GeneralLatest NewsNEWS

എന്തിനാണ് ഇങ്ങനെ ലക്ഷങ്ങൾ ചിലവഴിച്ചു ഈ കൂത്ത് നടത്തുന്നത്; ഡോ. ബിജു

സംസ്ഥാന അവാർഡ് നിശയെ വിമർശിച്ച് ഡോ. ബിജു. സംസ്ഥാന അവാർഡ് വിതരണ ചടങ്ങുകൾ സ്വകാര്യ ചാനലുകളുടെ അവാര്‍ഡ് ചടങ്ങുകൾ സ്വകാര്യ ചാനലുകളുടെ അവാര്‍ഡ് നിശപോലെ വലിയൊരു മാമാങ്കമായി മാറ്റിയിരിക്കുകയാണെന്നാണ് ബിജു പറയുന്നത്.

ഡോ. ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

അപ്പൊ 10 ന് തലശേരിയിൽ സർക്കാർ വക വലിയ സിനിമാ താര മാമാങ്കം നടക്കുന്നു. വൻ ഉത്സവം ആണ് എന്നാണ് വിവരം. പ്രമുഖ നടന്മാരെയും നടിമാരെയും ആദരിക്കൽ എന്ന കലാ പരിപാടി, താരങ്ങളുടെ സാനിധ്യം എന്ന ഒഴിച്ചു കൂടാനാവാത്ത ഗ്ലാമർ ഇനം, മിമിക്‌സ് പരേഡ്, നൃത്യ നൃത്തങ്ങൾ തുടങ്ങി വമ്പൻ സ്റ്റേജ് ഷോ ആണത്രേ ..ഈ മെഗാ ഷോയുടെ ഇടയിൽ സമയം കിട്ടുമ്പോൾ ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് കിട്ടിയവർക്ക് പുരസ്കാരവും നല്കുമത്രേ.. ചടങ്ങുകളുടെ പേര് ഏതായാലും സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം എന്നാണ്. (തെറ്റിദ്ധരിക്കേണ്ട ഏഷ്യാനെറ്റ് ഫിലിം അവാർഡ് എന്നല്ല). ഈ മാമാങ്കത്തിന് സർക്കാർ മുടക്കുന്ന പണം നല്ല സിനിമകളുടെ നിർമാണത്തെയും പ്രദർശനത്തെയും പ്രോത്സാഹിപ്പിക്കാനായി വിനിയോഗിച്ചിരുന്നെങ്കിൽ മലയാള സിനിമ സാംസ്കാരികമായി എത്ര മാത്രം മുന്നോട്ട് പോകുമായിരുന്നു.

മറാത്തയും ബംഗാളും യു പി യും എന്തിന് ഗുജറാത്ത് പോലും നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത് താരപ്പകിട്ടോടെ സ്റ്റേജ് ഷോകൾ നടത്തിയല്ല മറിച്ചു കലാമൂല്യ സിനിമകൾക്ക് സബ്‌സിഡി ഏർപ്പെടുത്തിയും തിയറ്റർ പ്രദർശന സാധ്യതകൾ ഉറപ്പ് വരുത്തിയും അതിനായി നിയമ നിർമാണം നടത്തിയും ഒക്കെ ആണ്. നമ്മൾ ഇവിടെ ഇങ്ങനെ സർക്കാർ പുരസ്‌കാര വിതരണ ചടങ്ങ് പോലും അതിന്റെ പ്രാധാന്യവും അന്തസ്സത്തയും മറന്ന് താരങ്ങളെ സ്റ്റേജിൽ ആനയിച്ചു സായൂജ്യം അടയുകയും മിമിക്രി തമാശകൾ കേട്ട് ചിരിച്ചു കുഴയുകയും സിനിമാറ്റിക് ഡാൻസ് കണ്ട് കണ്ണഞ്ചി ഇരിക്കുകയും ചെയ്യാനുള്ള വേദിയാക്കി മാറ്റി ആനന്ദിച്ച് ഇരുന്നോളൂ..സിനിമ എന്നത് സാംസ്കാരികമായ ഒന്നാണ് എന്ന കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കേണ്ട സർക്കാർ പോലും അതിനെ വെറും വിനോദ ഉപാധി ആയി മാത്രം നോക്കിക്കാണാൻ തുടങ്ങിയാൽ പിന്നെ എന്ത് പറയാൻ.

പ്രിയപ്പെട്ട അക്കാദമി ഒരു കാര്യം മാത്രം ഇടയ്ക്ക് ഒന്ന് ഓർമിക്കാൻ സമയം കണ്ടെത്തണേ. സിനിമയിൽ അർത്ഥവത്തായ കലാപരമായ ഇടപെടലുകൾ നടത്തിയവർക്ക് ഒരു സംസ്ഥാനം നൽകുന്ന ആദരവ് ആണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരം. അത് നൽകുന്നത് അങ്ങേയറ്റം ആദരവോടെ തികച്ചും സംസ്കാര പൂർണ്ണമായ ഒരു ചടങ്ങിൽ വെച്ചാകണം .അല്ലാതെ സ്റ്റേജ് ഷോ മാമാങ്കം നടത്തിയില്ല. അവാർഡ് എന്നാൽ ഒരു പക്ഷെ അക്കാദമിയുടെയും സിനിമാ വകുപ്പിന്റെയും മനസ്സിൽ ടെലിവിഷൻ ചാനൽ ഷോകളുടെ അവാർഡ് എന്ന ബോധം മാത്രം ഉള്ളത് കൊണ്ടായിരിക്കാം ഇത്തരം താര മാമാങ്കങ്ങൾ നിങ്ങൾ തുടർച്ചയായി നടത്തുന്നത്. കുറഞ്ഞ പക്ഷം ദേശീയ അവാർഡ് വിതരണം ടെലിവിഷനിൽ എങ്കിലും കണ്ടു നോക്കി ആ മാതൃക പിന്തുടരൂ. രാഷ്ട്രപതി ഒരു രാഷ്ട്രത്തിന്റെ അംഗീകാരം തികച്ചും ഔദ്യോഗികമായ രീതിയിൽ ആണ് ദേശീയ പുരസ്‌കാര വിതരണം നടത്തുന്നത്. അവിടെ അവാർഡ് ലഭിച്ചവർക്കാണ് പ്രാമുഖ്യം. മറ്റ് താര ക്ഷണിതാക്കളും വിനോദ മാമാങ്കങ്ങളും ഇല്ല.അതേപോലെ മുഖ്യമന്ത്രിയും ഗവർണറും ഉൾപ്പെട്ട ഒരു സദസ്സിൽ തികച്ചും ലളിതമായി എന്നാൽ ഔദ്യോഗിക ഗൗരവബോധത്തോടെ സംസ്ഥാന സർക്കാർ സിനിമാ പുരസ്‌കാര ചടങ്ങ് നടത്തിക്കൂടെ. എന്തിനാണ് ഇങ്ങനെ ലക്ഷങ്ങൾ ചിലവഴിച്ചു ടെലിവിഷൻ അവാർഡ് മാമാങ്കങ്ങളുടെ രീതി അനുകരിച്ച് ഈ കൂത്ത് നടത്തുന്നത്…ഏതായാലും മുൻകൂർ ആശംസകൾ എല്ലാ പുരസ്‌കാര ജേതാക്കൾക്കും. ആൾക്കൂട്ടത്തിനിടയിൽ നിങ്ങൾക്ക് സദസ്സിൽ ഇരിക്കാൻ ഒരു കസേര എങ്കിലും കിട്ടട്ടെ എന്നാണ് ആ ആശംസ…കഴിഞ്ഞ വർഷം പുരസ്‌കാര ജേതാക്കളിൽ പലർക്കും ഇരിക്കാൻ പോലും കസേര കിട്ടിയിരുന്നില്ല എന്നത് ഓർമിക്കുക..അപ്പൊ ഇത്തവണ എല്ലാ ആശംസകളും.

shortlink

Related Articles

Post Your Comments


Back to top button