CinemaIndian CinemaMollywood

‘മറക്കുവതെങ്ങനെ ഞാൻ’ ; മനസ്സില്‍ നിന്നു അകലാത്ത പാട്ടുകാരിയെക്കുറിച്ച്

ആശാ ലതയുടെ പാട്ടിനു എന്തൊക്കെയോ പ്രത്യേകതകളുണ്ട്. ആലാപന ശൈലി കൊണ്ടും ശബ്ദശുദ്ധി കൊണ്ടും വേറിട്ട് നില്കുന്നു ആശാലത എന്ന ഗായിക.ആകാശവാണിയിലെ ആർ ജെ ആയ ആശാലത അവരുടെ ഈ പ്രത്യേകതകൾ കൊണ്ട് തന്നെ ഒരുപാട് ശ്രോതാക്കൾക്ക് ആശേച്ചിയാണ്.മലയാള, തമിഴ്, തെലുങ്ക് സിനിമകളിലും അനേകം കാസെറ്റുകളിലും പാടിയ ആശാലത സംഗീതലോകത്തേക്ക് തിരിച്ചു വരാനൊരുങ്ങുകയാണ് .

‘ഒഴിവുകാലം’ എന്ന ഭരതൻ സിനിമയിലെ ‘ചൂളംകുത്തും കാറ്റേ’ എന്ന ഗാനം ആലപിച്ചുകൊണ്ട് മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കുവന്ന ആശാലത ഇപ്പോൾ സുന്ദരമായ ഒരു പ്രണയഗാനത്തിലൂടെയാണ് തിരിച്ചു വരവിനു ഒരുങ്ങുന്നത്. പ്രോഗ്രാം പ്രൊഡ്യൂസറായും മാർക്കറ്റിങ് ഹെഡ് ആയുമൊക്കെ ജോലി നോക്കിയിരുന്നെങ്കിലും ഒടുവിൽ സംഗീതലോകത്തേയ്ക്ക്തന്നെ തിരികെ വരുന്നത് ഒരു നിയോഗം പോലെയാണ്. യേശുദാസിനും ഉണ്ണിമേനോനും 
ജി. വേണുഗോപാലിനും കൃഷ്ണചന്ദ്രനും എം.ജി. ശ്രീകുമാറിനും കെ.എസ്. ചിത്രയ്ക്കുമൊക്കെ ഒപ്പം നിരവധി ഗാനങ്ങൾ ആലപിക്കാൻ ഭാഗ്യം കിട്ടിയ ഈ ഗായിക മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടനെയാണ് ഗുരുവായി കാണുന്നത്.

മകളുടെ സംഗീതാഭിമുഖ്യം തിരിച്ചറിഞ്ഞ ആശാലതയുടെ മാതാപിതാക്കൾ, പ്രശസ്ത ഗായകരായ ആശാ ഭോസ്ലേയുടെയും ലതാമങ്കേഷ്‌കറുടെയും പേരുകളിൽ നിന്ന് ‘ആശാലത’ എന്ന പേര് മകൾക്ക് നൽകുകയായിരുന്നു.അമ്പതിലധികം മലയാളചിത്രങ്ങളിലും ഇരുപതോളം തമിഴ് സിനിമകളിലും രണ്ട് തെലുങ്ക് സിനിമകളിലും പാടി. ജോൺസൺ മാഷിനുപുറമേ, എ.ടി. ഉമ്മർ, രാഘവൻമാസ്റ്റർ, ഔസേപ്പച്ചൻ,ശ്യാം, ജെറി അമൽദേവ്, എം.ബി. ശ്രീനിവാസൻ, ബോംബെ രവി, മോഹൻ സിതാര, ബേണി ഇഗ്‌നേഷ്യസ് തുടങ്ങിയ പ്രഗല്‌ഭ സംഗീത സംവിധായകരുടെ ഈണങ്ങൾക്ക് ശബ്ദം പകർന്നിട്ടുണ്ട് ആശയുടെ ശബ്ദശുദ്ധി.

റേഡിയോ ഏഷ്യയിൽ പ്രോഗ്രാം പ്രൊഡ്യൂസറായിരുന്ന ആശാലത ജോയ് ആലുക്കാസിന്റെ ഇന്ത്യൻ ഓപ്പറേഷൻസ് മാർക്കറ്റിങ്‌ ഹെഡ്ഡായി പന്ത്രണ്ടുവർഷം സേവനം അനുഷ്ഠിച്ചു. ഇപ്പോൾ എറണാകുളം കേന്ദ്രമാക്കി ‘മീഡിയ വേവ്‌സ്’ എന്ന പ്രൊഡക്‌ഷൻ കമ്പനി നടത്തുകയാണ്. മകൻ അശ്വിൻനാഥിനും അമ്മ തങ്കം ദാമോദരനുമൊപ്പം എറണാകുളം പാലാരിവട്ടത്താണ് താമസം. ആശാലത തന്നെ സ്വന്തമായി ഗാനരചനയും സംഗീതസംവിധാനവും ആലാപനവും നിർവഹിച്ച ‘മറക്കുവതെങ്ങനെ ഞാൻ’ എന്ന പ്രണയഗാനം യു ട്യൂബിൽ ശ്രദ്ധേയമായികൊണ്ടിരിക്കുകയാണ് .

shortlink

Related Articles

Post Your Comments


Back to top button