CinemaFilm ArticlesGeneralIndian CinemaLatest NewsMollywoodNEWSWOODs

അഭിനയകലയുടെ പെരുന്തച്ചന്‍; തിലകന്റെ ഓര്‍മ്മകള്‍ക്ക് അഞ്ചാണ്ട്

 
 
”നിന്റെ അച്ഛനാടാ മോനേ പറയുന്നെ കത്തി താഴെയിടാന്‍..” എന്ന് കിരീടത്തിലെ സേതു മാധവനോട് ഹൃദയം തകര്‍ന്ന് യാചിക്കുന്ന അച്ഛന്‍ കോണ്‍സ്റ്റബിള്‍ അച്യുതന്‍ നായരുടെ മുഖം മലയാളികളുടെ മനസ്സില്‍ നിന്നും മായില്ല. അതുപോലെ തന്നെയാണ് ആട് തോമയെ ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് പഠിപ്പിച്ച ചാക്കോ മാഷും. കാലം മായിച്ചെങ്കിലും മലയാളസിനിമയുടെ ആ തിലകക്കുറി ഓര്‍മ്മകളുടെ തിരശ്ശീലയില്‍ ഇന്നും തെളിഞ്ഞു നില്‍ക്കുന്നു. അഭിനയകലയുടെ പെരുന്തച്ചന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് അഞ്ചാണ്ട്.
 
1935 ജൂലായ് 15ന് പി എസ് കേശവന്റെയും പി എസ് ദേവയാനിയുടെയും മകനായി പത്തനംതിട്ടയിലെ അയിരൂരിലാണ് സുരേന്ദ്രനാഥ തിലകന്റെ ജനനം. മുണ്ടക്കയം നാടകസമിതി രൂപീകരിച്ചുകൊണ്ട് പ്രൊഫഷണല്‍ നാടകവേദിയില്‍ സ്വന്തം ഇടം തേടിയ ആ കാലാകാരന്‍ കേരള പീപ്പിള്‍ ആര്‍ട്സ്, കൊല്ലം കാളിദാസ കലാകേന്ദ്രം ചങ്ങനാശ്ശേരി ഗീത എന്നീ പ്രൊഫഷണല്‍ നാടകസമിതിയിലൂടെ അരങ്ങില്‍ നിറഞ്ഞാടി. അരങ്ങിലെ ചക്രവര്‍ത്തിയായിയായിരിക്കുമ്പോള്‍ തന്നെ ശബ്ദം കൊണ്ടും പകര്‍ന്നാട്ടങ്ങള്‍ നടത്തി ആകാശവാണിയിലൂടെ ശ്രോതാക്കളെ പിടിച്ചിരുത്തി.
 
1973ല്‍ പി ജെ ആന്റണി സംവിധാനം ചെയ്ത പെരിയാറിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ തിലകന്‍ ഉള്‍ക്കടല്‍, യവനിക തുടങ്ങിയ ചിത്രങ്ങളിലൂടെ വെള്ളിത്തിരയില്‍ തന്റെതായ ഒരിടം ഉറപ്പിച്ചു. അച്ഛനായും മകനായും ഡോക്ടറായും മന്ത്രവാദിയായും പൊലീസുകാരനായും പള്ളി വികാരിയായുമെല്ലാം അഭ്രപാളിയില്‍ തിലകന്‍ വിസ്മയങ്ങള്‍ തീര്‍ത്തു.
 
എന്നാല്‍ അഭിനയമികവിലെ പെരുന്തച്ചന് മലയാള സിനിമയില്‍ നിന്നും ലഭിച്ചത് അത്ര സുഖമുള്ള അനുഭവങ്ങള്‍ ആയിരുന്നില്ല. താര രാജാക്കന്മാര്‍ സിനിമയില്‍ ആധിപത്യം ഉറപ്പിച്ചപ്പോഴും സ്വന്തം ശരി ആരുടെ മുഖത്തുനോക്കിയും പറയാനുള്ള ചങ്കൂറ്റം കാട്ടിയിരുന്നു തിലകന്‍. അതുകൊണ്ട് തന്നെ സൂപ്പര്‍താരങ്ങളുടെ കോക്കസ് കളിയാണ് മലയാളസിനിമയെ നശിപ്പിക്കുന്നതെന്ന് വിളിച്ചുപറയുകയും അതിലൂടെ താരങ്ങളുടെ അപ്രീതിയ്ക്ക് പാത്രമാവുകയും ചെയ്തു. ഇതിന്റെ ഫലം താരസംഘടനായ അമ്മയുടെ വിലക്കായിരുന്നു. എങ്കിലും യാതൊരു ഭാവ വ്യത്യാസവും കൂടാതെ നിഷേധിയായ ആ കലാകാരന്‍ ജീവിക്കുകയും തലയുയര്‍ത്തിപ്പിടിച്ചു തന്നെ തിരിച്ചുവരുകയും ചെയ്തു. എന്നാല്‍ ഇടവേളയ്ക്ക് ശേഷം അരങ്ങിനെയും അഭ്രപാളിയേയും ഒന്നുപോലെ വിസ്മയിപ്പിച്ച തിലകന്‍ മടങ്ങിവരവില്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ച കഥാപാത്രങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയ്ക്ക് മങ്ങലേറ്റിട്ടില്ലെന്ന് തെളിയിച്ചു. തിലകനിലേക്ക് ആവേശിക്കാനായി അണിയറയില്‍ ഒട്ടേറെ കഥാപാത്രങ്ങള്‍ ഊഴം കാത്തുനില്‍ക്കുന്നതിനിടയില്‍ ആ മഹാനടനു മുന്നില്‍ കാലം തിരശ്ശീലയിട്ടു. 2012 സെപ്റ്റംബര്‍ 24ന്.
 
പുരസ്കാരങ്ങള്‍
 
1982ല്‍ സംസ്ഥാനസര്‍ക്കാറിന്റെ മികച്ച സഹനടനുള്ള പുരസ്കാരം യവനികയിലെ അഭിനയത്തിലൂടെ സ്വന്തമാക്കിയ തിലകന്‍ പിന്നീട് 1985 മുതല്‍ തുടര്‍ച്ചായി നാല് തവണയും മികച്ച സഹനടനുള്ള പുരസ്കാരംനേടി. യാത്ര, പഞ്ചാഗ്നി, തനിയാവര്‍ത്തനം, മുക്തി, ധ്വനി എന്നീ ചിത്രങ്ങളിലൂടെ. 1998ല്‍ കാറ്റത്തൊരു പെണ്‍പൂവ് എന്ന ചിത്രത്തിലൂടെയും മികച്ച സഹനടനായി. 1990ലാണ് തിലകന്‍ സംസ്ഥാനത്തെ മികച്ച നടനാകുന്നത് – പെരുന്തച്ചനിലൂടെ. കഥാപാത്രത്തില്‍ മാത്രമല്ല അഭിനയത്തിലും പെരുന്തച്ചനെന്ന് തെളിയിച്ച തിലകന് 1994ല്‍ ഗമനം, സന്താനഗോപാലം എന്നീ ചിത്രങ്ങളിലൂടെ വീണ്ടും മികച്ച നടനുള്ള സംസ്ഥാനപുരസ്കാരം ലഭിച്ചു.
 
 
1988ല്‍ ഋതുഭേദം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയപുരസ്കാരം തിലകന് ലഭിച്ചു. 1986ല്‍ ഇരകള്‍ എന്ന ചിത്രത്തിനും 1990ല്‍ പെരുന്തച്ചനും മികച്ച നടനുള്ള അവാര്‍ഡിന് തിലകന്‍ പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അവസാനഘട്ടത്തില്‍ കൈവിട്ടുപോകുകയായിരുന്നു. 2006ല്‍ ഏകാന്തത്തിലെ അഭിനയത്തിന് പ്രത്യേക ജൂറിപുരസ്കാരം ലഭിച്ച തിലകനെ 2009ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 2005ല്‍ ഫിലിം ഫെയര്‍ തിലകനെ ദക്ഷിണേന്ത്യയിലെ അപൂര്‍വ പ്രതിഭയായി ആദരിച്ചിരുന്നു. 2012ല്‍ ഉസ്താദ് ഹോട്ടലിലെ അഭിനയത്തിനും ദേശീയതലത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു.
 
 

shortlink

Related Articles

Post Your Comments


Back to top button