിളും ഉണ്ടാകുമെന്ന് ഊര്‍വശി പറഞ്ഞു.
ലൊക്കേഷനില്‍ ജഗതിയങ്കിളിന്‍റെ ഊണു കഴിക്കലിന് ഒരു പ്രത്യേകതയുണ്ട്. ആരെയും കാത്തുനില്‍ക്കില്ല. ബ്രേക്ക് പറഞ്ഞാല്‍ നേരെ പോകും. ഭക്ഷണവുമെടുത്ത് ഒരു മൂലയില്‍ പോയിരിക്കും, കഴിക്കും. പിന്നെ തണലുള്ള ഒരു സ്ഥലം കണ്ടുപിടിക്കും. നീണ്ടു നിവര്‍ന്ന് ഒറ്റക്കിടത്തം. ചിലപ്പോള്‍ ഊണു കഴിക്കാന്‍ പോകുമ്പോ വിളിക്കും. ‘കൊച്ചേ…, കാന്താരിമുളകുണ്ട്. വേണമെങ്കില്‍ കൂടെ വാ… ചേച്ചി വരാനുണ്ട്, അമ്മായി വരാനുണ്ട് എന്നൊക്കെ പറഞ്ഞാല്‍ അവിടെ നിന്നാ മതി. എനിക്ക് കാത്തിരിക്കാന്‍ വയ്യ.ചോറുമെടുത്ത് വേഗം അടുത്ത് ചെന്നിരിക്കും. തൈര് ചോറിലൊഴിച്ചാല്‍ അപ്പോ കൈയില്‍ കുപ്പി വരും. അതില്‍ വിനാഗിരിയില്‍ ഇട്ട കാന്താരിയോ വെളുത്തുള്ളിയോ ഉണ്ടാകും. സ്പൂണ്‍ കൊണ്ട് നാലഞ്ച് കാന്താരി എടുത്ത് എന്റെ പാത്രത്തിലേക്കിടും. ‘ബി പിക്കുള്ള നല്ല മരുന്നാ. കൊച്ച് കഴിക്കെ’ന്ന് പറയും. അത്ര സ്‌നേഹവും കരുതലുമായിരുന്നു അദ്ദേഹത്തിന്.
എവിടെയായാലും കൊച്ചേ, എന്നാണ് തന്നെ വിളിക്കുന്നതെന്നും അദ്ദേഹത്തിനുണ്ടായ കാറപകടം തന്നെ ഒരുപാട് വേദനിപ്പിച്ചെന്നും ഊര്‍വശി തുറന്നുപറഞ്ഞു . വെല്ലൂരിലെ ആശുപത്രിയില്‍ ജഗതിയങ്കിളിനെ കണ്ടപ്പോള്‍ അദ്ദേഹം ഒറ്റനോട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞിരുന്നു. കയ്യും കാലും പോയി,ശരിയാകുമെന്ന് തോന്നുന്നില്ലെന്നും നിറകണ്ണുകളോടെ ജഗതി ആംഗ്യം കാണിച്ചതായും ഊര്‍വശി പറയുന്നു.
Post Your Comments