‘വിഴിത്തിരു’ എന്ന സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിനിടയില്‍ നടി സായി ധന്‍സികയെ പൊതുവേദിയില്‍ അപമാനിച്ച നടനും സംവിധായകനുമായ ടിആര്‍ രാജേന്ദറിനെതിരെ നടനും നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയുമായ വിശാല്‍ രംഗത്ത്. രാജേന്ദറിനെപ്പോലുള്ള ഒരു മുതിര്‍ന്ന വ്യക്തി ഇത്തരത്തില്‍ ചെയ്തത് മോശമായെന്നും അദ്ദേഹത്തിന്റെ പ്രവൃത്തിയെ താന്‍ ശക്തമായി അപലപിക്കുന്നുവെന്നും വിശാല്‍ പത്രക്കുറിപ്പില്‍ പറയുന്നു.
വാര്‍ത്താസമ്മേളനത്തിനിടയാണ് ടി രാജേന്ദര്‍ ധന്‍സികയെ പരസ്യമായി ചീത്ത വിളിച്ചത്. ധന്‍സിക സംസാരിച്ച് കഴിഞ്ഞതിന് ശേഷമായിരുന്നു രാജേന്ദര്‍ ക്ഷുഭിതനായത്. സംസാരത്തിനിടയില്‍ ധന്‍സിക ഒരിക്കല്‍ പോലും തന്റെ പേര് പരാമര്‍ശിച്ചില്ല എന്നതായിന്നു രാജേന്ദറിന്റെ പരാതി. സംഭവത്തില്‍ ധന്‍സിക മാപ്പ് പറഞ്ഞിട്ടും രാജേന്ദ്രര്‍ വിട്ടില്ല, ധന്‍സികയെ തുടര്‍ച്ചയായി ശകാരിച്ചു. തുടര്‍ന്ന് ധന്‍സികയുടെ കണ്ണു നിറയുകയും ചെയ്തു.
വിശാലിന്റെ കുറിപ്പ്
പത്ര സമ്മേളനത്തില്‍ തന്റെ പേര് പരാമര്‍ശിക്കാന്‍ വിട്ടുപോയതിന്റെ പേരില്‍ ടി ആര്‍ രാജേന്ദര്‍ ധന്‍സികയെ തുടര്‍ച്ചയായി അപമാനിച്ച വിവരം അറിയാനിടയായി. ധന്‍സിക മാപ്പ് പറഞ്ഞിട്ട് പോലും.
ടിആര്‍ ഒരു ബഹുമുഖ പ്രതിഭയാണ്, പക്ഷേ ഒരു വലിയ സദസ്സിനെ അഭിമുഖീകരിക്കുന്ന അവസരത്തില്‍ നമ്മള്‍ പലപ്പോഴും പലരുടെയും പേര് വിട്ടുപോകുന്നത് സ്വാഭാവികമാണ്. ഞാനും ഇത്തരത്തില്‍ സമ്മേളനങ്ങളില്‍ വേദിയിലിരിക്കുന്ന പ്രമുഖ വ്യക്തികളുടെ പേര് പരാമര്‍ശിക്കാന്‍ മറന്നുപോയിട്ടുണ്ട്. അത് സ്വാഭാവികമാണ്.
തന്റെ പേര് പരാമര്‍ശിക്കാന്‍ വിട്ടുപോയെന്ന് ടിആര്‍ കുറ്റപ്പെടുത്തിയപ്പോള്‍ ധന്‍സിക അദ്ദേഹത്തിന്റെ കാലില്‍ വീണ് പോലും മാപ്പ് ചോദിച്ചു. പക്ഷെ തന്റെ മകളുടെ പ്രായം മാത്രമുള്ള ധന്‍സികയോട് അദ്ദേഹം ക്ഷമിക്കാന്‍ തയ്യാറായില്ല. ക്ഷമാപണം നടത്തിയിട്ടും ധന്‍സികയെ നിരന്തരം ലക്ഷ്യമിട്ട ടിആര്‍ രാജേന്ദറിന്റെ പ്രവൃത്തിയെ ഞാന്‍ ശക്തമായി അപലപിക്കുന്നു.
വിശാല്‍
Post Your Comments