പ്രിയദർശിനി ടീച്ചർ തലശ്ശേരിക്കാർക്കു ചിരപരിചിതയാണ്.പ്രണയം മരണത്തെയും വെല്ലും’ എന്ന, ഗ്രീക്ക് നോവലിസ്റ്റ് കസാൻദ് സാക്കിസിന്റെ വചനമാണ് പ്രിയദർശിനി തന്റെ ജീവിതത്തിലൂടെ വ്യക്തമാക്കിത്തരുന്നത്.ആ പ്രണയത്തിന്റെ കഥയ്ക്ക് ചലച്ചിത്ര ഭാഷ്യം നൽകി ലോകരെ അറിയിക്കാൻ ഒരുങ്ങുകയാണ് കൊച്ചിയിൽനിന്നുള്ള നവാഗത സംവിധായകൻ ഗഫൂർ ഇല്യാസ് (പരീത് പണ്ടാരി ഫെയിം).
ഒരു ഭ്രാന്തിയായ നാടോടി സ്ത്രീ എന്നതിലുപരി തലശ്ശേരിയിൽ നിന്നും ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ പാകത്തിന് പ്രിയദർശിനി ടീച്ചറിന്റെ കഥ പുറത്തുവന്നത് സഞ്ചാരിയും ബ്ലോഗെഴുത്തുകാരനുമായ പർവേസ് ഇലാഹിയുടെ ഒരു പിക്സലന്റ്’ ഫോട്ടോയുടെ അകമ്പടിയിൽ തലശ്ശേരി ലവേഴ്സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ്.
സ്റ്റേഡിയത്തിനടുത്തുള്ള ‘ഉപ്പിലിട്ട പീടിക’യുടെ, പരിസരത്ത് വെച്ച് കാലത്ത് അണിഞ്ഞൊരുങ്ങുന്ന മനോരോഗിണിയെപ്പറ്റി ആദ്യം കേട്ടത് ഒരു പതിറ്റാണ്ട് മുൻപാണ്.തലശ്ശേരിയുടെ തെരുവുകളിലും റെയിൽവേസ്റ്റേഷൻ പരിസരത്തുമായി കറങ്ങി നടക്കുന്ന പ്രിയദർശിനി ടീച്ചർ തലശ്ശേരിയിലെ ഏതോ ഒരു സ്കൂളിലെ അധ്യാപികയായിരുന്നു.സ്കൂളിലെ അധ്യാപനത്തിനിടയിൽ മംഗലാപുരം- ചെന്നൈ റൂട്ടിലോടിയിരുന്ന മദ്രാസ് മെയിലിലെ ലോക്കോ പൈലറ്റിൽ ഒരാളുമായി പ്രണയത്തിലാവുകയും പിന്നീട് ഒരപകടത്തെ തുടർന്ന് അയാൾ മരണപ്പെട്ടപ്പോൾ ആ വേർപാടിൽ താളം തെറ്റിയ മനസ്സുമായി അലഞ്ഞു തുടങ്ങിയതാണ് തലശ്ശേരിക്കാരുടെ ഭ്രാന്തിയും ക്ളിയോപാട്രയുമൊക്കെയായ പ്രിയദർശിനി ടീച്ചർ.
വേഷഭൂഷാദികളിലുള്ള വൈചിത്ര്യവും കൈയിൽ തൂങ്ങിക്കിടക്കുന്ന ഹാൻഡ്ബാഗും കന്നാസുമായുള്ള അവരുടെ ഒരുങ്ങി വരവാണ് ടീച്ചറിന് ക്ളിയോപാട്ര എന്ന പേര് ലഭിക്കാനുള്ള കാരണമെന്ന് പറയുന്നു തലശ്ശേരിക്കാർ.തന്റെ പെണ്ണ്, തന്നെ ഇങ്ങനെ സ്നേഹിച്ച് കാത്തിരിക്കുമോ എന്ന് അസൂയയോടെ ചോദിക്കുന്ന കാമുകന്മാരെ സൃഷ്ടിക്കാൻ പ്രിദര്ശിനി ടീച്ചറിന്റെ പ്രണയത്തിനു കഴിഞ്ഞിരിക്കുന്നു എന്നതാണ് സത്യം.
Post Your Comments