CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

ഇരയ്ക്കൊപ്പമെന്ന് പറഞ്ഞ് നടക്കുന്ന ആട്ടിന്‍ തോലണിഞ്ഞ ആ ചെന്നായയെ തിരിച്ചറിയണം: കിഷോര്‍ സത്യ

 

ദിലീപിന്റെ പുതിയ ചിത്രം രാമലീല തകര്‍ക്കണമെന്ന് ആഹ്വാനം ചെയ്ത സിനിമ നിരൂപകനും ചലചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗവുമായ ജിപി രാമചന്ദ്രനെതിരെ നടന്‍ കിഷോര്‍ സത്യ. ചലചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനോട് രാമചന്ദ്രനെതിരെ നടപടിയെടുക്കണമെന്ന് ആ‍വശ്യപ്പെട്ട് കിഷോര്‍ സത്യയുടെ ഫേസ് ബുക്ക് പോസ്റ്റ്‌.

കിഷോര്‍ സത്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ രൂപം:

പ്രിയപ്പെട്ട കമല്‍ സര്‍
കഴിഞ്ഞ രണ്ടു മാസമായി നമ്മുടെ സഹോദരിയായ ഒരു നടി ആക്രമിക്കപ്പെട്ടതും അതിലെ ഗൂഢാലോചന കുറ്റത്തിന് ഒരു പ്രമുഖ നടന്‍ അന്വേഷണ വിധേയമായി ജയിലിലും ആണല്ലോ. ഇതിന്റെ പേരില്‍ അന്ന് മുതല്‍ തുടങ്ങിയ കോലാഹലങ്ങള്‍ സകല സീമകളും ലംഘിച്ചു അനുസ്യൂതം തുടരുകയുമാണ്. ഒരു പ്രസ്താവനയോ ഫേസ്ബുക് പോസ്റ്റോ ഇട്ടാല്‍ ഏതെങ്കിലും ഒരു പക്ഷത്തിന്റെ ആള്‍ ആക്കിമാറ്റപ്പെടുന്ന ഒരു ദയനീയ അവസ്ഥ കൊണ്ടാവണം ഭൂരിപക്ഷം പേര്‍ക്കും മൗനം പാലിക്കേണ്ടി വരുന്നത്. പക്ഷെ അതെല്ലാം വ്യക്തികളെയല്ല, ആത്യന്തികമായി മലയാള സിനിമയെ ആണ് മോശമായി ബാധിച്ചു കൊണ്ടിരിക്കുന്നത് എന്ന പരമമായ സത്യം നമ്മള്‍ തിരിച്ചറിയണം സര്‍.
ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടണമെന്ന് നമ്മള്‍ എല്ലാവരും ആഗ്രഹിക്കുന്നു. അതോടൊപ്പം അതിന്റെ ഗൂഢാലോചന ആരോപിക്കപ്പെട്ടു തടവില്‍ കഴിയുന്ന നടന്‍ തെറ്റുകാരന്‍ അല്ലയോ ആണോ എന്ന് സ്വയം ചിന്തിക്കുവാന്‍ ഉള്ള സ്വാതന്ത്ര്യം ഓരോ ആള്‍ക്കുമുണ്ട് പക്ഷെ ഇരയ്ക്കൊപ്പം എന്ന വ്യാജേന ആട്ടിന്‍ തോലുമണിഞ്ഞു മലയാള സിനിമയെ തന്നെ തകര്‍ക്കാന്‍ ചില തീവ്രവാദികളുടെ നുഴഞ്ഞു കയറ്റവും ഇവിടെ നടക്കുന്നു. അതില്‍ ഒരാള്‍ അങ്ങയുടെ ജനറല്‍ കൗണ്‍സിലിലെ മെമ്ബര്‍ ശ്രീ. ജി.പി. രാമചന്ദ്രന്‍ ആണെന്ന ദുഃഖവാര്‍ത്ത അറിയിക്കാന്‍ ആണ് ഈ കുറിപ്പ്. സിനിമ രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകളെപ്പറ്റി വിക്കിപീഡിയ ഇപ്രകാരം പറയുന്നു.
“……..രണ്ടു പതിറ്റാണ്ടിലധികം കാലമായി ചലച്ചിത്രനിരൂപണരംഗത്തു പ്രവര്‍ത്തിക്കുന്ന ജി പി രാമചന്ദ്രന്‍ എഴുതിയ നൂറുകണക്കിന് ലേഖനങ്ങള്‍ മലയാളത്തിലെ വലുതും ചെറുതുമായ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമ്ബത്തിനാലാമത് ദേശീയ ചലച്ചിത്ര അവാര്‍ഡിന്റെ ഭാഗമായി 2006ലെ ഏറ്റവും നല്ല നിരൂപകനുള്ള രാഷ്ട്രപതിയുടെ സ്വര്‍ണകമലത്തിനര്‍ഹനായി.
1998ലെ സംസ്ഥാനസര്‍ക്കാര്‍ ചലച്ചിത്ര അവാര്‍ഡിനര്‍ഹമായ സിനിമയും മലയാളിയുടെ ജീവിതവും(എസ് പി സി എസ്), 2009ലെ സംസ്ഥാനസര്‍ക്കാര്‍ ചലച്ചിത്ര അവാര്‍ഡിനര്‍ഹമായ മലയാള സിനിമ – ദേശം, ഭാഷ, സംസ്ക്കാരം(കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്), 2011ലെ സംസ്ഥാനസര്‍ക്കാര്‍ ചലച്ചിത്ര അവാര്‍ഡിനര്‍ഹമായ ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും(എസ് പി സി എസ്) എന്നീ പുസ്തകങ്ങള്‍ക്കു പുറമെ, കളങ്കം പുരളാത്ത ഒരു ഇമേജിനു വേണ്ടി, 25 ലോക സിനിമകള്‍, ഇന്ത്യന്‍ സിനിമയില്‍ നിന്ന് ഇന്ത്യയെ കണ്ടെത്തുമ്ബോള്‍(ചിന്ത), ലോകസിനിമായാത്രകള്‍(ലീഡ് ബുക്സ്), പച്ചബ്ലൗസ്(പ്രോഗ്രസ്) എന്നീ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2003ലെ ഏറ്റവും നല്ല ചലച്ചിത്രസംബന്ധിയായ ലേഖനത്തിനുള്ള സംസ്ഥാനസര്‍ക്കാര്‍ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
കേരള സര്‍ക്കാരിന്റെ പ്രഥമ സംസ്ക്കാരകേരളം അവാര്‍ഡുള്‍പ്പെടെ മറ്റവാര്‍ഡുകളും നേടിയിട്ടുള്ള ജി. പി. രാമചന്ദ്രന്‍, ദേശീയ ചലച്ചിത്ര അവാര്‍ഡ് (രചനാ വിഭാഗം), അന്താരാഷ്ട്ര ഡോക്കുമെന്ററി/ഹ്രസ്വചിത്ര മേള, കേരളസംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, സാഹിത്യ അക്കാദമി അവാര്‍ഡ്, സൈന്‍സ് ഇന്ത്യന്‍ കഥേതര ചലച്ചിത്രമേള, വിബ്ജിയോര്‍ ചലച്ചിത്ര മേള, ജോണ്‍ ഏബ്രഹാം പുരസ്കാരം, എസ് ബി ടി മാധ്യമ അവാര്‍ഡ് എന്നിവയുടെ ജൂറികളില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്…….”
ഇങ്ങനെയുള്ള ഒരാള്‍ക്ക് എങ്ങനെയാണ് സാര്‍ ഒരു മലയാള സിനിമ പ്രദര്‍ശിപ്പിക്കുന്ന കൊട്ടകകള്‍ തകര്‍ക്കണം എന്ന് പറയാന്‍ സാധിക്കുക ?
ഇങ്ങനെയുള്ള ഒരാള്‍ക്ക് എങ്ങനെയാണ് സാര്‍ സിനിമകള്‍ വ്യാജമായി അപ്ലോഡ് ചെയ്യുന്ന സൈറ്റുകളുടെ വിലാസം വേണമെന്ന് പറയാന്‍ സാധിക്കുക ?!
സിനിമ ഇറങ്ങുന്നതിനു മുന്‍പ് അത് ഒരു അശ്ലീല സിനിമയാണെന്ന് എങ്ങനെയാണ് സര്‍ ഒരാള്‍ക്ക് പ്രഖ്യാപിക്കാന്‍ കഴിയുക ?!
മലയാള സിനിമയുടെ ക്ഷേമത്തിന് വേണ്ടിയുള്ള സര്‍ക്കാര്‍ സ്ഥാപനത്തിലെ ഉത്തരവാദിത്തപ്പെട്ട ഒരു ഭാരവാഹിക്കു എങ്ങനെയാണ് സാര്‍ #BoycottRaamleela എന്നൊരു കാമ്ബയിന് ആഹ്വാനം നല്‍കാന്‍ സാധിക്കുക ?!
മദ്യപിക്കുകയും കഞ്ചാവ് വലിക്കുകയുമൊക്കെ ചെയ്യുന്നവര്‍ പല വൃത്തികേടുകളും പറഞ്ഞിട്ട് ബോധം വരുമ്ബോള്‍ ‘…. അളിയാ, ഇന്നലെ കുറച്ചു കൂടിപ്പോയി ഞാന്‍ ഏതാണ്ടൊക്കെ പറഞ്ഞു, സോറി അളിയന്‍ ക്ഷമിക്കണം…” എന്ന് പറയുന്നതുപോലെ “അമിതാവേശവും വികാരത്തള്ളിച്ചയും മൂലം ഞാന്‍ പോസ്റ്റ് ചെയ്ത ചില അഭിപ്രായങ്ങള്‍ പെട്ടെന്നു തന്നെ പിന്‍വലിച്ചിരുന്നു. എന്നാല്‍ ഇതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ ചിലര്‍ പ്രചരിപ്പിച്ചു വരുന്നുണ്ട് എന്നറിയുന്നു. ഇതില്‍ എനിക്ക് യാതൊരു ഉത്തരവാദിത്തവുമില്ല.” എന്നൊരു നിരുത്തരവാദപരമായ പ്രസ്താവനയിലൂടെ കൈകഴുകാന്‍ ആവും ?!
ഇത് ഒരു നടന്റെയോ അയാളുടെ സിനിമയുടെയോ പ്രശ്നമല്ല.നിരവധി അഭിനേതാക്കളും, സാങ്കേതിക പ്രവര്‍ത്തകരും നിര്‍മ്മാതാവുമൊക്കെ ചേര്‍ന്ന ഒരു ശൃംഖലയിലെ ഒരു വ്യക്തി മാത്രമാണ് അതിലെ ഈ നായകനടന്‍. ആ കാരണം കൊണ്ട് ഒരു ചലച്ചിത്ര അക്കാദമി അംഗത്തിന് ഒരു സിനിമയെ നശിപ്പിക്കണമെന്നും തിയേറ്റര്‍ തകര്‍ക്കണമെന്നും, അത് അശ്ളീല സിനിമയാണെന്നും, സിനിമ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യണമെന്നുമൊക്കെ എങ്ങനെ പറയുവാന്‍ കഴിയും ?!
തോക്കിനെക്കാള്‍ ശക്തമാണ് പേന എന്ന് പറയുന്നത് വാസ്തവമാണ്. അപ്പോള്‍ അദ്ദേഹത്തിന്റെ ഈ നിലപാട് ഗുരുതരമായ ഒരു തീവ്രവാദ ആക്രമണമാണ് സാര്‍, വ്യക്തമായ ആലോചനയുടെയും അജണ്ടയുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കൃത്യമായ പദ്ധതി. അല്ലെങ്കില്‍ ഇതിനു മുന്‍പ് അദ്ദേഹം സിനിമക്കായി എഴുതുകയും കൈനിറയെ പുരസ്കാരങ്ങള്‍ വാങ്ങുകയും ചെയ്ത ഒരു വരിപോലും “അമിതാവേശവും വികാരത്തള്ളിച്ചയും “മൂലം എഴുതുകയോ പിന്നീട് പിന്‍വലിക്കുകയോ മാപ്പു പറഞ്ഞു തടിതപ്പുകയോ ചെയ്യേണ്ടിവന്നിട്ടില്ലല്ലോ ?!
വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ മലയാള സിനിമയെ തന്നെ നശിപ്പിക്കുന്ന ഇത്തരം ഭീകരവാദികളെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന നിലയിലും മലയാള സിനിമകൊണ്ട് പേര് പടുത്തുയര്‍ത്തിയ ഒരു ചലച്ചിത്ര പ്രവര്‍ത്തകന്‍ എന്ന നിലയിലും അങ്ങ് തിരിച്ചറിയണമെന്നും ഈ അംഗത്തെ അക്കാഡമിയില്‍ നിന്നും പുറത്താക്കാന്‍ ഉള്ള ആര്‍ജവം കാണിക്കണമെന്നും ദയവായി അപേക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button