CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

കഥാപാത്രങ്ങളെ ഉൾക്കൊണ്ട് അഭിനയിക്കാം എന്ന് വിചാരിച്ചാൽ ലാൽ സമ്മതിക്കില്ല..!

ശ്രദ്ധിച്ച് സംഭാഷണങ്ങൾ പഠിച്ച് അതിലെ കഥാപാത്രങ്ങളെ ഉൾക്കൊണ്ട് അഭിനയിക്കാം എന്ന് വിചാരിച്ചാൽ മോഹന്‍ലാൽ സമ്മതിക്കില്ലയെന്നു നടന്‍ സിദ്ധിഖ്. മോഹൻലാലിനുള്ള ആദരവായി മനോരമ ഓൺലൈൻ അവതരിപ്പിയ്ക്കുന്ന വേഷങ്ങൾ എന്ന സമ്പൂർണ മോഹൻലാൽ ആപ് പ്രകാശന ചടങ്ങിലാണ് ലാലിനൊപ്പം അഭിനയിക്കുമ്പോഴുള്ള പ്രയാസങ്ങളെ കുറിച്ച് സിദ്ധിഖ് സംസാരിച്ചത്.

”മറ്റ് നടന്മാരോടൊപ്പം അഭിനയിക്കുന്നതിനെക്കാൾ മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ ഉള്ള വിഷമം എന്നത് ഒരു സീൻ മോശമായാൽ അത് മോഹൻലാലിൻറെ കുറ്റമായിരിക്കില്ല. ഞാൻ കാരണമാവും. അപ്പോൾ ആ സീൻ നന്നാക്കാനുള്ള ബാധ്യത ലാലിനെക്കാൾ കൂടുതൽ എനിക്കായിരിയ്ക്കും. അദ്ദേഹം തമാശകൾ പറഞ്ഞുകൊണ്ടിരിയ്ക്കും. അദ്ദേഹത്തിന് ആക്ഷൻ പറയുന്ന സെക്കൻറിൽ അഭിനയിക്കാൻ സാധിക്കും. നമുക്കതിന് കഴിയില്ല.”

ദൃശ്യം എന്ന ചിത്രത്തിൻറെ ക്ലൈമാക്സിൽ ലാലിനോട് ചെന്ന് എൻറെ മകൻ ജീവിച്ചിരിപ്പുണ്ടോ എന്ന് ആകാംക്ഷയോടെ ചോദിയ്ക്കുന്ന ഒരു രംഗമുണ്ട്. തൊടുപുഴയിലെ ഒരു ഡാമിന് അടുത്താണ് ആ രംഗം ചിത്രീകരിയ്ക്കുന്നത്. ഡാമിലെ വെള്ളം പൊങ്ങി കുറച്ച് കരയിലേക്ക് കയറിയിട്ടുണ്ട്. അവിടെ കാക്കകളും കൊക്കുമൊക്കെ മീനിനെ പിടിക്കാൻ വരുന്നുണ്ട്. ആ രംഗത്ത് ലാലിന് സംഭാഷണങ്ങൾ കുറവാണ്. എനിക്കാണ് അധികം. ഞാൻ കഷ്ടപ്പെട്ട് സംഭാഷണം പറഞ്ഞ് പഠിയ്ക്കുകയാണ്. ആ സമയത്ത് ലാൽ അടുത്ത് വന്നിട്ട് ‘അണ്ണാ ഈ കാക്ക കുളിച്ചാൽ കൊക്കാകില്ല എന്ന് പറയുന്നത് ചുമ്മാതെയാണ്. എത്രയോ കാക്കകൾ കുളിച്ചിട്ട് കൊക്കായി’ പിന്നെയും ലാൽ ഇത് തന്നെ ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. നിങ്ങൾ കണ്ടിട്ടുണ്ടോ ഇതിന് മുൻപ് കാക്ക കുളിച്ച് കൊക്കാകുന്നത്. അപ്പോഴേക്കും സംവിധായകൻ ആക്ഷൻ പറഞ്ഞാൽ ലാൽ ശരിയായി സംഭാഷണം പറയും.. കഥാപാത്രമായി മാറും. എന്റെ ഭാഗത്ത് എത്തുമ്പോൾ ഞാൻ ഒരുവിധം പറഞ്ഞ് ഒപ്പിയ്ക്കുകയായിരുന്നു.” സിദ്ധിഖ് പറയുന്നു

ലാലിൻറെ കൂടെ അഭിനയിക്കുക വളരെ പ്രയാസമുള്ള കാര്യമാണ്. ലാൽ കഥാപാത്രമായി മാറുന്നു എന്നൊക്കെ പറഞ്ഞ് കേൾക്കുമ്പോൾ നമുക്ക് അത്ഭുതം തോന്നും. ഇതൊന്നും ഭാവിക്കാതെ അവിടെ ചുമ്മാ നിന്ന് സിനിമ കാണാൻ വരുന്ന ലാഘവത്തോടു കൂടി സംഭാഷണം പറയേണ്ട സമയത്ത് പറഞ്ഞ് പോവും. അതാണ് ലാലിന്റെ രീതിയെന്നും സിദ്ധിഖ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button