ഖസാഖിന്റെ ഇതിഹാസം നാടകം സംവിധാനം ചെയ്ത ദീപന്‍ ശിവരാമൻ വീണ്ടുമെത്തുന്നു. ഇത്തവണ റോബര്‍ട്ട് വെയ്ന്‍ സംവിധാനം ചെയ്ത ജര്‍മ്മന്‍ ചലച്ചിത്രമായ ദ കാബിനറ്റ് ഓഫ് ഡോ. കലിഗരിയുടെ നാടകാവിഷ്കാരവുമായാണ് ദീപന്റെ വരവ്. ഈ മാസം 13, 14 തിയതികളില്‍ തൃശൂരില്‍ അവതരിപ്പിക്കും.2016 ല്‍ ഇന്റര്‍നാഷണല്‍ തീയറ്റര്‍ ഫെസ്റിവലില്‍ ഇത് പ്രദര്‍ശിപ്പിച്ചിരുന്നു.
ഫാസിസത്തിന്റെ നിഷ്ഠൂരതയും വിവേകരാഹിത്യവുമാണ് ദ ക്യാബിനറ്റ് ഓഫ് കലിഗരിയുടെ ഇതിവൃത്തം. സാധാരണക്കാരനായ മനുഷ്യനെ സൈനികനായി പെരുമാറാന്‍ നിര്‍ബന്ധിതനാക്കുകയും കൊല്ലാന്‍ പോലും മടിയില്ലാത്തവനാക്കുന്നതെങ്ങനെയെന്നും 1920ല്‍ പുറത്തിറങ്ങിയ ഈ നിശബ്ദ ചിത്രം പറയുന്നു. ഫ്രാന്‍സിസ് എന്ന ഒരു യുവാവിനെ ചുറ്റിപ്പറ്റിയാണ് ഇതിന്റെ കഥ വികസിക്കുന്നത്. ഗ്രാമത്തിലെ ഒരു ഉത്സവത്തിലേക്ക് ഡോ. കലിഗിരി സൊമാനാമ്ബുലിസ രോഗിയായ സീസറുമൊത്ത് എത്തുന്നതോടെ ഇയാളുടെ ജീവിതം മാറിമറിയുന്നു. ഫ്രാന്‍സിസിന്റെ സുഹൃത്ത് അലന്‍ കൊല്ലപ്പെടുകയും അയാളുടെ പ്രതിശ്രുത വധു ജെയ്ന്‍ അപ്രത്യക്ഷയാകുകയും ചെയ്യുന്നു.
ഹൊററും ഉദ്വേഗവും നിറഞ്ഞ കഥപറച്ചില്‍ രീതിയിലാണ് നാടകം തയ്യാറാക്കിയിരിക്കുന്നത്. പ്രകാശ് ബാരെ ഉള്‍പ്പെടെ ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ള പ്രമുഖ നാടക പ്രവര്‍ത്തകരാണ് ഇതില്‍ വേഷമിടുന്നത്. ഡല്‍ഹിയിലെ പെര്‍ഫോമന്‍സ് ആര്‍ട് കളക്ടീവും ബംഗളൂരു എന്‍എസ്‌എസ് എന്‍ജിനിയറിംഗ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികളും ബ്ലൂ ഓഷ്യന്‍ തിയറ്ററും ചേര്‍ന്നാണ് നാടകം നിര്‍മ്മിച്ചിരിക്കുന്നത്. തൃശൂര്‍ സംഗീത നാടക അക്കാദമിയിലെ ഭരത് മുരളി തിയറ്ററില്‍ അവതരിപ്പിക്കുന്ന നാടകത്തിന്റെ ആദ്യ ഷോ 13ന് വൈകിട്ട് 7.15നാണ് . പിറ്റേന്ന് വൈകിട്ട് 6.15, 8.30 എന്നീ സമയങ്ങളിലും പ്രദര്‍ശനമുണ്ടായിരിക്കും. ഒരു മണിക്കൂര്‍ 15 മിനിറ്റാണ് നാടകത്തിന്റെ ദൈര്‍ഘ്യം.
Post Your Comments