വിദേശ സിനിമകൾ കോപ്പിയടിക്കുന്നത് ഇന്ത്യയുടെ പുതിയ രീതിയല്ല . ഇറ്റാലിയൻ, കൊറിയൻ, ചൈനീസ് എന്നുവേണ്ട ഏത് ഭാഷയിലെ ചിത്രമാണെങ്കിലും അത് സ്വന്തം ചിത്രമാക്കി മാറ്റാനുള്ള കഴിവ് ഇന്ത്യൻ സംവിധായകർക്കുണ്ട്.അങ്ങനെ മാറ്റിയെടുത്താലും ആ ചിത്രങ്ങൾ സ്വന്തം രാജ്യത്തുള്ളവർ മാത്രമല്ലേ കാണൂ എന്ന് ആശ്വസിക്കാം.എന്നാൽ അങ്ങനൊരു ചിത്രം ഓസ്‌കാറിന് അയച്ചാലുള്ള നാണക്കേട് എന്തുമാത്രം ഉണ്ടാകും.ആ നാണക്കേട് ഇന്ത്യ ഇപ്പോൾ അനുഭവിക്കുകയാണ്.
രാജ്കുമാർ റാവുവിന്‍റെ ബോളിവുഡ് ചിത്രം ‘ന്യൂട്ടനാ’ണ് പ്രതിസ്ഥാനത്ത്. ഇത്തവണ ഏറ്റവും മികച്ച വിദേശ ഭാഷാചിത്രത്തിനുള്ള അവാർഡിനായി ഇന്ത്യ തിരഞ്ഞെടുത്ത ന്യൂട്ടൺ ഇറാനിയൻ ചിത്രമായ സീക്രട്ട് ബാലറ്റിന്‍റെ തനിപ്പകർപ്പാണെന്നാണ് ഇപ്പോഴത്തെ ആരോപണം.ഛത്തീസ്ഗഢിലെ സംഘര്‍ഷബാധിത പ്രദേശത്ത് മാവോവാദികൾക്കും സൈന്യത്തിനും ഇടയിൽ നിന്ന് പൊരുതി വോട്ടെടുപ്പ് നടത്തിയ ന്യൂട്ടൻ കുമാർ എന്ന പ്രിസൈഡിങ് ഓഫീസറുടെ കഥയാണ് ‘ന്യൂട്ടണിൽ’ പറയുന്നത്.
ഇതേ കഥതന്നെയാണ് ബാബക് പയാമി സംവിധാനം ചെയ്ത ‘സീക്രട്ട് ബാലറ്റിന്‍റെ’യും.ഇവിടെ നായകന് പകരം നായികയാണെന്നു മാത്രം.വിജനമായ ദ്വീപിൽ വോട്ടിങ്ങിനായി പോകുന്ന സത്യസന്ധയായ ഒരു സ്ത്രീയുടെ കഥയാണ് സീക്രട്ട് ബാലറ്റ് പറയുന്നത്. എന്നാൽ ഈ ചിത്രത്തിൽ നായികയ്ക്ക് പേരില്ല.
ഇങ്ങനൊരു ചിത്രത്തെക്കുറിച്ച് തിരക്കഥ എഴുതിയ ശേഷമാണ് അറിഞ്ഞതെന്ന് സംവിധായകൻ അമിത് വി മൻസൂർ പ്രതികരിച്ചു. രണ്ട് വർഷം മുമ്പ് തിരക്കഥ എഴുതിയിരുന്നെന്നും അദ്ദേഹം വിശദീകരിക്കുകയുണ്ടായി.
ദൃശ്യം ഫിലിംസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം വിതരണത്തിനെത്തിക്കുന്നത് ഈറോസ് എന്‍റടൈമെന്‍റ് ആണ് .പങ്കജ് ത്രിപാഠി, അഞ്ജലി പാട്ടീൽ, രഘുബീർ യാദവ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ബെർലിൻ ഇന്‍റനാഷണൽ ഫിലിം ഫെസ്റ്റിവൽ, ട്രിബേക്ക ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളില്‍ ന്യൂട്ടൺ പ്രദർശിപ്പിച്ചിരുന്നു.
Post Your Comments