ഒരിക്കലും പ്രതീക്ഷിക്കാത്ത സമ്മാനമാണ് എം.ടി വാസുദേവൻ നായർ ചലച്ചിത്ര താരം ജയറാമിന് നൽകിയത്.35 വർഷങ്ങൾക്ക് മുമ്പ് സിനിമയിൽ അഭിനയിക്കാനുള്ള മോഹം കൊണ്ട് അമ്മാവൻ മലയാറ്റൂർ രാമകൃഷ്ണനെ ഒരു ഫോട്ടോ ഏൽപ്പിച്ചിരുന്നു. കാലങ്ങൾ കടന്നു പോയിട്ടും ആ ചെറുപ്പക്കാരന്റെ ഫോട്ടോ സൂക്ഷിച്ചുവെച്ച എം.ടി എന്ന വലിയ മനുഷ്യൻ ഇന്നത് തനിക്ക് മുമ്പിൽ നീട്ടിയപ്പോള്‍ അത്ഭുതപ്പെട്ടുപോയെന്നു ജയറാം പറഞ്ഞു.
ഫോട്ടോയുടെ രഹസ്യം ജയറാം വെളിപ്പെടുത്തിയത് കലോത്സവ ഉദ്ഘാടന വേദിയിൽ. അതിങ്ങനെയാണ് ‘‘ഡിഗ്രി പഠനത്തിന് ശേഷം സിനിമയിൽ അഭിനയിക്കണമെന്ന മോഹവുമായി മലയാറ്റൂരിനെ സമീപിക്കുകയായിരുന്നു. സിനിമ തൊഴിലാക്കാനാണോ പരിപാടി എന്നായിരുന്നു ചോദ്യം. അങ്ങനെയൊന്നുമില്ലെന്ന് മറുപടി. എങ്കിൽ ഒരു ഫോട്ടോ താ, ശ്രമിക്കാം എന്ന് പറഞ്ഞു. അന്ന് കൈമാറിയ പടം മലയാറ്റൂർ എം.ടിക്കാണ് നൽകിയതെന്ന് ഇപ്പോഴാണറിയുന്നത്.
മലയാറ്റൂരിന്റെ ചില പഴയ പുസ്തകങ്ങൾ പരതിയപ്പോൾ ലഭിച്ചതാണ്, വിദ്യാരംഭ കലോത്സവത്തിനെത്തിയാൽ സമ്മാനിക്കാമെന്ന് കരുതി സൂക്ഷിച്ചു’’ എന്ന് എം.ടി പറഞ്ഞുനിർത്തിയപ്പോൾ ജയറാം ചിരിച്ചു.ദേശീയ പുരസ്കാരം ലഭിക്കുന്നതിനേക്കാൾ വലിയ സന്തോഷം പകരുന്നതാണിതെന്ന് തന്റെ ഫോട്ടോ ഉയർത്തി ജയറാം പറഞ്ഞു.
Post Your Comments