വർഷങ്ങൾ എത്ര പെട്ടെന്നാണ് ഓടിപ്പോകുന്നതെന്ന് ഓർക്കുകയാണ് ലെന. ചെറിയ വേഷങ്ങളിൽ തുടങ്ങി ഇന്ന് അഭിനയരംഗത്ത് തന്റേതായ ഒരു സ്ഥാനം ലെന നേടിയെടുത്തുകഴിഞ്ഞു. കഴിഞ്ഞ കാലങ്ങളെക്കുറിച്ച് ചോദിക്കുമ്പോൾ കലാലയ ജീവിതത്തെയും അവിടെ നിന്നും കിട്ടിയ,തന്നെ താനാക്കിയ , ഒരു സൗഹൃദത്തേയും കുറിച്ച് നൂറു നാവാണ് ലെനയ്ക്ക്.
കേരളത്തിൽ ബി എസ് സി സൈക്കോളജി ഉള്ള കോളേജുകൾ അധികമില്ലാത്തതിനാൽ ദൂരെയാണെങ്കിലും പ്രജ്യോതി നികേതൻ തിരഞ്ഞെടുക്കുകയായിരുന്നു താരം.മറ്റു കോളേജുകളിൽ നിന്നും വ്യത്യസ്തമാണ് പ്രജ്യോതിയെന്നു ലെന പറയുന്നു.കുന്നിന്റെ മുകളിലുള്ള ആ കോളേജിന്റെ സൗന്ദര്യം വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവില്ല എന്നാണ് താരത്തിന്റെ അഭിപ്രായം.
ആ ക്യാമ്പസ് ഏറെ ഇഷ്ടപ്പെട്ടെങ്കിലും വളരെ അന്തർമുഖയായിരുന്നു ആദ്യകാലങ്ങളിൽ താനെന്ന് പറയുന്നു ലെന.ആരെങ്കിലും തന്നോട് സംസാരിച്ചാൽ മാത്രം മറുപടി പറയുന്നതിനപ്പുറം അമിതമായി ആരോടും സംസിച്ചിട്ടില്ല. ക്ലാസില്ലാത്തപ്പോൾ കുന്നിൻ മുകളിലുള്ള ആ കോളേജിനേക്കാൾ ഉയരത്തിൽ സ്ഥിതി ചെയ്തിരുന്ന യേശു ക്രിസ്തുവിന്റെ പ്രതിമയ്ക്കരികിൽ പോയിരിക്കുക എന്നതായിരുന്നു തന്റെ പതിവെന്ന് ലെന പറയുന്നു.അവിടേക്കാണ് തന്നെ താനാക്കി മാറ്റിയ ആ സൗഹൃദം കടന്നു വന്നത് .
അബുദാബിയിൽ നിന്നും നാട്ടിലെത്തിയിട്ട് അധികമാവാത്ത രമ്യ എന്നൊരു പെൺകുട്ടിയും തന്നെ പിന്തുടർന്ന് അവിടേയ്ക്ക് വന്നു തുടങ്ങിയതായി താരം പറയുന്നു. ആരുമില്ലാതെ ഒറ്റയ്ക്കിരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന തനിക്ക് അവളുടെ സാമീപ്യവും വാതോരാതെയുള്ള സംസാരവും തുടക്കത്തിൽ ശല്യമായി തോന്നിയിരുന്നതിനാൽ ശ്രദ്ധിക്കാതെ ഇരിക്കുമായിരുന്നെന്ന് സമ്മതിക്കുന്നു ലെന.
എന്നാൽ പതിയെപ്പതിയെ രമ്യ എന്ന ആ വായാടിപെണ്ണിനോടുള്ള താനെ അടുപ്പം കൂടിയതായി ചിരിയോടെ ഓർക്കുന്നു ലെന എന്ന കൂട്ടുകാരി. അറിയാതെ തന്നെ തങ്ങളുടെ സൗഹൃദത്തിന് ആഴം കൂടി വന്നെന്നും മറ്റുള്ളവരോട് കൂടുതൽ ഇടപഴകുവാനും കൾച്ചറൽ ആക്ടീവിറ്റീസിലെല്ലാം പങ്കെടുക്കുവാനും രമ്യയുടെ സൗഹൃദം കാരണമായെന്നും ലെന പറയുന്നു. നന്നായി സംസാരിക്കുന്ന ഇന്നത്തെ ലെനയാക്കി തന്നെ മാറ്റിയതിൽ രമ്യയാണ് നിർണായക പങ്കുവഹിച്ചതെന്ന് ഏറെ സന്തോഷത്തോടെയാണ് ലെന സമ്മതിക്കുന്നത്.ആ സൗഹൃദത്തിന്റെ ഇഴയടുപ്പം ഇന്നും കാത്തു സൂക്ഷിക്കുന്നുണ്ട് ഈ കൂട്ടുകാരികൾ.
Post Your Comments