GeneralMollywoodNEWS

“അദ്ദേഹത്തിന്‍റെ വാക്കുകള്‍ നല്‍കിയ ആശ്വാസം മാത്രം മതി എല്ലാം മറക്കാന്‍”; നടി അന്ന രേഷ്മ രാജന്‍

മമ്മൂട്ടിയും ദുല്‍ഖറും വന്നാല്‍ ആരുടെ നായികയാകുമെന്ന് ചോദിച്ചപ്പോള്‍, ദുല്‍ഖര്‍ നായകനും മമ്മൂട്ടി അച്ഛനുമാകട്ടെ എന്ന നടി അന്ന രേഷ്മരാജന്റെ മറുപടി മമ്മൂട്ടി ഫാന്‍സുകാര്‍ക്കിടയില്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. . എന്നാല്‍ അന്ന പറഞ്ഞ മറുപടിയുടെ പൊരുള്‍ മനസിലാക്കാതെയായിരുന്നു ആരാധകരുടെ തെറിവിളി, മമ്മൂട്ടി ഫാന്‍സിന്റെ പ്രകോപനപരമായ സമീപനത്തില്‍ മാനസികമായി തളര്‍ന്നു പോയ അന്ന രേഷ്മ രാജന്‍ ഫേസ്ബുക്ക് ലൈവിലെത്തുകയും പൊട്ടിക്കരഞ്ഞു കൊണ്ട് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. സംഭവം കൂടുതല്‍ വിവാദമായതോടെ നടന്‍ മമ്മൂട്ടി തന്നെ രേഷ്മയെ ഫോണില്‍ വിളിച്ചു ആശ്വസിപ്പിച്ചു. മമ്മൂട്ടി തന്നെ വിളിച്ച കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ താരം പങ്കുവച്ചു. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ അന്ന രേഷ്മ രാജന്‍ മോഹന്‍ലാല്‍ നായകനായ വെളിപാടിന്റെ പുസ്തകത്തിലും നായികയായി വേഷമിട്ടു കഴിഞ്ഞു.

അന്ന രേഷ്മ രാജന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

മമ്മുക്ക വിളിച്ചു!! സംസാരിച്ചു… ആ വാക്കുകൾ പകർന്നുതന്ന ആത്മവിശ്വാസം മതി ഇനി ഏതു സാഹചര്യങ്ങളും നേരിടാൻ.
മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യം മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടപ്പോൾ, അതും ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്ന മമ്മൂക്കയെ പറ്റിയും ആയതിന്റെ വിഷമത്തിലാണ് ഇന്നലെ ഞാൻ ലൈവ് വന്നത്… ഇന്ന് മമ്മൂക്ക തന്നെ എന്നെ വിളിച്ച് സംസാരിച്ചപ്പോൾ എന്തെന്നില്ലാത്ത ആശ്വാസത്തിലും സന്തോഷത്തിലുമാണ് ഞാനിപ്പോൾ.
എങ്ങനെ മമ്മൂക്കയെ വിളിച്ച് സംസാരിക്കും എന്ന് കരുതി പേടിച്ചിരുന്ന എനിക്ക് മമ്മൂക്കയുടെ കോൾ വന്നതും ഇത്രയും സംസാരിച്ചതും ഇപ്പോഴും ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. സത്യത്തിൽ അങ്കമാലി ഡയറീസ് എന്ന എന്റെ ആദ്യ ചിത്രത്തിനു ശേഷം എനിക്ക് നായികയാവാൻ ആദ്യം ലഭിച്ച ക്ഷണം മമ്മൂക്കയോടൊപ്പമായിരുന്നു. ആ ചിത്രത്തിന്റെ ചിത്രീകരണം നീണ്ടു പോയ അവസരത്തിലാണ് ഞാൻ ലാലേട്ടനോടൊപ്പം വെളിപാടിന്റെ പുസ്തകത്തിൽ എത്തിയതും… ഉടൻ തന്നെ മമ്മൂക്കയോടൊപ്പം ഒരു ചിത്രം സംഭവിക്കട്ടെ എന്ന പ്രാർത്ഥനയുണ്ട്. രണ്ടു ചിത്രങ്ങളിൽ മാത്രമഭിനയിച്ച എന്നെ വിളിച്ചു ആശ്വസിപ്പിക്കാൻ കാണിച്ച ആ വലിയ മനസിന്‌, മമ്മൂക്കയ്ക്ക് നന്ദി…
നിങ്ങളുടെ സ്വന്തം,
ലിച്ചി

shortlink

Related Articles

Post Your Comments


Back to top button