CinemaGeneralMollywoodNEWSWOODs

ആത്മഹത്യ ചെയ്യുന്നതിന്റെ തലേദിവസം സില്‍ക്ക് സ്മിത തന്നോട് പറഞ്ഞ കാര്യങ്ങളെക്കുറിച്ച് നടി അനുരാധയുടെ വെളിപ്പെടുത്തല്‍

മാദകറാണി സില്‍ക്ക് സ്മിത ഓര്‍മ്മയായിട്ട് ഇരുപത്തിയൊന്നു വര്‍ഷങ്ങള്‍ പിന്നിടുന്നു. ശരീര വടിവിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച ഈ അഭിനേത്രിയുടെ ജീവിതം ദുരൂഹതകള്‍ നിറഞ്ഞതായിരുന്നു. സഹപ്രവര്‍ത്തകരുടെ ചൂഷണങ്ങള്‍ക്കൊടുവില്‍ ജീവിതത്തില്‍ പലതും വെളിപ്പെടുത്താതെ അവര്‍ മറഞ്ഞുപോയി. ഇന്നും ദുരൂഹമായി തുടരുകയാണ് നടിയുടെ ആത്മഹത്യ. നടി മരിച്ച് 21 വര്‍ഷം പിന്നിടുമ്പോള്‍ അടുത്ത സുഹൃത്തും നടിയുമായ അനുരാധ ചില കാര്യങ്ങള്‍ തുറന്നുപറയുകയാണ്, സ്മിത മരിക്കുന്നതിനു തലേദിവസം നടന്ന കാര്യങ്ങളെപ്പറ്റി.

മരണത്തിന്റെ തലേദിവസം സ്മിത തന്നെ വിളിച്ചിരുന്നു. മനസ്സിനെ അലട്ടുന്ന ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ഒന്നു കാണണം സംസാരിച്ചിരിക്കണം അതായിരുന്നു സില്‍ക്ക് തന്നോട് ആവശ്യപ്പെട്ടതെന്നു അനുരാധ പറയുന്നു. എന്നാല്‍ ചില വ്യക്തിപരമായ കാരണങ്ങളാല്‍ അന്ന് സ്മിതയെ കാണാന്‍ പോകാന്‍ കഴിയില്ല. ‘നമുക്ക് രാവിലെ കാണാം അതുവരെ സമാധാനമായിരിക്കൂ’ സില്‍ക്കിനെ ഫോണിലൂടെ ആശ്വസിപ്പിച്ചു. എന്നാല്‍ പിറ്റേ ദിവസംതന്നെ തേടിയെത്തിയത് അടുത്ത സുഹൃത്തിന്റെ മരണവാര്‍ത്തയായിരുന്നുവെന്നും അനുരാധ ഒരു അഭിമുഖത്തില്‍ പറയുന്നു.

അനുരാധയുടെ വാക്കുകള്‍ ഇങ്ങനെ …”മരണത്തിന് നാല് ദിവസം മുന്‍പ് അവള്‍ എന്റെ വീട്ടില്‍ വന്നിരുന്നു. പ്രത്യേകിച്ച് ദു:ഖമുള്ളതായി ഒന്നും തോന്നിയില്ല. അവള്‍ കന്നടയിലെ ഐറ്റം സോംഗ് ചെയ്യുന്ന സമയമായിരുന്നു അത്. ഞാന്‍ ചെന്നൈയിലായിരുന്നു. എനിക്കും ഷൂട്ടിങ് ഉണ്ടായിരുന്നു. സെപ്റ്റംബര്‍ 22ന് രാത്രി എട്ടിന് എനിക്ക് അവളുടെ കോള്‍ വന്നു. എന്തു ചെയ്യുകയാണെന്ന് ചോദിച്ചു. ഞാന്‍ കുട്ടികള്‍ക്ക് ഭക്ഷണം ഉണ്ടാക്കുകയായിരുന്നു. മാത്രമല്ല എന്റെ ഭര്‍ത്താവ് ഒരു ദീര്‍ഘയാത്രയ്ക്ക് ശേഷം ചെന്നൈയില്‍ എത്തുന്ന ദിവസമായിരുന്നു അത്. അവള്‍ എന്നോട് ചോദിച്ചു, ‘ഇവിടം വരെ വരാമോ, അത്യാവശ്യമായി സംസാരിക്കണമായിരുന്നു’. കുട്ടികള്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. സതീഷ് ആണെങ്കില്‍ എത്തിയിട്ടുമില്ല.

ഇപ്പോള്‍ കുറച്ച് പണിയുണ്ട് നാളെ വന്നാല്‍ മതിയോ? കുട്ടികളെ സ്കൂളില്‍ വിട്ടിട്ട് നാളെ രാവിലെ 9 മണിക്ക് ഞാന്‍ വരാം. സില്‍ക്ക് എന്നെ നിര്‍ബന്ധിച്ചില്ല. ശരി നാളെ വരൂ എന്ന് പറഞ്ഞ് അവള്‍ ഫോണ്‍ വച്ചു. പിറ്റേ ദിവസമാണ് ഞെട്ടിപ്പിക്കുന്ന ആ വാര്‍ത്ത കേട്ടത്. അവളുടെ മരണം എനിക്ക് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. ആ രാത്രി വിളിച്ചപ്പോള്‍ ഞാന്‍ പോയിരുന്നെങ്കില്‍ ഒരു പക്ഷെ അവളിന്ന് ജീവനോടെ ഉണ്ടായേനെ. എനിക്ക് അവളെ സഹായിക്കാക്കാന്‍ കഴിഞ്ഞില്ലല്ലോ”

shortlink

Related Articles

Post Your Comments


Back to top button