പ്രവീണ്‍.പി നായര്‍
ഒരു സിനിമ എന്നതിനപ്പുറം പ്രേക്ഷകര്‍ രാമലീലയെ താലോലിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ ഏറെയായായിരിക്കുന്നു. ദിലീപ് എന്ന അഭിനേതാവിന്റെ ജീവിതവുമായി കൂട്ടിവായിക്കാനും അതിനെ ആഘോഷപൂര്‍വ്വം ചര്‍ച്ച ചെയ്തു വിവാദങ്ങള്‍ വികസിപ്പിക്കാനും തുനിഞ്ഞു ഇറങ്ങിയിരിക്കുന്ന ഒരുകൂട്ടം പേര്‍ക്ക് രാമലീല ഒരിക്കലും ഒരു സിനിമാ കാഴ്ചയല്ല, അവരുടെ കണ്ണില്‍ വിയര്‍പ്പു പൊടിഞ്ഞ സംവിധായകനില്ല, മറ്റു ടെക്നീഷ്യന്മാരില്ല, സിനിമ എന്നാല്‍ നായകന്റെതാണ് എന്ന് കരുതുന്ന ബുദ്ധി ശൂന്യര്‍ രാമലീലയെ കല്ലെറിഞ്ഞു കൊണ്ടേയിരിക്കും, ആരുടേയും നീതിയ്ക്ക് വേണ്ടിയല്ല ഇവിടെ സ്വരങ്ങള്‍ ഉണ്ടാകുന്നത്, എല്ലാം ആഘോഷങ്ങളാണ്, ഇരയെന്ന് വിളിക്കപ്പെടുന്നതും, അവള്‍ക്കൊപ്പമെന്ന് പറയപ്പെടുന്നതും എല്ലാം മാനുഷിക സുഖത്തിന്റെ മറ്റൊരു വേര്‍ഷന്‍ മാത്രം. ആ സുഖമാണ് രാമലീലയെ തകര്‍ക്കാന്‍ പലരെയും പ്രേരിപ്പിക്കുന്നത്. അതിനെയെല്ലാം തരണം ചെയ്തുകൊണ്ടാണ് നവാഗതനായ അരുണ്‍ ഗോപിയും ടീമും രാമലീലയെ സ്ക്രീനിലെത്തിച്ചത്.
രാമലീല ഒരിക്കലും ദിലീപിന് വേണ്ടി എഴുതപ്പെട്ട സിനിമയല്ല, സിനിമയിലെ കേന്ദ്ര കഥാപാത്രത്തിന് യോജ്യനായ ആളെന്ന നിലയില്‍ ആദ്ദേഹത്തെ ആ സിനിമയിലേക്ക് വിളിച്ചതാകാനേ വഴിയുള്ളൂ. പ്രേക്ഷകന് വേണ്ടി സിനിമ ചെയ്യണം, താരത്തിനെയും ആരാധകരെയും സുഖിപ്പിക്കണം എന്ന ഫോര്‍മാറ്റില്‍ നിന്നു മാറി നല്ല സിനിമ ചെയ്യണം എന്ന് ചിന്തിച്ചതിനാലാകണം രാമാലീല തിയേറ്ററില്‍ തീവ്രതയോടെ പ്രകാശിച്ചത്.
കഥാഗതിയ്ക്ക് അനുസരിച്ച് അവതരണത്തില്‍ മിതത്വം കൈവരുത്തിയ ചിത്രമാണ് രാമനുണ്ണിയുടെ കഥ പറഞ്ഞ രാമലീല, രാമനുണ്ണി എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെ ജീവിത നേര്‍കാഴ്ച അസാധ്യമായി എഴുതി ചേര്‍ത്തിട്ടുണ്ട് സച്ചിയിലെ രചയിതാവ്. ഇന്നിന്റെ രാഷ്ട്രീയം വിമര്‍ശനാത്മകമായി പ്രകടമാക്കുന്ന പല സന്ദര്‍ഭങ്ങളിലും നാം കാണുന്നത് നമ്മളെ തന്നെയാണ്.ഒരു സിനിമ വഴി സ്വയം ബോധ്യപ്പെടുക എന്നത് അപൂര്‍വ്വമായി നടക്കുന്ന ഒന്നാണ്, രാമലീല കാണുന്ന ഓരോ പ്രേക്ഷകനും അത് അനുഭവിക്കുന്നുണ്ട്. വെറുതെ നേരംപോക്ക് സംസാരിക്കുന്ന സിനിമയല്ലിത്. വ്യക്തമായ ഒരു ആശയത്തിനൊപ്പം ഭംഗിയുള്ള ഒരു തിരക്കഥ ചേര്‍ന്നിരിക്കുകയും പിന്നീട് പെര്‍ഫക്ഷനോടെ സ്ക്രീനില്‍ എത്തിക്കുകയും ചെയ്തിടത്താണ് രാമലീല തലയുയര്‍ത്തി നില്‍ക്കുന്നത്.
എഴുത്തിലും ,അവതരണത്തിലും പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് ഇരുത്താനുള്ള വേഗം ചിത്രത്തിനുണ്ട്. അലോസരപ്പെടുത്താതെയും,അസ്വസ്ഥയുണ്ടാക്കാതെയുമായിരുന്നു തുടക്കം മുതലേയുള്ള ചിത്രത്തിന്റെ സഞ്ചാരം, പുറത്തിറങ്ങി തട്ടുപൊളിപ്പന്‍ എന്ന് പ്രഖ്യാപിക്കാനിരുന്നവര്ക്ക് നെഞ്ചിനെറ്റ അടിയായിരുന്നു അരുണ്‍ ഗോപിയുടെ പ്രഥമ സിനിമാ സംരംഭം. പറയുന്ന വിഷയത്തിന്റെ പ്രാധാന്യം ചോരാതെ പരുവപ്പെടുത്താന്‍ കഴിഞ്ഞിടത്താണ് രാമലീല പ്രേക്ഷകരിലേക്ക് അലങ്കരിക്കപ്പെട്ടത്. ഇനിയും രാമലീല കാണാന്‍ തീര്‍ച്ചയായും വരുമെന്ന ആത്മഗതവും പറഞ്ഞു പ്രേക്ഷകര്‍ തിയേറ്ററില്‍ നിന്നു എഴുന്നേറ്റപ്പോള്‍ വിജയിച്ചത് രാമലീലയല്ല മറിച്ച് മലയാള സിനിമയാണ്,
ഒരു നല്ല നടനെന്ന നിലയില്‍ ദിലീപിനെ വേണ്ടവിധം മലയാള സിനിമ ഉപയോഗപ്പെടുത്തിയിട്ടില്ല, താരമൂല്യം പരിഗണിച്ച് വേണ്ടവിധം പെര്‍ഫോം ചെയ്യിക്കാന്‍ വേണ്ടി മാത്രമാണ് ദിലീപിനെ സംവിധായകര്‍ ക്ഷണിക്കുന്നത്, അത് പലയവസരങ്ങളിലും വിജയം കണ്ടതിനാലാകണം ദിലീപും അത്തരം ഷോകളിലേക്ക് വഴിമാറിയത്.വര്‍ഷങ്ങള്‍ പടികയറിവന്നിട്ടും ദിലീപ് ചിത്രങ്ങള്‍ ബോക്സോഫീസില്‍ പണം കൊയ്തുകൊണ്ടേയിരുന്നു, അടുത്തിടെയാണ് ദിലീപ് ചിത്രങ്ങളോട് പ്രേക്ഷകര്‍ പൂര്‍ണ്ണമായും മുഖം തിരിച്ചു തുടങ്ങിയത്, എന്നിരുന്നാലും ബോക്സോഫീസില്‍ ദിലീപ് ചിത്രങ്ങള്‍ തോറ്റ് മടങ്ങാറില്ല. പതിവിനു വിപരീതമായി ദിലീപിലെ നടനെയാണ് രാമലീല പ്രയോജനപ്പെടുത്തിയിരിക്കുന്നത്, അഭിനയ സാധ്യതകള്‍ നല്‍കിയും, മാസ് ആയി അവതരിപ്പിച്ചും മീശമാധവനിലെയും, റണ്വെയിലുമൊക്കെ കണ്ട ദിലീപിനെ തിരിച്ചെടുക്കുന്നുണ്ട് രാമലീല.
‘അനാര്‍ക്കലി’ എന്ന ഭേദപ്പെട്ട സിനിമ ഒരുക്കിയ സച്ചി നല്ല രചയിതാവായി വീണ്ടും തിളങ്ങുന്നുണ്ട്. സിനിമയില്‍ പറഞ്ഞ വിഷയം പലയാവര്‍ത്തി കഴിഞ്ഞു പോയാതാണെങ്കിലും രാമലീലയുടെ കടലാസ് സൃഷ്ടി ഒതുക്കമുള്ളതാണ്. തിരിച്ചും മറിച്ചും വായിക്കാന്‍ തോന്നുന്ന മികച്ച തിരക്കഥാ രൂപമാണ് അരുണ്‍ ഗോപിയ്ക്കായി സച്ചി എഴുതി നല്‍കിയത്.
നല്ല സിനിമയാണെന്ന വിശ്വാസത്തിലൂന്നിയാകണം അരുണ്‍ ഗോപി ഈ സിനിമയ്ക്ക് വേണ്ടി ഇത്രയും ഫൈറ്റ് ചെയ്തത്. തിരക്കഥയ്ക്കനുസൃതമായ രീതിയില്‍ നല്ല അവതരണം പ്രകടമാക്കി കൊണ്ട് വരുംകാല മലയാള സിനിമയ്ക്ക് മുതല്‍കൂട്ടാകുന്നുണ്ട് അരുണ്‍ ഗോപിയിലെ സൂത്രധാരന്‍. വിമര്‍ശനപരമായി കടന്നു നീങ്ങുന്ന രാഷ്രീയ സാഹചര്യങ്ങളെയും, നെറികെട്ട മാധ്യമപ്രവര്‍ത്തനങ്ങളെയും വിമര്‍ശിക്കുന്ന സാഹചര്യങ്ങളിലൊക്കെ വൃത്തിയുള്ള മേക്കിംഗ് ശൈലിയോടെ അടയാളപ്പെടുത്തിയിട്ടുണ്ട് അരുണ്‍ ഗോപിയിലെ നവാഗതന്.
ചിത്രത്തില്‍ ശക്തമായ ഇടം നല്‍കിയിരിക്കുന്നത് ദിലീപിന്റെ രാമനുണ്ണിയ്ക്ക് മാത്രമല്ല, രാധിക ശരത് കുമാറിന്റെ അഭിനയ കരുത്തും രാമലീല നന്നായി വരച്ചിടുന്നുണ്ട്. ഇരുത്തം വന്ന അഭിനയത്തിലൂടെ രാധിക ശരത് കുമാര്‍ തന്റെ കഥാപാത്രം ഭംഗിയാക്കിയിട്ടുണ്ട്. നായികയായി എത്തിയ പ്രയാഗ മാര്‍ട്ടിനും, വിജയരാഘവന്, മുകേഷ് അടക്കുമുള്ള സിനിമയിലെ മറ്റു സീനിയര്‍ താരങ്ങളും തങ്ങളുടെ വേഷങ്ങള്‍ മികച്ചതാക്കിയിട്ടുണ്ട്.
ഷാജി കുമാറിന്റെ ക്യാമറ വീണ്ടും വിസ്മയം വിരിച്ചിരിക്കുന്നു, ഷാജി കുമാര്‍ ഒപ്പിയെടുത്ത ദൃശ്യഭംഗി രാമലീലയുടെ സൗന്ദര്യത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. ആവശമുള്ള ആഘോഷ സിനിമകള്‍ക്ക് പശ്ചാത്തല ഈണം നല്കാന് ഗോപി സുന്ദറിനെയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പലപ്പോഴും നിയോഗിക്കുന്നത്, ആ വിശ്വാസത്തെ ഹൃദയപൂര്‍വ്വം സ്വീകരിക്കുന്ന ഗോപി സുന്ദര്‍ മനോഹരമായ ബാക്ക്ഗ്രൗണ്ട് സ്കോര്‍ ആണ് ചിത്രത്തിനായി സമ്മാനിച്ചിരിക്കുന്നത്, ഇവിടെ രാമലീലയ്ക്ക് കൂടുതല്‍ ജീവന് നല്കുന്നതില് ഗോപി സുന്ദറിന്റെ പാട്ടും, പിന്നണിയും കൂടുതല്‍ സഹായകമായിട്ടുണ്ട്. വിവേക് ഹര്ഷന്റെ എഡിററ്റിംഗ് വിഭാഗവും സിനിമയോട് ചേര്‍ന്ന് നിന്നു.
അവസാന വാചകം
ഇതൊരു നല്ല സിനിമയുടെ ഉദാഹരണമാണ്, കല്ലെറിയാന്‍ നില്ക്കുന്നവരുടെ കൈ വിറച്ച വലിയ ഉദാഹരണം,തീര്‍ച്ചയായും ‘രാമലീല’ കണ്ടിറങ്ങാം കയ്യടികളോടെ……
Post Your Comments