GeneralNEWS

ദിലീപിന് പിന്തുണയേറുന്നു ; നിലപാട് തിരുത്തി സിനിമാ സംഘടനകള്‍

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു നടന്‍ ദിലീപിനെ പുറത്താക്കിയ സിനിമാ സംഘടനകള്‍ തങ്ങളുടെ നിലപാട് മാറ്റുന്നു. കോടതി ശിക്ഷിക്കും വരെ ദിലീപിനെ കൈവിടണ്ട എന്ന തീരുമാനത്തിലാണ് താരസംഘടനയായ അമ്മയും, നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും. ദിലീപ് അറസ്റ്റിലായതിന് തൊട്ടുപിന്നാലെ ചലച്ചിത്ര സംഘടനകള്‍ ദിലീപിനെ തള്ളിപ്പറഞ്ഞതും പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഉള്‍പ്പെടെ പുറത്താക്കിയതും തുടര്‍ച്ചയായ മാധ്യമ വിചാരണയിലൂടെ സൃഷ്ടിക്കപ്പെട്ട പൊതുബോധത്തെ പരിഗണിച്ചാണെന്നാണ് അമ്മയുടെയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വാദം.

ജനറല്‍ സെക്രട്ടറിയായ മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അടിയന്തര യോഗമാണ് ട്രഷറര്‍ സ്ഥാനത്ത് നിന്ന് ദിലീപിനെ നീക്കി താരത്തെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സംഘടനയിലെ വലിയൊരു വിഭാഗത്തിന് തിടുക്കപ്പെട്ട് എടുത്ത ഈ തീരുമാനത്തില്‍ അതൃപ്തിയുണ്ടായിരുന്നു. പിന്നീട് ഇവര്‍ അമ്മ നേതൃത്വത്തെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് കെ ബി ഗണേഷ് കുമാര്‍ ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചത് താരസംഘടനയുടെ നിലപാട് അറിയിക്കാനാണെന്നും സൂചനയുണ്ട്. ദിലീപിനെ പുറത്താക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അമ്മയിലെ ഭൂരിപക്ഷം അംഗങ്ങളും ദിലീപിനൊപ്പം ഉണ്ടെന്നും ഗണേഷ് പറഞ്ഞതായാണ് സൂചന.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഇതേ വിഷയത്തില്‍ സമാനമായ നിലപാടാണ്‌ എടുത്തിരിക്കുന്നത്. നിയമനടപടികളില്‍ ഉള്‍പ്പെടെ ദിലീപിനെ പിന്തുണയ്ക്കാനാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനം. ദിലീപിനെ പുറത്താക്കിയ യോഗത്തില്‍ പൃഥ്വിരാജ്, രമ്യാ നമ്പീശന്‍ തുടങ്ങിയവരുടെ നിലപാടും നിര്‍ണായകമായിരുന്നു. കടുത്ത നിലപാട് എടുത്തില്ലങ്കില്‍ പ്രതിഷേധം പരസ്യമാക്കുമെന്ന് പൃഥ്വിരാജ് യോഗത്തില്‍ അറിയിച്ചിരുന്നു.

ചലച്ചിത്ര സംഘടനകള്‍ ദിലീപിനെ കൈവിടില്ലെന്നും അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവയിലെ ഭൂരിഭാഗം അംഗങ്ങളും ദിലീപ് നിരപരാധിയെന്നാണ് വിശ്വസിക്കുന്നതെന്നും സന്ദര്‍ശിച്ചവര്‍ താരത്തെ അറിയിച്ചെന്നാണ് അറിയുന്നത്.ക്രിമിനലായ പള്‍സര്‍ സുനിയുടെ വാക്കുകള്‍ വിശ്വസിച്ച് ദിലീപിനെ കുടുക്കിയെന്നാണ് ചലച്ചിത്ര സംഘടനകളുടെ നേതൃത്വത്തിലുള്ളവര്‍ ആരോപിക്കുന്നത്.

 
 
 

shortlink

Post Your Comments


Back to top button