ഓണം എപ്പോഴും ഓര്‍മ്മകളുടെയും കൂട്ടായ്മയുടെയും ദിനങ്ങളാണ്. ഈ ഓണക്കാലത്ത് അമൂല്യമായ സമ്മാനം ലഭിച്ച സന്തോഷത്തിലാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. അച്ഛന് ഭരത് ഗോപിക്കൊപ്പം ഇരിക്കുന്ന അപൂര്‍വമായൊരു ചിത്രമാണ് ആ സമ്മാനം.
ചില സമ്മാനങ്ങളുടെ മൂല്യം നമുക്ക് വിലമതിക്കാനാവില്ല. ചിറയിന്‍കീഴില്‍ നിന്ന് ഒരു കസിന് അയച്ചുകൊടുത്ത ആ ചിത്രം മുരളി ഗോപി ഫെയ്സ്ബുക്കില്‍ പങ്കുവച്ചു.
ഗ്രീഷ്മം എന്ന ചിത്രത്തിലെ ലുക്കുമായാണ് ഗോപി. കാറിന്റെ മുന്‍സീറ്റില്‍ ഇരിക്കുന്ന ഗോപിയുടെ നെഞ്ചില്‍ ചാരിയിരിക്കുകയാണ് കുഞ്ഞ് മുരളി.
അമ്മൂമ്മയെ കാണാന്‍ പോയ ഒരു യാത്രയ്ക്കിടെ എടുത്തതാണ് ഈ ചിത്രമെന്ന് മുരളി ഗോപി ഓര്‍ത്തെടുക്കുന്നു.
മുരളി ഗോപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
‘അച്ഛനുമായിയുള്ള ചിത്രങ്ങള്‍ ഉണ്ടോ? ‘എന്ന് ഓരോ അഭിമുഖം കഴിയുമ്ബോഴും എന്നോട് ആളുകള്‍ ചോദിക്കാറുണ്ട്. ‘വളരെ കുറച്ചേ ഉള്ളൂ’ എന്ന് പറയുമ്ബോള്‍ ‘അതെന്താ അങ്ങനെ?’ എന്ന് ചോദ്യം. വളരെ വിരളമായേ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മുന്നില്‍ ഒരു കുടുംബമായി ഞങ്ങള്‍ നിന്നിട്ടുള്ളൂ എന്നോര്‍ക്കുന്നു. അതുകൊണ്ട് തന്നെ, ഈ ചിത്രം ഇന്നെനിക്ക് ചിറയിന്‍കീഴില്‍ നിന്ന് കസിന് അയച്ചുതന്നപ്പോള്‍ വലിയ അത്ഭുതം തോന്നി. എന്നായിരുന്നു ഇത്? ഓര്‍മയില്‍ പരതി. കിട്ടി. അമ്മൂമ്മയെ കാണാന്‍ പോയ ഒരു യാത്ര. ‘ഗ്രീഷ്മം’ എന്ന സിനിമയിലെ ലുക്ക്. മുറ്റത്ത് കളിച്ചുകൊണ്ടുനിന്ന എന്നെയും കൂട്ടി. തിരികെവരാന്‍ ഒരുങ്ങുമ്ബോള്‍ എടുത്ത ചിത്രം. ഈ ഓണസമ്മാനം എന്നെ സന്തോഷിപ്പിക്കുന്നു. വല്ലാണ്ട്.
Post Your Comments