ഇന്നും ചാനലുകളില്‍ വന്നാല്‍ പ്രേക്ഷകര്‍ ആവേശത്തോടെ സ്വീകരിക്കുന്ന സിനിമയാണ് പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ മിഥുനം. അക്കാലത്ത് മലയാള സിനിമയില്‍ കത്തിനിന്നിരുന്ന ഉര്‍വ്വശി ആയിരുന്നു ചിത്രത്തിലെ നായിക. എന്നാല്‍ പ്രണയവിവാഹത്തിന്റെ വരും വരായ്കകളെ തമാശ കലര്‍ത്തി അവതരിപ്പിച്ച ചിത്രം പ്രേക്ഷക പ്രീതി നേടി തിയറ്ററില്‍ വിജയമായില്ല. സിനിമ റിലീസ് ചെയ്യുന്നതിന് തൊട്ടുമുമ്പ് നടിയുടെ ഒരു തുറന്ന് പറച്ചിലാണ് ചിത്രത്തിന്റെ പരാജയ കാരണമെന്നാണ് സിനിമാ ലോകത്തെ സംസാരം.
ചിത്രത്തില്‍ സുലോചനയെന്ന കഥാപാത്രത്തെയാണ് ഉര്‍വ്വശി അവതരിപ്പിച്ചത്. ചിത്രം റിലീസ് ആവുന്ന സമയത്ത് ഒരു സിനിമാ വാരികയില്‍ നല്കിയ അഭിമുഖത്തില്‍ ചിത്രത്തെ കുറിച്ച് നടത്തിയ ചില അഭിപ്രായപ്രകടനങ്ങളാണ് ചിത്രത്തിന്റെ പരാജയ കാരണം. ഉര്‍വ്വശി സിനിമാ വാരികക്ക് നല്കിയ അഭിമുഖത്തില്‍ ചിത്രത്തെ കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി, ‘മിഥുനം എന്നത് ഒരു നല്ല സിനിമയാണ്. ലാലേട്ടനോടും, ശ്രീനിയേട്ടനോടും, പ്രിയനോടും ഒക്കെ വളരെ ബഹുമാനവും, സ്നേഹവും ഒക്കെയുണ്ട്. പക്ഷെ, ഒരു കാര്യം പറയാതെ വയ്യ. എന്റെ കഥാപാത്രമായ ‘സുലോചന’യോട് എനിക്ക് ഒട്ടും മമത തോന്നുന്നില്ല. എനിക്ക് തീരെ താല്‍പ്പര്യമില്ലാത്ത ഒരു കഥാപാത്രമായിരുന്നു അത്. ഒരിക്കലും യോജിക്കാന്‍ കഴിയാത്ത, കൃത്രിമ ജീവിത സാഹചര്യങ്ങളായിരുന്നു ആ ചിത്രത്തില്‍ സുലോചനയുടേത്.”
കൂടാതെ സ്വന്തം ഭാര്യയെ തീരെ ശ്രദ്ധിക്കാന്‍ കഴിയാത്ത ആളുകള്‍ കല്യാണം കഴിക്കാന്‍ പാടില്ലയെന്നും പറഞ്ഞ ഉര്‍വശി അന്ന് പറഞ്ഞ വാക്കുകള്‍ ഇങ്ങനെ; ”ഭര്‍ത്താവിനെ അളവില്‍ കവിഞ്ഞ് സ്നേഹിക്കുന്ന ഒരു ഭാര്യയാണ് ചിത്രത്തിലെ സുലോചന. അവള് പ്രതീക്ഷിക്കുന്ന അത്രയും വേണ്ട, തിരികെ ഒരു പൊടി സ്നേഹമെങ്കിലും അയാള്‍ക്ക് കൊടുക്കാം. പക്ഷെ, അതൊന്നും നടന്നില്ല എന്ന് മാത്രമല്ല, സ്നേഹം കാണിക്കുന്നത് ഒരു കുറ്റമാണെന്നു പോലും സിനിമയില്‍ പറയുന്നുണ്ട്. ‘മിഥുനം’ എന്ന സിനിമയുമായി ബന്ധപ്പെട്ടവര്‍ക്ക് എന്നോട് ദേഷ്യം തോന്നിയാലും, ഇല്ലെങ്കിലും ഞാന്‍ എന്റെ അഭിപ്രായം തുറന്നു പറയും. അത് എന്റെ ശീലമാണ്. ആരെയും വിഷമിപ്പിക്കണം എന്ന് മനപ്പൂര്‍വ്വം ആഗ്രഹമില്ല.”
പ്രിയനും കൂട്ടര്‍ക്കും ഉര്‍വ്വശിയുടെ ഈ തുറന്നു പറച്ചിലില്‍ ഏറെ ദു:ഖമുണ്ടായെങ്കിലും, ഒരു കലാകാരിക്ക് തന്റെ അഭിപ്രായങ്ങള്‍ പറയാനുള്ള അവകാശം ഉണ്ടെന്ന പരിഗണനയില്‍ വിവാദമാക്കാതെ വിടുകയായിരുന്നു. 1993ൽ പുറത്തിറങ്ങിയ മിഥുനം പ്രണവം ആർട്സിന്റെ ബാനറിൽ മോഹൻലാൽ നിർമ്മിച്ച ചിത്രമാണ്. ഇതിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് ശ്രീനിവാസൻ ആണ്.
Post Your Comments