ശ്യാംധര്‍- മമ്മൂട്ടി ടീമിന്റെ ഓണച്ചിത്രമായി പ്രദര്‍ശനത്തിനെത്തിയ ‘പുള്ളിക്കാരന് സ്റ്റാറാ’ ബോക്സോഫീസില്‍ കാര്യമായ മുന്നേറ്റം ഉണ്ടാക്കാതെയാണ് കടന്നു പോകുന്നത്. തിയേറ്റര്‍ കളക്ഷന്റെ കാര്യത്തില്‍ ഓണത്തിനെത്തിയ ചിത്രങ്ങളില്‍ ഏറ്റവും പിന്നിലാണ് പുള്ളിക്കാരന്റെ സ്ഥാനം. ഫാമിലി പ്രേക്ഷകരെ ലക്ഷ്യം വച്ച സിനിമയ്ക്ക് മികച്ച ഇനിഷ്യല്‍ ലഭിക്കാതെ പോയത് ചിത്രത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.
കഥയുടെ ബലക്കുറവും , തിരക്കഥയിലെ അപാകതയും, ശ്യംധറിന്റെ അവതരണ രീതിയൊക്കെ പ്രേക്ഷകര്‍ക്കിടയില്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്. അദ്ധ്യാപക ട്രെയിനിയായ രാജകുമാരന് എന്ന നാട്ടിന്‍പുറത്തുകാരന്റെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. നല്ല ഒരുപാട് മൂഹൂര്‍ത്തങ്ങള്‍ ചിത്രം സമ്മാനിക്കുന്നുണ്ടെങ്കിലും പ്രേക്ഷകനെ പിടിച്ചിരുത്തേണ്ടതും, ആഴത്തില്‍ സ്പര്‍ശിക്കേണ്ടതുമായ ഒരു കഥ ചിത്രം ആവശ്യപ്പെടുന്നുണ്ടായിരുന്നു, അത് ഇല്ലാതെ പോയതിനാല്‍ പുള്ളിക്കാരന് സ്റ്റാറല്ല എന്ന് തന്നെ വിധി എഴുതുകയാണ് കണ്ടിറങ്ങിയ പ്രേക്ഷകര്‍. നല്ലൊരു ശ്രമം എന്ന നിലയില്‍ അംഗീകരിക്കപ്പെടേണ്ട ചിത്രമാണെങ്കിലും പ്രേക്ഷകന് ഒരു മികച്ച അനുഭവമാകാതെ പോകുകയാണ് പുള്ളിക്കാരന്.
മറ്റു ഓണച്ചിത്രങ്ങളെ അപേക്ഷിച്ച് ആദ്യ ആഴ്ചയില്‍ തന്നെ മന്ദഗതിയിലായിരുന്നു പുള്ളിക്കാരന്റെ തിയേറ്റര്‍ കളക്ഷന്‍. ഗ്രേറ്റ് ഫാദറിന് ശേഷമെത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയില്‍ ബോക്സോഫീസ് വിജയത്തിന് വലിയ സാധ്യത ചിത്രം തുറന്നിട്ടിരുന്നു. മാസ് ചിത്രമെന്ന രീതിയില്‍ മാര്‍ക്കറ്റ് ചെയ്തു തിയേറ്ററിലേക്ക് ആളിനെ കൂട്ടിയ ഗ്രേറ്റ് ഫാദറില്‍ ഏതു പ്രേക്ഷകനെയും ബോറടിപ്പിക്കാതെ ഇരുത്തുന്ന കഴമ്പുള്ള ഒരു പ്രമേയമുണ്ടായിരുന്നു. ഗ്രേറ്റ് ഫാദറിന്റെ തുടര്‍വിജയം ആവര്‍ത്തിക്കാന്‍ കഴിയാതെ പോകുന്ന മമ്മൂട്ടി എന്ന നടനും. താരത്തിനും പുള്ളിക്കാരന്റെ മെല്ലപ്പോക്ക് ക്ഷീണം ചെയ്യുമെന്നത് തീര്‍ച്ചയാണ്.
Post Your Comments